പുല്‍‌വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

Monday 11 March 2019 11:28 am IST
ജെയ്ഷെ മുഹമ്മദ് ഭീകരനായിരുന്ന മുദാസിര്‍ ഖാനാണ് പുൽവാമയിലെ ചാവേറാക്രമണത്തിന്‍റെ സൂത്രധാരന്‍. 23കാരനായ ബിരുദധാരിയായ ഇയാള്‍ ഒരു ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്.

ശ്രീനഗര്‍: പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ദക്ഷിണ കശ്മീരിലെ ത്രാലിൽ സൈന്യവുമായി നടന്ന ഏറ്റമുട്ടലിൽ മൊഹദ് ഭായ് എന്നു വിളിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരനായ മുദാസിര്‍ അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതായാണ് വിവരം. 

ജെയ്ഷെ മുഹമ്മദ് ഭീകരനായിരുന്ന മുദാസിര്‍ ഖാനാണ് പുൽവാമയിലെ ചാവേറാക്രമണത്തിന്‍റെ സൂത്രധാരന്‍. 23കാരനായ ബിരുദധാരിയായ ഇയാള്‍ ഒരു ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ഐടിഐയിൽ നിന്ന് ഇലക്ട്രീഷൻ ഡിപ്ലോമയും കരസ്ഥമാക്കി. പുൽവാമയിലെ ചാവേറാക്രമണത്തിന് ആവശ്യമായ വാഹനവും സ്ഫോടകവസ്തുക്കളും എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. 

ത്രാലിലെ മിര്‍ മൊഹല്ല സ്വദേശിയായ മുദാസിര്‍ ഖാൻ 2017ലാണ് ജെയ്ഷെ മുഹമ്മദിന്‍റെ ഭാഗമാകുന്നത്. കശ്മീര്‍ താഴ്വരയിൽ ജെയ്ഷെ മുഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കിയ നൂര്‍ ത്രാലി എന്നറിയപ്പെടുന്ന ജെയ്ഷെ നേതാവ് വഴിയാണ് ഇയാള്‍ ഭീകരസംഘത്തിലേയ്ക്ക് എത്തിയത്. നൂര്‍ മുഹമ്മദ് താന്ത്രേ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. 2017ൽ നൂര്‍ ത്രാലി കൊല്ലപ്പെട്ടതിനു ശേഷം 2018 ജനുവരി 14ന് ഇയാള്‍ വീട്ടിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. പുൽവാമയിൽ സ്ഫോടനം നടത്തിയ ചാവേര്‍ ആദിൽ അഹമ്മദ് ദര്‍ മുദാസിര്‍ ഖാനുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.