ഇവിടെ പൗരത്വമാണ് വിഷയം

Thursday 14 March 2019 5:54 am IST

''എന്തിനാണ് ഈ അനീതി?. ഈ നാട്ടില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. പരിഹാസവും ഒറ്റപ്പെടുത്തലും അവസാനിപ്പിക്കണം''. ദല്‍ഹി മിസോറാം ഭവനില്‍വച്ച് 'ജന്മഭൂമി'യുമായി സംസാരിക്കുമ്പോള്‍, മിസോറാമിലെ ഏക ബിജെപി എംഎല്‍എയായ ബുധ ധാം ചക്മ രോഷം മറച്ചുവെച്ചില്ല. ബുദ്ധ വിശ്വാസം പിന്തുടരുന്ന ചക്മ വിഭാഗത്തോട്, ഭൂരിപക്ഷമായ ക്രൈസ്തവ സമൂഹം കാണിക്കുന്ന വിവേചനമാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്.

കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബുധ ധാം 2017 ആഗസ്തില്‍ ചക്മ വിദ്യാര്‍ത്ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് രാജിവെച്ചു.  87.16 ശതമാനമാണ് മിസോറാമിലെ ക്രിസ്ത്യന്‍ ജനസംഖ്യ. ചക്മകള്‍ 8.51 ശതമാനവും. ചക്മകളെ രണ്ടാം തരം പൗരന്മാരായാണ് സഭകളും അവരുടെ ശക്തരായ എന്‍ജിഒകളും കണക്കാക്കുന്നത്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇവര്‍ക്കെതിരായ അധിക്ഷേപങ്ങളും പരിഹാസങ്ങളും നിറഞ്ഞുനില്‍ക്കുന്നു. 

ചക്മകള്‍ക്കെതിരായ വിദ്വേഷം പൗരത്വ ഭേദഗതി ബില്ലോടെ മിസോറാമില്‍ രാജ്യവിരുദ്ധ പ്രക്ഷോഭമായി മാറ്റിയിരിക്കുകയാണ് സഭകള്‍. 'ഹലോ ചൈന ബൈ ബൈ ഇന്ത്യ' എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര പരമാധികാര ക്രിസ്ത്യന്‍ റിപ്പബ്ലിക്കിനായുള്ള മുറവിളികള്‍ തെരുവുകളില്‍ പ്രതിധ്വനിക്കുന്നു. ചക്മകളെ ബംഗ്ലാദേശിലേക്ക് അടിച്ചോടിക്കണമെന്ന ആക്രോശം ഉയര്‍ന്നുപൊങ്ങുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ വിഘടനവാദത്തെ എക്കാലവും നിയന്ത്രിച്ചിരുന്നത് ക്രൈസ്തവ സഭകളാണ്. ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തില്‍ തെളിവുകളോടെ അവര്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടപ്പെടുന്നുവെന്ന് മാത്രം.  

രാജ്യമില്ലാത്തവര്‍

പൗരത്വമില്ലാതെ പതിനായിരത്തോളം ചക്മകളാണ് മിസോറാമിലുള്ളത്. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും അഭയാര്‍ത്ഥികളായി കഴിയുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി ബില്‍ കൊണ്ടുവന്നത്.

ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ഇവര്‍ ഇസ്ലാമിസ്റ്റുകളുടെ മതപരമായ പീഡനങ്ങള്‍ സഹിക്കാനാകാതെയാണ് പലായനം ചെയ്ത് ഇന്ത്യയിലെത്തിയത്. മതംമാറുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് അതാത് രാജ്യങ്ങളില്‍ ഇവരുടെ അവസ്ഥ. സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ ബലാത്സംഗങ്ങള്‍ക്കും ഇരയാകുന്നു. സ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച വിഭജനത്തിന്റെ കൂടി ഇരകളായ ഇവരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നു. പൗരത്വബില്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെങ്കിലും വടക്കു കിഴക്കന്‍ മേഖലയിലാണ് പ്രതിഷേധമത്രയും. 

1980കളില്‍ അനധികൃത കുടിയേറ്റത്തിനെതിരെ ആറ് വര്‍ഷത്തോളം അസമില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 1971 മാര്‍ച്ച് 24ന് ശേഷം എത്തിയവരെ വിദേശികളായി കണക്കാക്കുന്ന അസം കരാര്‍ നിലവില്‍വന്നു. പൗരത്വ ഭേദഗതി ബില്ല് പ്രകാരം 2014 ഡിസംബര്‍ 31ന് മുന്‍പ് എത്തിയവര്‍ക്ക് പൗരത്വം ലഭിക്കും. 1971നും 2014നും ഇടയില്‍ എട്ട് ലക്ഷം ബംഗാളി ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി അസമില്‍ എത്തിയെന്നാണ് കണക്ക്. അസം കരാര്‍ ലംഘിക്കുന്നതാണ് ബില്ലെന്നാണ് എതിര്‍ക്കുന്നവരുടെ പ്രധാന ആരോപണം. 

തുടക്കം പൗരത്വ രജിസ്ട്രി

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) നടപ്പാക്കുമെന്ന് അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്‍ആര്‍സിയുടെ കരട് പട്ടികയില്‍ നാല്‍പ്പത് ലക്ഷം പേര്‍ പുറത്തായി. ഇതില്‍ മൂന്നില്‍ രണ്ട് പേരും മതപീഡനം ഭയന്ന് അഭയം തേടിയെത്തിയ ഹിന്ദുക്കളാണ്.  ഇവരെ തിരിച്ചയക്കുന്നത് മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നതാണ് ബില്ല് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.  

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍വ്വചിക്കുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും വേര്‍തിരിച്ച് കാണാനുള്ള വിവേകമാണ് ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കാണിക്കേണ്ടത്. മതപീഡനം കാരണമാണ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത്.

എന്നാല്‍ അവിടെ ഒരു തരത്തിലും വിവേചനം അനുഭവിക്കാത്ത വിഭാഗം എന്തിനാണ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നത്?  അവരില്‍ പലരും കേരളത്തിലുള്‍പ്പെടെ ഭീകരവാദ കേസുകളില്‍ അറസ്റ്റിലാകുന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത്?  ജമ്മുവും ലഡാക്കും അസമും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാക്കാനുള്ള പാക്ക് ചാരസംഘടനയുടെ വിശാല പദ്ധതിയുടെ ഭാഗമാണ് കുടിയേറ്റമെന്ന് രഹസ്യാന്വേഷണ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. 

ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ മുസ്ലിം ജനസംഖ്യയില്‍ മുന്നിലുള്ള സംസ്ഥാനമാണ് അസം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷമായിക്കഴിഞ്ഞു. 1951ല്‍ 24.3 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോള്‍ 34.22 ശതമാനത്തിലെത്തി. മുസ്ലിം ഭൂരിപക്ഷ ജില്ലകളുടെ എണ്ണം നാലില്‍നിന്നു പതിനൊന്നായി ഉയര്‍ന്നു. 126 നിയമസഭാ മണ്ഡലങ്ങളില്‍ മുപ്പതോളം മുസ്ലിം ഭൂരിപക്ഷമാണ്. 1972ലെ കണക്ക് പ്രകാരം ഇത് 15 നിയമസഭാ മണ്ഡലങ്ങള്‍ മാത്രമായിരുന്നു. കുടിയേറുന്നവര്‍ കൃത്രിമമായി രേഖകള്‍ സംഘടിപ്പിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ കയറിക്കൂടുകയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു. 

അനധികൃത കുടിയേറ്റം സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ബിജെപിയെ അസമില്‍ ഭരണത്തിലെത്തിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തീവ്ര മുസ്ലിം പാര്‍ട്ടിയായ ബദറുദ്ദീന്‍ അജ്മലിന്റെ അസം യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എയുഡിഎഫ്) 2011ലെ തെരഞ്ഞെടുപ്പില്‍ 18 സീറ്റു നേടി രണ്ടാമതെത്തിയത് മറ്റ് വിഭാഗങ്ങളെ ഞെട്ടിച്ചു. ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയില്ലെങ്കില്‍ അസം  പാക്കിസ്ഥാന് സമാനമായി മാറുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടി. സംസ്ഥാനം മുസ്ലിം ഭൂരിപക്ഷമാകും. അജ്മല്‍ മുഖ്യമന്ത്രിയാകും. അദ്ദേഹം തുറന്നടിച്ചു. 

തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം

ബില്ലിനെ എതിര്‍ത്ത് അസം ഗണ പരിഷത്ത് (എജിപി) ബിജെപി സഖ്യം വിട്ടു. എന്‍ഇഡിഎയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി), ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി), മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) എന്നിവരുള്‍പ്പെടെ 11 രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ജനുവരി എട്ടിന് മേഖലയില്‍ ബന്ദ് ആചരിച്ചു. ബിജെപിക്കുള്ളിലും എതിര്‍പ്പുയര്‍ന്നു. ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭ കടന്നില്ല. പിന്മാറില്ലെന്നും അധികാരത്തിലെത്തിയാല്‍ ബില്ല് വീണ്ടും കൊണ്ടുവരുമെന്നും ഹിമന്ത വ്യക്തമാക്കി. 

അസമിലുള്‍പ്പെടെ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറിയെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അഞ്ച് വര്‍ഷം മുന്‍പ് ഇത്തരമൊരു ബില്ലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാര്‍ട്ടികള്‍ ഭയക്കുമായിരുന്നു. ഇതിന്റെ എത്രയോ ഇരട്ടി സംഘര്‍ഷം നേരിടേണ്ടി വരുമായിരുന്നു. വിഘടനവാദികള്‍ ഇപ്പോള്‍ സൈന്യത്തിന്റെ തോക്കിനെയും ദല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവരെയും ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു.

രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുടെ ആഹ്വാനങ്ങള്‍ ഏറ്റെടുക്കാന്‍ പഴയത് പോലെ ജനങ്ങള്‍ രംഗത്തില്ല. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം പൗരത്വം തന്നെയാകുമെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകാനാണ് അമിത് ഷായുടെ നിര്‍ദ്ദേശം. ഇതിന്റെ കൃത്യമായ സൂചന ഗുവാഹത്തിയില്‍ നടന്ന റാലിയില്‍ മോദി നല്‍കി. ''പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭാരതത്തിന്റെ ഭാഗമായിരുന്നു. അവരുടെ വേദനകള്‍ ഉള്‍ക്കൊള്ളണം''. അദ്ദേഹം ചൂണ്ടിക്കാട്ടി. അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ടത് ബിജെപിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് നേതാക്കളും വിശദീകരിക്കുന്നു.

''അഞ്ച് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് ജനങ്ങളോട് വിശദീകരിക്കും. ബില്ലിനെ അനുകൂലിക്കുന്ന വലിയ വിഭാഗം ജനങ്ങളുണ്ട്. വ്യാജപ്രചാരണമാണ് ഒരു വിഭാഗം  നടത്തുന്നത്. തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിക്കും''. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് 'ജന്മഭൂമി'യോട് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.