പി.സി. ജോര്‍ജ് ഇറങ്ങുന്നത്

Monday 11 March 2019 1:25 am IST

കോട്ടയം: പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവന യുഡിഎഫിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിക്കൂടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പി.സി.ജോര്‍ജിന്റെ നീക്കത്തിന് പിന്നില്‍.

എങ്ങനെയെങ്കിലും യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് പി.സി.യുടെ ആഗ്രഹം. അതില്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധിയെ ദല്‍ഹിയില്‍ വച്ച് കണ്ടതും. പി.സിയെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് താല്‍പര്യമാണ്. എന്നാല്‍ കെ.എം. മാണി വിഭാഗമാണ് ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തിന് തടയിടുന്നത്. മാണിയുടെ ഈ നീക്കത്തെ തടയാന്‍ പി.ജെ. ജോസഫുമായി ചേര്‍ന്ന് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

സിപിഎമ്മിന് പി.സി. ജോര്‍ജിനെ ഇടത് മുന്നണിയില്‍ എടുക്കുന്നതിനോട് താല്‍പര്യമില്ല. പ്രാദേശികതലത്തിലും സിപിഎമ്മുമായി ശക്തമായ ഭിന്നത നിലനില്‍ക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനപക്ഷത്തിന്റെ ശക്തമായ സ്വാധീനം തുറന്ന് കാട്ടിയെങ്കില്‍ മാത്രമേ യുഡിഎഫില്‍ കയറിക്കൂടാനാവൂ. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പി.സി. ജോര്‍ജ്് പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ദോഷം ചെയ്യും. കോണ്‍ഗ്രസിന്റെ  വോട്ടുകളാവും പി.സി. ജോര്‍ജ് ഏറെയും പിടിക്കുന്നത്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ആന്റോ ആന്റണിയും പി.സി. ജോര്‍ജും തമ്മിലുള്ള ഭിന്നത പണ്ടുമുതലേ ശക്തമാണ്. ഈ വിഷയവും പി.സി.യുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രധാന ഘടകമാണ്.   

ശബരിമല വിഷയം ശക്തമായ സ്വാധീനം ചെലുത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും വിശ്വാസികളുടെ എതിര്‍പ്പ് ശക്തമാണ്. ശബരിമല വിഷയത്തിലെ വോട്ട് ചോര്‍ച്ച മുന്നില്‍ കണ്ടാണ് യുഡിഎഫിന്റെ പരമ്പരാഗത ക്രൈസ്തവ വോട്ടുകളില്‍ സിപിഎം നോട്ടമിടുന്നത്. ഈ ലക്ഷ്യത്തിനാണ് വീണാ ജോര്‍ജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതും. 

പി.സിയും വീണാ ജോര്‍ജും ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ യുഡിഎഫിന് തലവേദനയാകും. ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാഞ്ഞതും യുഡിഎഫിന് ഭീഷണിയാണ്. എന്‍ഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥികൂടി എത്തുന്നതോടെ പത്തനംതിട്ടയിലെ മത്സരം കടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.