ഷാല്‍ക്കെയെ ഗോള്‍ മഴയില്‍ മുക്കി സിറ്റിയുടെ കുതിപ്പ്

Thursday 14 March 2019 5:39 am IST

ലണ്ടന്‍: നിസ്സഹായരായ ഷാല്‍ക്കെയെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പറന്നിറങ്ങി. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചത്്. ഇരുപാദങ്ങളിലുമായി 10-2 ന്റെ വിജയം സ്വന്തമാക്കി. ഷാല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ സിറ്റി 3-2 ന് ജയിച്ചിരുന്നു.

സ്വന്തം കളിമുറ്റത്ത് തകര്‍ത്തുകളിച്ച സിറ്റി ഷാല്‍ക്കെയെ പിടിച്ചുകെട്ടി ഏഴു തവണ അവരുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരന്‍ സെര്‍ജിയോ അഗ്യൂറോയാണ് ആദ്യ വെടിപൊട്ടിച്ചത്. 35-ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി അഗ്യൂറോ സിറ്റയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അഗ്യൂറോ വീണ്ടും ലക്ഷ്യം കണ്ടു. 2-0. ഇടവേളയ്ക്ക് മുമ്പ് ലിറോയ് സാനെയും ഗോള്‍ കുറിച്ചു. ഇതോടെ ആദ്യ പകുതിയില്‍ സിറ്റി 3-0 ന് മുന്നില്‍.

ഇടവേളയ്ക്ക് ശേഷം റഹിം സ്‌റ്റെര്‍ലിങ്ങ് , ബെര്‍നാര്‍ഡോ സില്‍വ, ഫില്‍ ഫോഡന്‍, ഗബ്രീല്‍ ജീസസ് എന്നിവരുടെ ഗോള്‍ നേടിയതോടെ സിറ്റി ജയിച്ചുകയറി. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ സിറ്റിയുടെ വമ്പന്‍ വിജയമാണിത്.

ആദ്യ ഗോളിന് ശേഷം ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയുടെ അവസാന പതിനഞ്ച് മിനിറ്റിലും രണ്ടാം പകുതിയിലും അവിശ്വസനീയമായ പ്രകടനമാണ് ടീം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനെയും ഞങ്ങള്‍ക്ക് പേടിയില്ലെന്നും സിറ്റി കോച്ച് പെപ്പ് ഗോര്‍ഡിയോള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.