തെളിവു വേണം, അവിടുത്തേപ്പോലെ ഇവിടേയും

Thursday 14 March 2019 5:04 am IST

പാക്കിസ്ഥാനിലെ ബാലാക്കോട്ടിലും പാക്ക് അധീന കശ്മീരില്‍ രണ്ടിടങ്ങളിലും ഭാരതീയ വായുസേന നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ ഭീകരരേക്കാള്‍ കൂടുതല്‍ വേദനിച്ചത് ഭാരതത്തിലെ ചിലരാണ്. സൈന്യം നടത്തിയ ആക്രമണത്തിന്റെ പേരില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്നാണ് പരിഭവം. അതിനാല്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ വ്യോസേനയേ അഭിനന്ദിച്ചവര്‍ സര്‍ക്കാരിനോട് ആ ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെടുന്നു. ആക്രമണകഥകള്‍ കെട്ടിച്ചമച്ചതാണെന്ന് പറയാന്‍ ശ്രമിക്കുന്നു. 

പാക്ക് സഹായത്തോടെ ഇന്ത്യയില്‍ നടന്നിരുന്ന എല്ലാ ഭീകരാക്രമണത്തിലും പാക്കിസ്ഥാന്‍ തെളിവ് ചോദിക്കുക പതിവാണ്.  അതിന്ന്  മാതൃകയായി ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകര വേട്ടക്കും തെളിവ് ചോദിക്കുന്നത് ചിലര്‍ നമ്മുടെ രാജ്യത്തും പതിവ് ശൈലിയാക്കിയിരിക്കുന്നു. തെളിവിലും വിശ്വസിക്കാന്‍ മനസ്സ് വരാത്തവര്‍  ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് എല്ലാം നുണയാണെന്ന് പറയുന്നു. 

പുല്‍വാമ ആക്രമണത്തിനു ശേഷം തുര്‍ച്ചയായി പാക്കിസ്ഥാനിലെ പ്രമുഖപത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് വായിക്കുന്നവര്‍ക്ക് മോദിയേയും കേന്ദ്രസര്‍ക്കാറിനേയും പരസ്യമായി ദേശീയ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നവര്‍ പറയുന്ന അസത്യങ്ങള്‍ ഉത്ഭവിച്ചത് എവിടെ നിന്നാണെന്ന് എളുപ്പം മനസ്സിലാക്കാം. മോദിക്കെതിരായി പ്രചരണം നടത്താന്‍ കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് കൂട്ടുകെട്ടിനോടും ബുദ്ധിജീവികളെന്ന് സ്വയം പ്രഖ്യാപിച്ച ചിലരോടുമൊപ്പം തന്നെ പാക്കിസ്ഥാന്‍ മാധ്യമങ്ങളും രംഗത്തുണ്ട്. ഒരുഭാഗം പറഞ്ഞത് മറ്റൊരുഭാഗത്തുള്ളവര്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം. മോദിയെ തോല്‍പ്പിക്കാന്‍ പാക്ക്‌സഹായം യാചിച്ച കോണ്‍ഗ്രസ്സ് നേതാവും നമ്മുടെ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടെന്ന്  മറക്കാതിരിക്കാം.

ഡോണ്‍  ഉള്‍പ്പടെയുള്ള പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ ഇംഗ്ലീഷ് പത്രങ്ങള്‍ തീവ്രഭാഷയില്‍ മോദിക്കെതിരെ ദിവസവും വിഷം തുപ്പി ക്കൊണ്ടിരിക്കുന്നു. അതിന്റെ തനിയാവര്‍ത്തനം ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലെ അന്തി ചര്‍ച്ചയില്‍ ചില പ്രമുഖരില്‍നിന്നും കേള്‍ക്കാം. 

ഭാരതീയ വായുസേന ഭീകരത്താവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തിന്ന് ശേഷം പാക്ക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് അസിഫ് ഗഫൂര്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.  ഭാരതീയ വായുസേനയുടെ മിസൈല്‍ പതിച്ചത് വനപ്രദേശത്താണെന്നും ആ സ്ഥലത്ത് മദ്രസ്സ കെട്ടിടം കേട് കൂടാതെ നിലനില്‍ക്കുന്നുവെന്നും  പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് സ്വഭാവികമായും അവരുടെ രാഷ്ട്രീയ-സൈനിക താല്‍പര്യാര്‍ത്ഥമാണ്.

ഭാരതീയ വായു സേനയുടെ  പിഴയ്ക്കാത്ത ആക്രമണലക്ഷ്യം മദ്രസ്സയോ സാധാരണക്കാരോ ആയിരുന്നില്ല. ഭീകരരുടെ പരിശീലന താവളങ്ങള്‍തന്നെ ആയിരുന്നു. ആക്രമണത്തില്‍ പാക്ക് സര്‍ക്കാറിന്റെ നിലപാടും അസിഫ് ഗഫൂറിന്റെ വിശദീകരണങ്ങളും ഭീകരരുടെ താല്‍പര്യങ്ങളും കൂട്ടിചേര്‍ത്ത് പാക് മാധ്യമങ്ങള്‍ ചമച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അക്ഷരംപ്രതി കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പടെ ചിലര്‍ നമ്മുടെ രാജ്യത്തും ആവര്‍ത്തിക്കുന്നു.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സാറ്റ്‌ലൈറ്റ് സേവനം നല്‍കുന്ന കമ്പനിയാണ് പ്ലാനറ്റ് ലാബ്. വായുസേനയുടെ പ്രഹരത്തിന്ന് ശേഷം ബാലാകോട്ടിലെ ജാബാ താഴ്വരയിലെ തകരാത്ത മദ്രസ്സ കെട്ടിടത്തിന്റെ ചിത്രം പ്ലാനറ്റ് ലാബ് പകര്‍ത്തിയതായി അവകാശപ്പെട്ടു. എന്നാല്‍ പരിസര പ്രദേശങ്ങളുടെ ചിത്രം പരിശോധനാ വിധേയമാക്കിയില്ല.

ആ ചിത്രം നോക്കി റോയിട്ടര്‍ എന്ന അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക്  ചിലര്‍ നല്‍കിയ അഭിപ്രായങ്ങള്‍  വാര്‍ത്തയായി. അതിനെ അടിസ്ഥാനമാക്കി ഭാരതീയ വായു സേനയുടെ ആക്രമണം ലക്ഷ്യം പിഴച്ചെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ആ വാര്‍ത്ത ഒരു പോലെ പാക്ക് ഉള്‍പ്പടെയുള്ള പാശ്ചാത്യ മാധ്യമങ്ങളും ചില ഇന്ത്യന്‍ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. റോയിട്ടറില്‍  നിന്ന് മാത്രം ഉത്ഭവിച്ച  ആ വാര്‍ത്ത പാക്ക് മാധ്യമങ്ങളിലൂടെയും ഏതാനും ചില ഇന്ത്യന്‍ മാധ്യമങ്ങളിലൂടെയും മോദി വിരോധികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. മറ്റൊരു ഭാഗത്ത് റോയിട്ടര്‍,  ബിബിസി,   അല്‍ ജസീറ എന്നീ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പാശ്ചാത്യ മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്ക് ജാബ സന്ദര്‍ശിക്കാന്‍ അസിഫ് ഗഫൂര്‍ സാഹചര്യമൊരുക്കി.

അവര്‍ കണ്ടത് ജാബ താഴ്വരയിലെ ആ മദ്രസ്സ കെട്ടിടം മാത്രം. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ  വായുസേനയുടെ ആക്രമണം ലക്ഷ്യം പിഴച്ചതായി പാക്ക് ഭരണാധികാരികള്‍  പറയാന്‍ ശ്രമിച്ചു. അതിന്ന് സഹായമായി പാക്ക് മാധ്യമങ്ങള്‍ വാര്‍ത്തയും വിശകലനങ്ങളും തുടര്‍ന്നു.  ഏറ്റമുട്ടലില്‍ കൊല്ലപ്പെടുന്ന പാക്ക് സൈനികന്റെയോ, പാക്കിസ്ഥാന്റെ മണ്ണില്‍ വളര്‍ന്ന് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന പാക്ക് ഭീകരന്മാരുടെയോ, അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തുന്ന പാക്ക് ആയുധങ്ങളുടേയോ അവകാശം പാക്കിസ്ഥാന്‍ പിന്നീട് ഒരിക്കലും ഏറ്റെടുക്കാറില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നൂറ് കണക്കിന്ന് പാക്ക് സൈനികരുടെ ശവങ്ങള്‍ക്ക് അവകാശികളുണ്ടായിരുന്നില്ല. 

മുഴുവന്‍ ഭീകരരേയും അവര്‍ക്ക് സഹായികളായി കഴിഞ്ഞ്കൂടിയ പാക്ക് സൈനികരേയും കൊന്നൊടുക്കി കാര്‍ഗില്‍ തിരിച്ച് പിടിച്ച ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍  ഏറ്റുമുട്ടലില്‍ പാഠം പഠിച്ചെന്ന് പാക്ക് മാധ്യമങ്ങള്‍ ഇപ്പോഴും പറയുന്നു.  മുംബെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്ക് ഭീകരരോ, തൂക്കിലേറ്റപ്പെട്ട കസാബോ തങ്ങളുടെ പൗരനാണെന്ന സത്യം  പാക്കിസ്ഥാന്‍ ഇപ്പോഴും നിഷേധിക്കുകയാണ്. എല്ലാ സത്യങ്ങള്‍ക്കും തെളിവുണ്ടായാലും സത്യമാണെന്ന് പാക്കിസ്ഥാന്‍ വിശ്വസിച്ചിരുന്നില്ല. 

അതപോലെയാണ് ബാലാക്കോട്ടിലെ ആക്രമണത്തിനും തെളിവ് ആവശ്യപ്പെട്ട് നമ്മുടെ നാട്ടില്‍ ചിലര്‍ ചിരിക്കുന്നത്.  കനത്ത സൈനിക വലയത്തില്‍ രഹസ്യമായി സൂക്ഷിച്ച ജാബ കുന്നിന്‍മുകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഭീകരരുടെ പരിശീലനതാവളം കാണിച്ച് കൊടുക്കാന്‍  പാക്ക് സൈനിക അധികാരികള്‍ രണ്ട് തവണ വിസമ്മതിച്ചു. ആ വാര്‍ത്ത ബിബിസിയുടെയും അല്‍ ജസീറയുടെയും പത്രപ്രവര്‍ത്തകര്‍ പ്രത്യേകം കുറിക്കുകയുണ്ടായി. 

ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്ന മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും പരിശീലനകേന്ദ്രങ്ങളും പുറംലോകം അറിയാതിരിക്കാന്‍ പാക് അതികൃതര്‍ ഇപ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്നു. ഒപ്പം ചില തെറ്റായ വ്യാഖ്യാനങ്ങളും കള്ള കഥകളും പ്രചരിപ്പിക്കുന്നു. സമാന്തരമായി നമ്മുടെ രാജ്യത്തും. പാക്ക് മാധ്യമങ്ങളുടെ ഇന്ത്യാവിരുദ്ധ പ്രചരണങ്ങളും അതേ തീവ്രതയോടെ മോദി വിരോധികള്‍ രാഷ്ട്രീയ പ്രചരണവേദികളില്‍ എത്തിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.