റൊണോ മാജിക്

Thursday 14 March 2019 5:36 am IST

ടൂറിന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക്കില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റൊണോയുടെ ഹാട്രിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അത്‌ല്റ്റിക്കോ മാഡ്രിഡിനെ തകര്‍ത്തുവിട്ടാണ് യുവന്റസ് അവസാന എട്ട് ടീമുകളില്‍ ഒന്നായത്. ആദ്യ പാദത്തില്‍ 2-0 ന് തോറ്റ യുവന്റ്‌സ് രണ്ട് പാദങ്ങളിലുമായി 3-2 ന് ജയിച്ചുകയറി.

മൂന്നാഴ്ച മുമ്പ് സ്‌പെയ്‌നിന്റെ തലസ്ഥാനത്ത് അത്‌ലറ്റിക്കോയോട് രണ്ട് ഗോളിന് തകര്‍ന്നടിഞ്ഞ യുവന്റസ് സ്വന്തം തട്ടകത്തില്‍ തകര്‍ത്തുകളിച്ചു. അവിശ്വസനീയമായ വിജയവും അവര്‍ കൈപ്പിടിയിലൊതുക്കി. മൂന്ന് ഗോളുകള്‍ റൊണോയുടെ സംഭവനയായിരുന്നു. ആദ്യ പകുതിയില്‍ ഹെഡറിലൂടെ അത്‌ലറ്റിക്കോയുടെ ഗോള്‍വല കുലുക്കിയ റൊണോ രണ്ടാം പകുതിയിലും ഹെഡറിലൂടെ ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയും ഗോളാക്കിയാണ് റൊണോ ഹാട്രിക്ക് തികച്ചത്.

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയുള്ള ടീമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് . ഒരുമാസത്തിനിടെ അവര്‍ ഗോളുകളൊന്നും വഴങ്ങിയിട്ടില്ല. പക്ഷെ റൊണോയുടെ കരുത്തിന് മുന്നില്‍ അത്‌ലറ്റിക് മാഡ്രിഡിന്റെ പ്രതിരോധം തകര്‍ന്ന് തരിപ്പണമായി. 27-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഫെഡറിക്കോ നീട്ടിനല്‍കിയ പന്തില്‍ ഉയര്‍ന്ന് ചാടി തലവെച്ച് റൊണോ ഗോള്‍ കുറിച്ചു. ഇടവേളയ്ക്ക് ശേഷം രണ്ടാം ഗോള്‍ പിറന്നു. അതും ഹെഡറിലൂടെയാണ് നേടിയത്. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് റൊണോ ഹാട്രിക്ക് തികച്ചു.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ റൊണോയുടെ എട്ടാം ഹാട്രിക്കാണിത്. ചാമ്പ്യന്‍സ് ലീഗില്‍ ഇത് രണ്ടാം തവണയാണ് റൊണോ അത്‌ലറ്റിേക്കാ മാഡ്രിഡിനെതിരെ ഹാട്രിക്ക് കുറിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.