പരമ്പര പിടിക്കാന്‍

Wednesday 13 March 2019 10:25 am IST

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമിനും പരമ്പര നേടാന്‍ ഇന്നത്തെ മത്സരം നിര്‍ണായകം. ഇംഗ്ലണ്ട് ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ഔദ്യോഗിക ഏകദിന മത്സരം കൂടിയായിരിക്കും ഇന്നത്തേത്. 

ഇംഗ്ലണ്ട് ലോകകപ്പില്‍ കിരീടം ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ഓസീസ് നല്‍കിയ കടുത്ത ആഘാതമാണ് ഏകദിന പരമ്പര. ഏതു ടീമിനെയും എവിടെയും കീഴടക്കാമെന്ന അഹങ്കാരത്തിനേറ്റ വലിയ തിരിച്ചടി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീറിമുറിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍ ഇന്ത്യയിലെത്തിയപ്പോള്‍ കളിമാറി. രണ്ട് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയം. ആദ്യ രണ്ട് ഏകദിന മത്സരങ്ങള്‍ കഷ്ടിച്ച് ജയിച്ച ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളില്‍ തോല്‍വി സമ്മതിച്ചു. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര അവിസ്മരണീയമാക്കുമെന്ന് പ്രതീക്ഷിച്ചവരെ അമ്പേ നിരാശപ്പെടുത്തുന്നതായി ഇന്ത്യയുടെ പ്രകടനം. 

അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏക ആശ്വാസം ഓപ്പണിങ്ങ് സഖ്യത്തിന്റെ തിരിച്ചുവരവ് തന്നെ. താളം കണ്ടെത്താന്‍ വിഷമിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയോടെ മിന്നിത്തിളങ്ങി. ഹിറ്റ്മാന്‍ രാഹിത് ശര്‍മ പരമ്പരയിലാദ്യമായി കരുത്തുകാട്ടി. ഇരുവരുടെയും മികവില്‍ ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ 358 റണ്‍സ് അടിച്ചുകൂട്ടിയിട്ടും തോല്‍ക്കാനായിരുന്നു വിധി. പലപ്പോഴും മത്സരത്തിലേക്ക് മടങ്ങിവരാമായിരുന്ന സുവര്‍ണാവസരം ഇന്ത്യന്‍ ഫീല്‍ഡര്‍മാരും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും കളഞ്ഞുകുളിച്ചു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലാക്കിയ ആഷ്ടണ്‍ ടേര്‍ണറുടെയടക്കം മൂന്ന് അവസരങ്ങളാണ് പന്ത് നഷ്ടപ്പെടുത്തിയത്. ഇതോടെ ഗ്യാലറിയില്‍ ധോണി, ധോണിയെന്ന ആരവം ഉയര്‍ന്നതും ചര്‍ച്ചക്ക് വഴിയൊരുക്കി.  

മധ്യനിരയില്‍ നാലാം നമ്പറില്‍ കളിക്കാന്‍ കൃത്യമായി ആളില്ലാത്തതാണ് ഇന്ത്യയുടെ തലവേദന. ആദ്യ മൂന്ന് മത്സരങ്ങളില്‍ അമ്പാട്ടി റായ്ഡുവും നാലാം മത്സരത്തില്‍ കെ.എല്‍. രാഹുലും പൂര്‍ണ പരാജയമായി. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുവീശുന്നുണ്ട്. രോഹിതിന്റെയും കോഹ്‌ലിയുടെയും ബാറ്റിലാകും അവസാന മത്സരത്തിലും ഇന്ത്യന്‍ പ്രതീക്ഷ. ബൗളിങ്ങില്‍ സ്പിന്നര്‍മാര്‍ തലങ്ങും വിലങ്ങും അടി മേടിച്ചു. പലപ്പോഴും ധോണിയുടെ അഭാവത്തില്‍ കൃത്യമായ നിര്‍ദേശമില്ലാതെ പന്തെറിഞ്ഞതാണ് കുല്‍ദീപ് യാദവിനും ചാഹലിനും വിനയായത്. ഫാസ്റ്റ് ബൗളര്‍മാരായ ബുംറയും ഭുവനേശ്വറും തന്നെയാകും അവസാന ഏകദിനത്തിലും ഇന്ത്യന്‍ ബൗളിങ്ങ് നിരയുടെ നെടുംതൂണ്‍.      

മറുനിരയില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ഫോമാകും ഓസ്‌ട്രേലിയയെ മുന്നോട്ടുനയിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനമാണ് ഖവാജ നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പ്പികളായ  പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ആഷ്ടണ്‍ ടേര്‍ണറും മധ്യനിരക്ക് കരുത്തേകും. പാറ്റ് കമ്മിന്‍സാകും ഓസീസ് ബൗളിങ്ങ് നിരയെ നയിക്കുക. കഴിഞ്ഞ മത്സരത്തില്‍ താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. സ്വന്തം നാട്ടില്‍ നഷ്ടപ്പെട്ട പരമ്പരയ്ക്ക് ഇന്ത്യയില്‍ തിരിച്ചടി നല്‍കുകയാകും ഓസീസിന്റെ ലക്ഷ്യം. അവസാന മത്സരം നിര്‍ണായകമായതിനാല്‍ ഇരുടീമിലും മാറ്റം വരാന്‍ സാധ്യതയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.