മോദി തരംഗത്തില്‍ മമത പതറുന്നു

Wednesday 13 March 2019 2:20 am IST
പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എന്താണോ ഭയന്നിരുന്നത് അത് സംഭവിച്ചിരിക്കുന്നു എന്നര്‍ത്ഥം. പ്രതിപക്ഷ നേതാക്കളില്‍ ആരാണ് മോദി തരംഗത്തെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്നു ചോദിച്ചാല്‍ ഒട്ടും മടിക്കാതെ ഉത്തരം പറയാം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മറ്റ് പല സംസ്ഥാനങ്ങളെയുംപോലെ ബംഗാളിലും മോദി തരംഗം ഉയര്‍ന്നുവരുന്നു എന്നത് മമതയെ അസ്വസ്ഥയാക്കുന്നു.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരു  ജയിക്കും ആരു തോല്‍ക്കും എന്നു കണ്ടെത്താനുള്ള എളുപ്പവഴി മോദി തരംഗമുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുകയാണ്. റിപ്പബ്ലിക് ടിവി  സി-വോട്ടറുമായി ചേര്‍ന്നു നടത്തിയ ദേശീയ അപ്രൂവല്‍ റേറ്റിങ്ങില്‍ ഇത് വ്യക്തമായിരിക്കുന്നു. രാജ്യത്ത് ഒരിക്കല്‍ക്കൂടി മോദി തരംഗം വീശിയടിക്കുന്നു എന്നാണ് സര്‍വേ ഫലത്തില്‍ തെളിയുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊതുബജറ്റ് അവതരിപ്പിച്ച ഇക്കഴിഞ്ഞ ഫെബ്രുവരിയുടെ തുടക്കം 39.1% ആയിരുന്നു മോദിതരംഗമെങ്കില്‍, പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ ഫെബ്രുവരി 26 അത് 51.9% ആയി ഉയര്‍ന്നു. മാര്‍ച്ച് ഏഴിലെ നിലയനുസരിച്ച് 63.2% ആണ് മോദിക്കുള്ള സ്വീകാര്യത.

പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എന്താണോ ഭയന്നിരുന്നത് അത് സംഭവിച്ചിരിക്കുന്നു എന്നര്‍ത്ഥം. പ്രതിപക്ഷ നേതാക്കളില്‍ ആരാണ് മോദി തരംഗത്തെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്നു ചോദിച്ചാല്‍ ഒട്ടും മടിക്കാതെ ഉത്തരം പറയാം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മറ്റ് പല സംസ്ഥാനങ്ങളെയുംപോലെ ബംഗാളിലും മോദി തരംഗം ഉയര്‍ന്നുവരുന്നു എന്നത് മമതയെ അസ്വസ്ഥയാക്കുന്നു. 2014-നെ അപേക്ഷിച്ച് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബംഗാളിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

തൃണമൂലിന് ദുഃഖം, തിരിച്ചടികളേറെ

ബംഗാളില്‍ ഭരണകക്ഷിയായ മമതയുടെ കോണ്‍ഗ്രസ്സ് ഇപ്പോഴും ശക്തമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ സംസ്ഥാനത്ത് ബിജെപി അതിവേഗം ശക്തിയാര്‍ജിക്കുന്നു എന്നതും അനിഷേധ്യമായ സത്യമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് കാണാന്‍ കഴിഞ്ഞു. പഴയ മാവോയിസ്റ്റ് മേഖലകളും ഗോത്രവര്‍ഗ പ്രദേശങ്ങളും ബിജെപിയിലേക്ക് തിരിയാന്‍ തുടങ്ങിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 85% സീറ്റുകളും തൃണമൂലിന് നേടാനായെങ്കിലും പലയിടങ്ങളിലും ബിജെപി അപ്രതീക്ഷിതമായ മുന്നേറ്റമുണ്ടാക്കിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു.

പുരുളിയ, ജാര്‍ഗ്രാം, ബാങ്കുറ, ദക്ഷിണ ദിനാജ്പൂര്‍, ഉത്തര്‍ ദിനാജ്പൂര്‍, ബീര്‍ഭും, പശ്ചിം മേദിനിപൂര്‍, മാല്‍ഡ, ജല്‍പായ്ഗുരി ജില്ലകളില്‍ ബിജെപി തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തൃണമൂല്‍  അഴിച്ചുവിട്ട വന്‍തോതിലുള്ള അക്രമങ്ങള്‍ക്കിടെയാണിത്. മുര്‍ഷിദാബാദ് ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍പോലും തട്ടിക്കൊണ്ടുപോവുകയുണ്ടായി. ബിജെപിയുടെ പ്രകടനത്തില്‍ മമതയുടെ രോഷമേറ്റ് മൂന്നു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മമത വലിയ വിജയം നേടി. എന്നാല്‍ 2014-18 കാലയളവില്‍ പ്രതിപക്ഷമായ ഇടതുപാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സിന്റെയും ജനപിന്തുണയില്‍ കനത്ത ഇടിവ് സംഭവിച്ചു. ഇതുമൂലം നേട്ടം കൊയ്തത് ബിജെപിയാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 34 സീറ്റും നേടിയത് തൃണമൂലാണ്. കോണ്‍ഗ്രസ്സിന് നാല് സീറ്റ് കിട്ടിയപ്പോള്‍ ബിജെപിയും സിപിഎമ്മും രണ്ട് വീതം സീറ്റുകള്‍ നേടി. ബാബുല്‍ സുപ്രിയോ (അസന്‍സോള്‍), എസ്.എസ്. അലുവാലിയ (ഡാര്‍ജിലിങ്) എന്നിവരാണ് ബിജെപി എംപിമാര്‍.

ബാബുല്‍ സുപ്രിയോ, എസ്.എസ്. അലുവാലിയ

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുളിയ, ജാര്‍ഗ്രാം, അലിപുദ്വാര്‍, കൂച്ബിഹാര്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇടതു കോട്ടകളായി അറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വലിയ നേട്ടം കൊയ്തു. ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. തൃണമൂല്‍ വിരുദ്ധ വോട്ടര്‍മാര്‍ ഇടതുപാര്‍ട്ടികളില്‍നിന്നും കോണ്‍ഗ്രസ്സില്‍നിന്നും ബിജെപിയിലേക്ക് ചാഞ്ഞു. ഇപ്പോഴത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇടതുകോട്ടകള്‍ ബിജെപിക്കൊപ്പം

ഫലത്തില്‍ ബിജെപിയാണ് ഇപ്പോള്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. ഇതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും പ്രതീക്ഷയും ഭയവും തമ്മിലുള്ള ഏറ്റുമുട്ടലാണ്.  ഇടതുപക്ഷ ഭരണകാലത്ത് നടന്നതുപോലെയോ, ഒരുപക്ഷേ അതിനേക്കാള്‍ വലിയ തോതിലോ ഉള്ള ആക്രമണങ്ങളാണ് മമത ഭരണത്തില്‍ തങ്ങള്‍ നേരിടുന്നതെന്ന് ഹിന്ദുക്കള്‍ കരുതുന്നു. ഗ്രാമീണ ജനതയില്‍നിന്ന് തൃണമൂല്‍ നേതാക്കള്‍ ഗുണ്ടാപ്പിരിവുവരെ നടത്തുന്നു. ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങള്‍ നിരവധിയാണ്.

മൂന്നു പ്രമുഖ സമുദായങ്ങള്‍ ബിജെപിയോട് അടുക്കുന്നു എന്നതാണ് മറ്റൊന്ന്. ഗോത്രവര്‍ഗക്കാര്‍, മാതുവ വിഭാഗക്കാര്‍, ബംഗാളികളല്ലാത്ത മാര്‍വാഡികള്‍ എന്നിവയാണവ. വിഭജനകാലത്ത് ഇപ്പോഴത്തെ ബംഗ്ലാദേശായ, കിഴക്കന്‍ ബംഗാളില്‍നിന്ന് പലായനം ചെയ്ത മാതുവ സമുദായം ഏതാണ്ട് ഒറ്റക്കെട്ടായി ബിജെപിക്കു പിന്നില്‍ അണിനിരക്കുകയാണ്. തൃണമൂല്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് ഈ സമുദായക്കാര്‍ കരുതുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന ഇവരുടെ പിന്തുണ നഷ്ടമാകുന്നതില്‍ മമത കനത്ത ആശങ്കയിലാണ്. ജാര്‍ഗ്രാം, അലിപുരദ്വാര്‍ തുടങ്ങിയ ഇടങ്ങളിലെ ഗോത്രവര്‍ഗക്കാരില്‍ 70-80% ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.

സംസ്ഥാനത്ത് 30% ആണ് മുസ്ലിം ജനസംഖ്യ. ഇതില്‍ 99% മമതയെ പിന്തുണയ്ക്കുന്നുവെന്നാണ് അവകാശവാദം. ഇതും ഇപ്പോള്‍ മറ്റൊരുതരത്തില്‍  തൃണമൂലിന് തിരിച്ചടിയാവുകയാണ്. മുസ്ലിം വോട്ടുബാങ്കിനെ പിന്തുണയ്ക്കാന്‍ ഏതറ്റംവരെയും പോകുന്ന മമത ഇതിനായി രാജ്യദ്രോഹപരമെന്നുപോലും പറയാവുന്ന നിലപാടുകള്‍ സ്വീകരിക്കുകയും, പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു. ഇത് ഹിന്ദുക്കളില്‍ വലിയതോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. 30-35% മുസ്ലിം വോട്ടുള്ള മണ്ഡലത്തിലെ ധ്രുവീകരണം ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പുറമേ ഇലയും പൂവും അകമേ താമര

കഴിഞ്ഞ വര്‍ഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കൂടുതല്‍ സീറ്റ് നേടിയെങ്കിലും പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ കുറവുണ്ടായി. മാത്രമല്ല ജനങ്ങള്‍ എതിരായി വോട്ടുചെയ്യുമെന്ന് കരുതിയിടത്തൊക്കെ തൃണമൂലുകാര്‍ വലിയ ആക്രമണങ്ങള്‍ നടത്തി അത് തടഞ്ഞു. ഇത് ജനങ്ങളില്‍ വലിയ അമര്‍ഷം നിറച്ചിരിക്കുകയാണ്. പുറമേയ്ക്ക് തൃണമൂലുകാരായി കാണപ്പെടുന്ന പലരും ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതില്‍ ബിജെപി നേതൃത്വം വിജയിച്ചിട്ടുണ്ട്.  ഇത് തടയുന്നതിനാണ് ബിജെപി നേതാക്കളുടെ യോഗങ്ങള്‍ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടാനായ ബിജെപി ഇക്കുറി ക്രമാനുഗതമായ വര്‍ധനയല്ല പ്രതീക്ഷിക്കുന്നത്. പല അഭിപ്രായ സര്‍വേകളും ബിജെപി എട്ട് സീറ്റുവരെ നേടുമെന്നാണ് പ്രവചിക്കുന്നതെങ്കിലും 25-26 സീറ്റുകളില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാണെന്ന് ബിജെപി നേതൃത്വം കരുതുന്നു. ഇവിടെയാണ് മോദിതരംഗം രാസത്വരകമായി മാറാന്‍ പോകുന്നത്. 20 ലേറെ സീറ്റുകള്‍ ബിജെപി നേടിയാലും അദ്ഭുതപ്പെടാനില്ലെന്ന് പല നിരീക്ഷകരും കരുതുന്നു. ഇത് കുറച്ചൊന്നുമല്ല മമതയെ ഭയപ്പെടുത്തുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുമെന്നതുതന്നെ കാരണം.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബംഗാളില്‍ ബിജെപിക്ക് ജീവന്മരണ പോരാട്ടമാണ്. സ്ഥിതിഗതികള്‍ പലതും പാര്‍ട്ടിക്ക് അനുകൂലമാണ്. മമത നടത്തുന്ന മുസ്ലിം പ്രീണനവും ഹിന്ദു പീഡനവും എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. തങ്ങള്‍ക്കൊപ്പമല്ലെന്ന് കരുതുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍പോലും മമത സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവരെ പോളിങ് ബൂത്തിലെത്തിക്കുകയെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. ഇതിനു കഴിഞ്ഞാല്‍ ചരിത്രവിജയമായിരിക്കും ബംഗാളില്‍ ബിജെപിയും മോദിയും നേടാന്‍ പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.