പ്രവചിക്കാനാവില്ല, ചാലക്കുടിയുടെ മനസ്

Wednesday 13 March 2019 1:30 am IST
2014-ല്‍ മണ്ഡലം നിന്നത് എല്‍ഡിഎഫിനോടൊപ്പം. ഇടതു സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റിന് വിജയം. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ആദ്യ സിനിമാ താരമായി ഇന്നസെന്റ്. കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ 13,884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. 2014 ല്‍ തൃശൂരിലും ചാലക്കുടിയിലും സിറ്റിങ്ങ് എം.പി.മാരായിരുന്ന പി.സി.ചാക്കോയും കെ.പി.ധനപാലനും മണ്ഡലം പരസ്പരം വച്ചുമാറുകയായിരുന്നു.

തൃശൂര്‍: ചാലക്കുടി ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നത് തൃശൂര്‍, എറണാകുളം ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍. നാലു നിയമസഭാ മണ്ഡലങ്ങള്‍ എറണാകുളം ജില്ലയിലും മൂന്നെണ്ണം തൃശൂര്‍ ജില്ലയിലും. പഴയ മുകുന്ദപുരം ലോക്‌സഭാ മണ്ഡലമാണ് പുനര്‍ നിര്‍ണയത്തില്‍ 2009ല്‍ ചാലക്കുടിയായത്. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി (തൃശൂര്‍ ജില്ല), പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി, ആലുവ (എറണാകുളം ജില്ല) എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. 

മുകുന്ദപുരം മണ്ഡലമായിരുന്നപ്പോള്‍ ~ഒന്‍പതു തവണയും പിന്നീട് ചാലക്കുടിയായപ്പോള്‍ ഒരു തവണയും വിജയം കോണ്‍ഗ്രസിന്. 2009ല്‍ വിജയിച്ച കെ.പി. ധനപാലന്‍ (കോണ്‍.) നേടിയത് 3,99,035 വോട്ടുകള്‍.  യു,പി. ജോസഫ് (സിപിഎം) 3,27,356 വോട്ടുകള്‍ നേടി. 

2014-ല്‍ മണ്ഡലം നിന്നത് എല്‍ഡിഎഫിനോടൊപ്പം. ഇടതു സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റിന് വിജയം. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ആദ്യ സിനിമാ താരമായി ഇന്നസെന്റ്. കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോയെ 13,884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. 2014 ല്‍ തൃശൂരിലും ചാലക്കുടിയിലും സിറ്റിങ്ങ് എം.പി.മാരായിരുന്ന പി.സി.ചാക്കോയും കെ.പി.ധനപാലനും മണ്ഡലം പരസ്പരം വച്ചുമാറുകയായിരുന്നു. തൃശൂര്‍ എം.പിയായിരുന്ന ചാക്കോ സുരക്ഷിതമായ ചാലക്കുടി മണ്ഡലം തേടിയെത്തി. ചാലക്കുടിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച ധനപാലനെ തൃശ്ശൂര്‍ക്ക് വിട്ടു.  പക്ഷേ വോട്ടര്‍മാര്‍ ഇതംഗീകരിച്ചില്ല. രണ്ടിടത്തും യുഡിഎഫ് തോറ്റു.  

കടുത്ത ത്രികോണ മത്സരത്തില്‍ ബിജെപിയിലെ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ നേടിയത് 92,848 വോട്ടുകള്‍.   2009നേക്കാള്‍ ബിജെപിയുടെ വോട്ടുകള്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഗണ്യമായി വര്‍ധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വന്‍തോതില്‍ മുന്നേറ്റം നടത്തി. 

1957ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി സിപിഐയിലെ നാരായണന്‍കുട്ടി മേനോനാണ് ലോക്‌സഭയിലേക്ക് എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ പനമ്പിള്ളി ഗോവിന്ദ മേനോന്‍, എ.സി. ജോര്‍ജ്, സാവിത്രി ലക്ഷ്മണന്‍, പി.സി. ചാക്കോ, എ.സി. ചാക്കോ, കെ. കരുണാകരന്‍ എന്നിവര്‍ മണ്ഡലത്തെ വിവിധ കാലഘട്ടങ്ങളില്‍ പ്രതിനിധാനം ചെയ്തു. 1980-ല്‍ സിപിഎമ്മിലെ ഇ. ബാലാനന്ദനാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 1999ല്‍  ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ ഇ.എം.ശ്രീധരനെ കെ.കരുണാകരന്‍ പരാജയപ്പെടുത്തിയത് 52,463 വോട്ടുകള്‍ക്ക്. 2004ല്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് അവസാനമായി വിജയിച്ചത് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച ലോനപ്പന്‍ നമ്പാടന്‍. കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ 1,17,097 വോട്ടുകള്‍ക്ക് നമ്പാടന്‍ പരാജയപ്പെടുത്തി. 

2014ലെ വോട്ടിങ് നില 

ഇന്നസെന്റ് (സ്വത.) 3,58,440

പി.സി. ചാക്കോ (കോണ്‍.) 3,44,556

അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി) 92,848

കെ.എം. നൂറുദ്ദീന്‍ (എഎപി) 35,189

ഷെഫീര്‍ മുഹമ്മദ് (എസ്ഡിപിഐ) 14,386

കെ. അംബുജാക്ഷന്‍(വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)12,942

മുകുന്ദപുരത്തെ പ്രതിനിധീകരിച്ചവര്‍

1957- നാരായണന്‍കുട്ടി മേനോന്‍ (സിപിഐ)

1962- പനമ്പിള്ളി ഗോവിന്ദ മേനോന്‍ (കോണ്‍.)

1967- പനമ്പിള്ളി ഗോവിന്ദ മേനോന്‍ (കോണ്‍.)

1971- എ.സി. ജോര്‍ജ്് (കോണ്‍.)

1977- എ.സി. ജോര്‍ജ് (കോണ്‍.)

1980- ഇ. ബാലാനന്ദന്‍ (സിപിഎം)

1984- കെ. മോഹന്‍ദാസ് (കേരള കോണ്‍.)

1989- സാവിത്രി ലക്ഷ്മണന്‍ (കോണ്‍.)

1991- സാവിത്രി ലക്ഷ്മണന്‍ (കോണ്‍.)

1996- പി.സി. ചാക്കോ (കോണ്‍)

1998- എ.സി. ജോസ് (കോണ്‍)

1999- കെ. കരുണാകരന്‍ (കോണ്‍.)

2004- ലോനപ്പന്‍ നമ്പാടന്‍ (സിപിഎം)

ചാലക്കുടിയെ പ്രതിനിധീകരിച്ചവര്‍

2009- കെ.പി. ധനപാലന്‍ (കോണ്‍.)

2014- ഇന്നസെന്റ് (സ്വത.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.