ഇടതും വലതും സര്‍വനാശത്തിന്

Wednesday 13 March 2019 3:39 am IST
തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ സര്‍വനാശത്തിലേക്കാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റുകള്‍ എത്തിപ്പെടാന്‍ പോകുന്നത്. അതിന്റെ കേളികൊട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയിലെ ഘടകകക്ഷികള്‍ മാത്രമല്ല, ഇടതു മുന്നണിയിലെ ചിലരും പിന്നില്‍ കത്തിയുമായാണ് പിറകെ നടക്കുന്നത്. ഏത് നിമിഷവും അത് പ്രയോഗിച്ചേക്കാം. കോണ്‍ഗ്രസ് മുന്നണിയിലെ മുഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ചോദിച്ച ഒരു സീറ്റുകൂടി നല്‍കിയിരുന്നെങ്കില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു.

ടുത്ത ലോക്‌സഭയുടെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. 40 ദിവസം പൂര്‍ത്തിയാകുമ്പോള്‍ കേരളം പോളിംഗ് ബൂത്തിലേക്ക് നടന്നുചെല്ലും. സംസ്ഥാനത്തെ പ്രബലമായ ഇടതു-വലത് മുന്നണികള്‍ അന്തംവിട്ട രീതിയിലാണ് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് എന്തുസംഭവിക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ല. കേരളത്തിന് പുറത്ത് കമ്യൂണിസ്റ്റുകളുടെ സ്ഥിതിയും മറിച്ചല്ല. മുങ്ങിച്ചാകുമ്പോള്‍ പരസ്പരം വാരിപ്പുണരുംപോലെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും എത്തിക്കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇവര്‍ ഇരുധ്രുവങ്ങളിലാണെന്നാണ് ഇരുപാര്‍ട്ടികളും അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ 2004 ലെ തെരഞ്ഞെടുപ്പുപോലെ ഇത്തവണയും വാരിപ്പുണരാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ മത്സരം ഏത് രീതിയിലായാലും പാര്‍ലമെന്റില്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഒരുമിച്ചുനില്‍ക്കുമെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. 2004 ലെ ചതി ഇരുമുന്നണികളിലെയും അണികളും ജനങ്ങളും ഓര്‍മ്മിക്കുമെന്നുറപ്പായി.

തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ സര്‍വനാശത്തിലേക്കാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റുകള്‍ എത്തിപ്പെടാന്‍ പോകുന്നത്. അതിന്റെ കേളികൊട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയിലെ ഘടകകക്ഷികള്‍ മാത്രമല്ല, ഇടതു മുന്നണിയിലെ ചിലരും പിന്നില്‍ കത്തിയുമായാണ് പിറകെ നടക്കുന്നത്. ഏത് നിമിഷവും അത് പ്രയോഗിച്ചേക്കാം. കോണ്‍ഗ്രസ് മുന്നണിയിലെ മുഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ചോദിച്ച ഒരു സീറ്റുകൂടി നല്‍കിയിരുന്നെങ്കില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. ഒപ്പംകിടക്കുന്നവരാണെങ്കിലും ഘടകകക്ഷിക്ക് ഒരു സീറ്റ് കൂടി നല്‍കാന്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടായില്ല. മഹാസഖ്യത്തിലെ കോണ്‍ഗ്രസിതര കക്ഷിക്കാര്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ കാലുവാരുമോ എന്ന പേടി. കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമല്ല, മുസ്ലീം ലീഗിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടല്ലൊ. പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടാതിരുന്നാല്‍ വലിയ അപകടമാണെന്നാണ് കോണ്‍ഗ്രസിന്റെ പേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പ്രതിപക്ഷമാകാന്‍ തക്ക നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതിലും താഴെയാകുമോ സീറ്റ് നില എന്നാണവരുടെ ഭയം.

കേരളത്തിലെ ഭരണമുന്നണി ഇടതു ജനാധിപത്യമുന്നണി. പക്ഷേ ജനാധിപത്യം അവര്‍ക്ക് പേരിലേയുള്ളൂ. മത്സരരംഗത്ത് സിപിഎം-സിപിഐ കക്ഷികള്‍ മാത്രം. 20 സീറ്റില്‍ 16-4 എന്നീ പ്രകാരം സീറ്റുകള്‍ പങ്കുവച്ചു. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്നപോലെ ജനാധിപത്യ പാര്‍ട്ടികള്‍ കാഴ്ചക്കാരായല്‍മതി എന്ന മനോഭാവമാണവര്‍ക്ക്. സിപിഎം അക്രമത്തിലും കൊലപാതകത്തിലും വിശ്വസിക്കുന്നില്ലെന്ന് വലിയ വര്‍ത്തമാനം പറയുമ്പോഴും അക്രമരാഷ്ട്രീയത്തിന്റെ പെരുന്തച്ചനെ സ്ഥാനാര്‍ത്ഥിയാക്കി സമാധാനമാഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിക്കാനാണ് സിപിഎം തയ്യാറായത്. അതോടൊപ്പം ജയരാജത്രയങ്ങളില്‍ നിന്നും കണ്ണൂര്‍ രാഷ്ട്രീയത്തെ മോചിപ്പിക്കുന്ന രഹസ്യനീക്കവും സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലുണ്ടെന്ന് വ്യക്തം.

ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയാണ് പി. ജയരാജനെ വടകരയില്‍ നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപതിയെപ്പോലെ വാഴുന്ന ജയരാജനെ കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്നും അപ്രസക്തനാക്കാമെന്നുള്ള ഒരുവിഭാഗം ഉന്നതനേതാക്കളുടെ ആസൂത്രിത നീക്കമാണ് ഇതിന്പിന്നില്‍ എന്നാണ് സൂചന. എട്ടുവര്‍ഷമായി ജില്ലാ സെക്രട്ടറിയായി തുടരുന്ന ജയരാജനുപകരക്കാരനായി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.വി. ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും കൊലക്കേസുകളും വടകര മണ്ഡലത്തില്‍ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. വടകരയില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് അസ്വസ്ഥതയുണ്ട്. വടകരയില്‍ അല്‍പ്പം സ്വാധീനമുള്ള വീരന്റെ പാര്‍ട്ടിക്ക് പ്രത്യേകിച്ച്. ഏതായാലും യുഡിഎഫിനെന്ന പോലെ എല്‍ഡിഎഫിനും സര്‍വനാശമാണ് വരാന്‍ പോകുന്ന ജനവിധി സമ്മാനിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.