കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ ഭൂരിപക്ഷത്തിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കി വിവിധ കീഴ്കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 23 കേസുകളില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് എം.സി. കമറുദ്ദീനെയും കണ്‍വീനര്‍ എ. ഗോവിന്ദന് നായരെയും പ്രതിയാക്കിയതായും പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അസി. ഐജി പി. അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെന്ന കമറുദ്ദീന്റെയും ഗോവിന്ദന് നായരുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നു സത്യവാങ്മൂലം പറയുന്നു. ഹര്‍ത്താല്‍ പ്രഖ്യാപനം ശ്രദ്ധയില്‍ പെട്ട കോടതി തന്നെയാണ് ഹര്‍ജി പ്രത്യേകം പരിഗണിച്ചത്.
ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് ലംഘിച്ചതിനെതിരെ മൂന്നു പേര്‍ക്കെതിരെയും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഈ കേസിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: