ഇംഗ്ലീഷ് എങ്ങനെയായാലും സുഷമയ്ക്ക് പ്രശ്‌നമില്ല

Wednesday 13 March 2019 1:01 am IST

ന്യൂദല്‍ഹി: ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാനറിയാത്തവരെ അപഹസിക്കുന്നത് പതിവായ കാലമാണിത്. സമൂഹമാധ്യമങ്ങളിലൂടെയാണെങ്കില്‍ അതിനു ശക്തിയേറും. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തയാണ് നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭാഷ എങ്ങനെ ഉപയോഗിക്കണമെന്നല്ല, എങ്ങനെ ഉപയോഗിച്ചാലും കാര്യം മനസിലാകണമെന്നു മാത്രമാണ് സുഷമയ്ക്കുള്ളത്. 

കഴിഞ്ഞ ദിവസം മലേഷ്യയില്‍ ജോലി ചെയ്യുന്ന പഞ്ചാബ് സ്വദേശി സുഷമയോട് ട്വിറ്ററില്‍ സഹായമഭ്യര്‍ഥിച്ചു. 

ഇംഗ്ലീഷിലുള്ള ട്വീറ്റില്‍ തന്റെ സുഹൃത്തിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി അയാളെ തിരികെ ഇന്ത്യയിലെത്തിക്കണമെന്നുമായിരുന്നു പറഞ്ഞത്. അയാളുടെ ഇംഗ്ലീഷ് പ്രയോഗം അത്ര നന്നായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി, ഇംഗ്ലീഷ് ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ ഹിന്ദിയോ പഞ്ചാബിയോ ഉപയോഗിച്ചാല്‍ മതിയായിരുന്നില്ലേയെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 

ഇതിനുള്ള സുഷമയുടെ മറുപടിയാണ് ശ്രദ്ധേയമായത്. ''ഏത് ഭാഷ, എങ്ങനെ ഉപയോഗിച്ചാലും എന്താണോ പറയാനുദ്ദേശിക്കുന്നത് അത് മനസിലായാല്‍ പോരെ. എനിക്ക് അത് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയായതിന് ശേഷം ഏത് രീതിയിലുള്ള ഇംഗ്ലീഷ് പ്രയോഗങ്ങളും മനസിലാക്കാന്‍ ഞാന്‍ പഠിച്ചു'' ഇങ്ങനെയായിരുന്നു സുഷമയുടെ മറുപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.