ചൈന മസൂദ് അസറിനൊപ്പം ; ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം പാസായില്ല

Thursday 14 March 2019 7:45 am IST
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള പ്രമേയത്തെ  ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തു. ഇത് നാലാം തവണയാണ് പ്രമേയത്തെ ചൈന എതിര്‍ക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

അതേസമയം, പ്രമേയം പാസാകാത്തതില്‍ നിരാശയെന്ന് ഇന്ത്യ പ്രതികരിച്ചു. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. 

ആകെ 15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ ഒരംഗം എതിര്‍ത്തതിനാലാണ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെപോയതെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

പ്രമേയത്തില്‍ നിലപാടറിയിക്കാന്‍ ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യുഎന്‍ അനുവദിച്ചിരുന്ന സമയം ഇന്നലെ രാത്രി 12.30 ന് അവസാനിച്ചതിനെതുടര്‍ന്ന് നടത്തിയ വോട്ടെടുപ്പിലാണ് ചൈന നിലപാടില്‍ ഉറച്ച് തന്നെയെന്ന് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിയു കാങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ചൈന മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ എതിര്‍ക്കുന്നത്.

അതേസമയം, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടന്നാണ് യുഎസ് നിലപാട്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.