പേടിപ്പെടുത്തുന്ന മാധ്യമ ഭീകരത

Wednesday 13 March 2019 3:29 am IST
ഈ ചര്‍ച്ച ഡിജിറ്റല്‍ ഫയലുകളായി നവമാധ്യമങ്ങളില്‍ ലഭ്യമാണ്. മോദിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു. 'തീവ്രവാദവും ഇസ്ലാം മതവും രണ്ടാണ്. മതവിശ്വാസത്തെ ചൂഷണം ചെയ്ത് ഒരുവിഭാഗം ആളുകള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുകയാണ്.'

കഴിഞ്ഞ ഡിസംബര്‍ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'ആ ലഡു പേടിപ്പെടുത്തുന്നു' എന്ന ലേഖനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു പരാമര്‍ശം ഉണ്ടായിരുന്നു. 'എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണ്' എന്ന്. 2007 മുതല്‍ നിരന്തരമായി തുടര്‍ന്നുപോന്ന മോദിവിരുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് വേഗംകൂടി. വംശവെറി നടത്തുന്ന, മുസ്ലിം വിരുദ്ധതത പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ പ്രക്ഷോഭങ്ങള്‍ മൂര്‍ച്ഛിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍, സോഷ്യല്‍മീഡിയ ഈ വ്യാജപ്രചാരണം പൊളിച്ചടുക്കി. 2001 സെപ്റ്റംബറില്‍ നടന്ന വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലാണ് മോദി ഈ അഭിപ്രായം പറഞ്ഞത് എന്നായിരുന്നു ''ദി വയര്‍'' എഡിറ്റര്‍ സിദ്ധാര്‍ത്ഥ വരദരാജന്റേത് എന്നവകാശപ്പെടുന്ന ഉദ്ധരണി മാതൃഭൂമിയില്‍ അച്ചടിക്കപ്പെട്ടത്. 

ഈ ചര്‍ച്ച ഡിജിറ്റല്‍ ഫയലുകളായി നവമാധ്യമങ്ങളില്‍ ലഭ്യമാണ്. മോദിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു. 'തീവ്രവാദവും ഇസ്ലാം മതവും രണ്ടാണ്. മതവിശ്വാസത്തെ ചൂഷണം ചെയ്ത് ഒരുവിഭാഗം ആളുകള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുകയാണ്.'

മോദിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയതോടെ ആഴ്ചപ്പതിപ്പിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. പക്ഷേ, അതിലും കള്ളം ചേര്‍ത്ത് മോദിവിരുദ്ധത ലൈവ് ആയി നിര്‍ത്തി. 'എല്ലാ തീവ്രവാദികളും മുസ്ലീമുകളാണ് എന്നാണു മോദിപറഞ്ഞത്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു ' എന്നായിരുന്നു ക്ഷമാപണം.

ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നരേന്ദ്രമോദി എന്ന വ്യക്തിക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ ഒരു മുഖം മാത്രമാണിത്. ഖേദപ്രകടനങ്ങള്‍ വളരെ മൃദുവും സൂക്ഷ്മവും ആക്കുകയും അതിനു കുറഞ്ഞ പ്രചാരം കൊടുക്കുകയും ചെയ്യുക എന്ന റിവേഴ്‌സ് മാര്‍ക്കറ്റിങ് രീതി വ്യാപകമായി അവലംബിക്കപ്പെടുകയും ചെയ്യുമ്പോള്‍, നിലനിര്‍ത്തപ്പെടുന്ന വ്യാജനിര്‍മ്മിതികള്‍ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഭീകരമായ തെളിവുകളാണ് രാജ്യവിരുദ്ധതയും ഹിന്ദുവിരുദ്ധതയുമൊക്കെയായി നാട്ടില്‍ നിറയുന്നത്. ''മോദി=ആര്‍എസ്എസ്=ഹിന്ദു=ഇന്ത്യ'' എന്ന ഫോര്‍മുല മാത്രം ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

നിഷ്പക്ഷമായ റിപ്പോര്‍ട്ടിങ് എന്ന ആത്യന്തിക ധര്‍മ്മത്തില്‍നിന്ന് മാറി ആഖ്യാതാവും വ്യാഖ്യാതാവുമായി മാറുന്ന മാധ്യമങ്ങള്‍, പൊതുജനം എന്ത് ചിന്തിക്കണം എങ്ങനെ ചിന്തിക്കണം എന്ന രീതിയിലേക്ക് ചുവടു മാറിയതിനു പിന്നില്‍, അതിന്റെ സ്ഥാപന-മുതലാളിത്ത വത്കരണങ്ങള്‍ക്കുള്ള പങ്കിനെ തള്ളിക്കളായാനാവില്ല.  ക്യാപിറ്റലിസ്റ്റുരാജ്യങ്ങളിലെ  ആഡംബരങ്ങളില്‍ ചാരിയിരുന്നുകൊണ്ട്  മുതലാളിത്തത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പ്രഭാഷണങ്ങളും പ്രസ്താവനകളും ഇറക്കുന്ന ഇന്റലക്ച്വല്‍ മാഫിയയുടെ ശാഖയായി മാധ്യമലോകം മാറി. പൊതുജനം ഒരു മാധ്യമ സിന്റിക്കേറ്റിന്റെ ഫാസിസ്റ്റ് ഭരണത്തിന് വിധേയമാവുകയാണ്. ഈ  പശ്ചാത്തലത്തില്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ 2007മുതല്‍ നടത്തിവരുന്ന മോദിവിരുദ്ധ അജണ്ടകള്‍ ശ്രദ്ധേയമാണ്.

ഗുജറാത്ത്

2007ലെ ഗുജറാത്ത് കലാപത്തോടെയാണ് ഇടതുപക്ഷ മാധ്യമങ്ങളുടെ  ഹിറ്റ്‌ലിസ്റ്റില്‍ മോദി ഒന്നാമനായത്. സോഷ്യല്‍ മീഡിയ ഇത്രമേല്‍ പൂത്തുലഞ്ഞിട്ടില്ലാത്തതിനാല്‍ ബദല്‍ശബ്ദം ഉണ്ടായില്ല. ''വാര്‍ത്ത മുക്കല്‍'' എന്ന പരമ്പരാഗത ആചാരത്തില്‍നിന്ന് ''സിന്‍ഡിക്കേറ്റ് വാര്‍ത്താനിര്‍മ്മാണം'' എന്ന പുതുശൈലിയിലേക്കുള്ള മാധ്യമങ്ങളുടെ പരിണാമമാണ് പിന്നീട് കണ്ടത്. 

ഗര്‍ഭിണി-ശൂലം-ഭ്രൂണം....., തലയില്‍ കാവിമുണ്ടുകെട്ടിയ മോച്ചി എന്ന ഹിന്ദു തീവ്രവാദിയുടെ മുന്നില്‍ കൈകൂപ്പി കരയുന്ന നിസ്സഹായനായ അന്‍സാരി എന്ന മുസ്ലിം യുവാവ്, മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ മൂന്നു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട മുഖ്യമന്ത്രി മോദി.... ലോകത്തുനടന്ന അതിക്രൂരമായ വംശഹത്യകളുടെ ലിസ്റ്റില്‍ ഗുജറാത്തിനും സ്ഥാനം നേടിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത ചില ബിംബങ്ങളാണിതൊക്കെ.  

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 59 പേര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗോധ്ര ട്രെയിന്‍ തീവെയ്പിനെ തുടര്‍ന്നാണ് 2002 ഫെബ്രുവരി 27ന് ഗുജറാത്തില്‍ കലാപം പൊട്ടിപുറപ്പെടുന്നത്. 2001-02 കാലഘട്ടം ഇസ്ലാമിക തീവ്രവാദം ഏറ്റവും കൂടുതല്‍ നാശംവിതച്ച വര്‍ഷമാണ്. (വേള്‍ഡ് ട്രേഡ്‌സെന്റര്‍, കാബൂള്‍, ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണങ്ങള്‍ ഉദാഹരണം). 

2002 ഫെബ്രുവരി 25ന് ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. അധികാരമേറ്റ ഉടനെ ഒരു മുഖ്യമന്ത്രിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ''സമ്മാനം'' തന്നെ ആയിരുന്നു ഗോദ്രസംഭവം. തീവെയ്പിനുപിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന അന്വേഷണ കമ്മീഷനുകളുടെ (ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് തേവാദിയ) കണ്ടെത്തലിനെ ഇതു സാധൂകരിക്കുന്നുണ്ട്.

ഗോധ്രസംഭവത്തില്‍ കൊല്ലപ്പെട്ടത് മുഴുവനും ഹിന്ദുക്കളായിരുന്നു. പക്ഷേ, കലാപങ്ങളിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്ന രീതിയില്‍ പ്രചാരണം അഴിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായത് മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നപേരില്‍ അറിയപ്പെടുന്ന ചില മുന്‍നിര ഇടതുപക്ഷവാദികളാണ്.

ഔട്ട്‌ലുക്ക് മാസികയില്‍ തൊട്ടടുത്ത ദിവസം അരുന്ധതി റോയ് എഴുതിയ ഹൃദയഭേദകമായ കലാപാഖ്യാനങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. 

മോദി വിമര്‍ശകനായ ഇഷാന്‍ ജെഫ്രിയുടെ വീട്ടില്‍ കയറി ഹിന്ദുഭീകരര്‍ അക്രമം അഴിച്ചുവിട്ടതായും അദ്ദേഹത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നതായുമൊക്കെ (സഹോദരി ജീവനോടെയുണ്ട്) വളരെ സമര്‍ത്ഥമായി എഴുതി ഫലിപ്പിച്ചിരുന്ന ആ ലേഖനത്തിന്റെ യാഥാര്‍ഥ്യം,  ജെഫ്രിയുടെ നാവില്‍ക്കൂടിത്തന്നെ ജനം തിരിച്ചറിഞ്ഞു. അതേത്തുടര്‍ന്ന്, കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി  നിയോഗിച്ച എസ്‌ഐടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) അരുന്ധതി റോയിക്കും സമാനമായ വ്യാജപ്രചാരണങ്ങള്‍ നടത്തിയ മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദിനുമെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു. 

എന്നാല്‍, അന്വേഷണവും തെളിവെടുപ്പുമെല്ലാം തീരുമാനമാകുന്നതിനു മുന്‍പുള്ള നീണ്ട ഇടവേളകളില്‍ മാധ്യമങ്ങള്‍ ഈ വ്യാജവാര്‍ത്തകളെല്ലാം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിവന്ന തിരുത്തലുകള്‍ നേരത്തെ മാതൃഭൂമി ചെയ്തപോലെ വളരെ നിരുപദ്രവകരമായ രീതിയില്‍ അവതരിപ്പിച്ച് സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കി. 

കലാപം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആറിന് ബിബിസി ആണ് ''ഇന്ത്യയിലെ മുസ്ലിംഹത്യ''യെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിക്കുന്നത്. മുസ്ലിംസ്ത്രീയുടെ ഗര്‍ഭവും ഭ്രൂണവും അത് കുത്തിയെടുത്ത ഹൈന്ദവബിംബമായ ത്രിശൂലവും മൂര്‍ത്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് അണ്‍ കൊറോബറേറ്റഡ് (സ്ഥിരീകരിക്കപ്പെടാത്ത) എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് അവര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍  ഇന്ത്യയ്ക്കകത്ത് പ്രചരിപ്പിക്കപ്പെട്ട ഓരോ മതേതര വാര്‍ത്തകളും ഈ ബിബിസി വാര്‍ത്തയെ ഉദ്ധരിച്ചു കൊണ്ടായിരുന്നു. 

മുസ്ലിംഗര്‍ഭിണി കൗസാര്‍ഭാനുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവരുടെ ഭ്രൂണം ഒരു കേടുപാടും കൂടാതെ വയറ്റില്‍ത്തന്നെ ഉണ്ടായിരുന്നു എന്നത് വാര്‍ത്തയായില്ല.  

ജീവനുവേണ്ടി ഹിന്ദുഭീകരനോട് കൈകൂപ്പി യാചിച്ച അന്‍സാരി എന്ന മുസ്ലീം, ബിബിസിയോടു പറയുന്നത് ഇങ്ങനെ... തെരുവില്‍ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ഞാനും കുടുംബവും രണ്ടാം നിലയില്‍ ആയിരുന്നു. പെട്ടെന്നാണ് പട്ടാളക്കാര്‍ ഓടി മുകളിലേക്ക് വന്നത്. എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്ന് അവരോടു പറയുന്ന സമയത്താണ് ആരോ ഫോട്ടോ എടുത്തത്.'

ഇതും വാര്‍ത്തയായില്ല.

അടുത്തത് മോച്ചി എന്ന ഹിന്ദുഭീകരന്‍. ഗോധ്ര സംഭവത്തില്‍ ഏതൊരു ഹിന്ദുവിനെയുംപോലെ അമര്‍ഷമുണ്ടായിരുന്ന ആ യുവാവ് ഒരിക്കലും നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുത്തിരുന്നില്ല. തലയില്‍ കാവി മുണ്ടുകെട്ടി നില്‍ക്കുമ്പോഴാണ് ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ വന്ന് ഒരു ഫോട്ടോയ്ക്ക് പോസ്‌ചെയ്യാമോ എന്ന് ചോദിക്കുന്നത്. പിറ്റേദിവസം മുതല്‍ മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ തന്റെ ചിത്രം അച്ചടിച്ച് വന്നത് കണ്ടു വിസ്മയിക്കും മുന്‍പേ ഭീകരനും തീവ്രവാദിയുമായി മാറി, സ്വന്തമായി വീട് പോലുമില്ലാത്ത ആ ദളിത് യുവാവ്. ഇതും വാര്‍ത്തയായിട്ടില്ല. 

ഫെബ്രുവരി 27ന് നടന്ന സംഭവങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സേനാവിന്യാസം നടന്നത് മാര്‍ച്ച് ഒന്നിന്. ഫെബ്രുവരി മാസത്തില്‍ 28 ദിവസം മാത്രമാണ് ഉള്ളത് എന്ന സാമാന്യവിവരം മറച്ചുവച്ചുകൊണ്ടാണ് കലാപത്തിനും നടപടികള്‍ക്കുമിടയില്‍ മൂന്ന് ദിവസത്തെ സാവകാശം (മുസ്ലിം ഹത്യക്കായി) മുഖ്യമന്ത്രി മോദി ആവശ്യപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

2002ല്‍ നടന്ന കലാപത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. (ബിജെപി നേതാക്കളായ മായ കൊട്‌നാനിയും ബാബു ബജ്രംഗിയുമടക്കം). അമിത്ഷാപോലും അന്വേഷണ വിധേയമായി ജയിലില്‍ കിടന്നു. എന്നാല്‍ മാധ്യമ വിചാരണകളിലും വിചാരങ്ങളിലും കുറ്റാരോപിതനായ നരേന്ദ്രമോദി വീണ്ടും വീണ്ടും അനിഷേധ്യനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടിരുന്നു. 

മാധ്യമങ്ങളിലൂടെ അല്ലാതെ ഗുജറാത്ത് രാഷ്ട്രീയം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഗുജറാത്തികള്‍ക്കിടയില്‍ ഏതൊരു ജനപ്രിയമുഖ്യമന്ത്രിയുടെയും സ്ഥാനം ഇന്നും നരേന്ദ്രമോദിക്കുണ്ട്. 

ലഡു ഇങ്ങനെയൊക്കെ പേടിപ്പിക്കും

പ്രധാനമന്ത്രി ആയതിനുശേഷം മോദിക്കെതിരെ തുടരുന്ന മാധ്യമയുദ്ധത്തെ, വാര്‍ത്തെടുക്കപ്പെട്ട മാധ്യമവ്യവസ്ഥിതിയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമായി മാത്രമേ കാണേണ്ടതുള്ളൂ എന്ന് ലക്ഷക്കണക്കിന് ട്വിറ്റര്‍ ഹാന്‍ഡിലുകളും ഫേസ്ബുക് പേജുകളും പറയുന്നു. 

1995ല്‍ ഗുജറാത്തില്‍നിന്ന് ദല്‍ഹിയിലേക്ക് രാഷ്ട്രീയവേദി മാറ്റിയ മോദിയില്‍ അതിശക്തനായ എതിരാളിയെ കാണാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞിരുന്നു. മതേതരത്വം എന്നാല്‍ ന്യുനപക്ഷ പ്രീണനം എന്നും ജനാധിപത്യം എന്നാല്‍ കുടുംബവാഴ്ച എന്നും സമവാക്യമുള്ള,  ഇടതു-പാശ്ചാത്യ വീക്ഷണമുള്ള കോണ്‍ഗ്രസ്സിന്,  150 അച്ചടിമാധ്യമങ്ങള്‍ സ്വന്തമായി ഉണ്ട്. (കപില്‍ സിബലിനെ  ഉദ്ധരിച്ചത്). പൂര്‍ണവും ഭാഗികവുമായ പങ്കാളിത്തമുള്ള ചാനലുകള്‍ വേറെയും. 

 മാധ്യമങ്ങളുടെ അധാര്‍മ്മികതയെ സാധൂകരിക്കാന്‍ ജനാധിപത്യ സമൂഹത്തില്‍ ഒരു മാര്‍ഗവുമില്ല. അതുകൊണ്ടാവാം ഫാസിസം, വര്‍ഗീയത തുടങ്ങിയ സൂത്രവാക്യങ്ങള്‍ സ്ഥാനത്തും ആസ്ഥാനത്തും പ്രയോഗിച്ചുകൊണ്ട് ലൈവില്‍ തുടരാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നത്. നിരന്തരമായ വ്യാജ ചരിത്രനിര്‍മ്മിതിയിലൂടെ ഉണ്ടാക്കിയെടുത്ത ഇടതുപക്ഷ മിഥ്യാബോധത്തില്‍ രമിക്കുന്ന പുതുതലമുറയിലൂടെ മാധ്യമവേദികള്‍ ചടുലമാക്കി നിലനിര്‍ത്തുന്നത്...

ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുന്ന സമയത്ത് ബംഗാളില്‍ പ്രചാരണത്തിലായിരുന്ന രാജീവ്ഗാന്ധി പറഞ്ഞത് 'ബിബിസി പറയട്ടെ. എന്നിട്ടേ ഞാന്‍ എന്റെ അമ്മയുടെ മരണം വിശ്വസിക്കൂ' എന്നായിരുന്നു.

ദേശീയ മാധ്യമങ്ങള്‍ക്കുപുറമെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും  കോണ്‍ഗ്രസ്സ് എക്കാലവും നല്‍കിപ്പോന്നിട്ടുള്ള ഈ വിശ്വാസ്യതയും സ്ഥാനമാനങ്ങളും മോദി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയതിനുശേഷം  നിഷ്‌കരുണം നിഷേധിക്കപ്പെട്ടു. സിഎന്‍എന്നിന്റെയും ബിബിസിയുടെയും കുത്തനെ ഇടിഞ്ഞുപോയ 'ബാര്‍ക് റേറ്റിങ്' ഇത് സ്ഥിരീകരിക്കുന്നു. കൂടാതെ ല്യൂട്ടന്‍സ് ദല്‍ഹിയിലെ അധികാര ഇടനാഴികളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ 'ആക്‌സസി' നും ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. ഇത് തദ്ദേശീയ മാധ്യമ പ്രവര്‍ത്തകരെപ്പോലെ തന്നെ വിദേശികളെയും മുഷിപ്പിക്കുന്നു. 

കഴിഞ്ഞ സെപ്തംബറില്‍ 'പെന്‍' എന്ന ആഗോള എഴുത്തുകാരുടെ സംഘടനാ സമ്മേളനവും ആഗസ്തില്‍ നടന്ന എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ സമ്മേളനവും മുന്നോട്ടുവച്ച, 'ഇന്ത്യയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമസ്വാതന്ത്ര്യം' എന്ന ആശങ്കയും ആകുലതയും ഇതോടു ചേര്‍ത്ത് വായിക്കാം.

രാഷ്ട്രീയ എതിരാളിയെ ടാര്‍ഗറ്റ് ചെയ്യാന്‍ ഒരു പൊതുസ്ഥാപനം എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് കഴിഞ്ഞ യുപിഎ ഭരണകാലത്തെ ഡിഡി ന്യൂസിന്റെ പ്രവര്‍ത്തനം കാണിച്ചുതന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  വാര്‍ത്തകളെ യുപിഎക്ക്  അനുകൂലമായി വാര്‍ത്തെടുക്കാനായി അവിടെ ഒരു സ്‌പെഷ്യല്‍ സെല്‍ തന്നെ ഉണ്ടാക്കിയെടുത്തിരുന്നുവെന്നും ആ മുറിയിലേക്ക് എഡിറ്റര്‍ക്കും ചില മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളുവെന്നും അന്ന് ഡിഡി  ന്യൂസിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന അശോക് ശ്രീവാസ്തവതന്നെ 'നരേന്ദ്രമോദി സെന്‍സേഡ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതും സോണിയയുടെ പിറന്നാളും ഒരുപോലെ, ലഡുവിതരണം ചെയ്താണ് ഡിഡി ന്യൂസ്  ആഘോഷിച്ചതത്രെ! ലഡു ഇങ്ങനെയൊക്കെയാണ് മനുഷ്യനെ പേടിപ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.