കുമ്മനത്തിന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം

Tuesday 12 March 2019 9:52 am IST
വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍‌ഡി‌എയുടെ വിജയം ഉറപ്പെന്ന് കുമ്മനം പറഞ്ഞു. കേരളത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി രാജി വച്ച് തിരുവനന്തപുരത്ത് എത്തിയ കുമ്മനം രാജശേഖരന് ഉജ്ജ്വല സ്വീകരണം. കുമ്മനത്തിന്റെ വരവും പ്രതീക്ഷിച്ച് ആയിര കണക്കിന് പ്രവര്‍ത്തകരാണ്  വിമാനത്താവളത്തില്‍ രാവിലെ മുതല്‍ എത്തിയത്. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ രാജകീയ തലപ്പാവ് അണിയിച്ചായിരുന്നു സ്വീകരണം. 

ഒ രാജഗോപാല്‍ എംഎല്‍എ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള, നേതാക്കളായ പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എം.എസ് കുമാര്‍, ജെ.ആര്‍ പത്മകുമാര്‍,   ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി,മാധവന്‍ നായര്‍,  പോലീസ് മുന്‍ മേധാവി ടി പി സെന്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സ്വീകരിക്കാനെത്തി.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന്  കുമ്മനം  മാധ്യമങ്ങളോടു പറഞ്ഞു. ശബരിമല   ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കും  അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം ഉറപ്പാണ്. കേരളത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കും.

അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും ആവില്ല.. തുറന്ന മനസ്സോടെയാണ്  തിരിച്ചു വന്നിരിക്കുന്നത്. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംഘടനയാണ്. സംഘടന ഏല്‍പ്പിക്കുന്ന ഏത് ചുമതലയും വഹിക്കാന്‍ തയ്യാറാണ് - കുമ്മനം വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ നിരവധി ബൈക്കുകളുടെ അകമ്പടിയോടെ  പേട്ട, ജനറല്‍ ആശുപത്രി, എല്‍എംഎസ്. പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തിയ കുമ്മനത്തിന് വഴിയിലുടെ നീളെ സ്വീകരണം ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.