എത്യോപ്യന്‍ വിമാനപകടം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാര്‍

Monday 11 March 2019 5:28 pm IST

ആഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോക്പിറ്റ്  വോയിസ് റെക്കോര്‍ഡററും ഡിജിറ്റല്‍ ഫ്‌ളെറ്റ്  ഡാറ്റാ റെക്കോര്‍ഡറുമാണ് കണ്ടെത്തിയത്. ഇതിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകട  കാരണം വ്യക്തമാകുകയുള്ളൂ.

അതേസമയം വിമാനാപകടത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും. പരിസ്ഥിതി മന്ത്രാലയത്തിലെ യുഎന്‍ കണ്‍സള്‍ട്ടന്റ് ശിഖ ഗാര്‍ഗ്, ഭാസ്‌കര്‍ വൈദ്യ, ഹന്‍സിനി പന്നഗേഷ് വൈദ്യ, നുകവരപ്പു മനീഷ എന്നിവരാണ് മരിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ശിഖ നെയ്‌റോബിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയത്. ഇന്ത്യക്കാരുടെ മരണത്തില്‍ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കെനിയയിലേയും എത്യേപ്യയിലേയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അപകടം. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലെ ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനജോലിക്കാരുള്‍പ്പെടെ 157 പേര്‍ മരിച്ചിരുന്നു. 35 രാജ്യങ്ങളില്‍ നിന്നായി ബിസിനസുകാരും, വിനോദസഞ്ചാരികളുമുള്‍പ്പെടെയുള്ള യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.