പ്രളയക്കെടുതി സഹായം; പെരുമാറ്റച്ചട്ടത്തില്‍ ആശയക്കുഴപ്പം

Thursday 14 March 2019 9:45 am IST

ആലപ്പുഴ: മഹാപ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ റീബില്‍ഡ് ആപ്പില്‍ ഉള്‍പ്പെട്ടവരും, ഉള്‍പ്പെടാത്ത കുടുംബങ്ങളും ധനസഹായം ലഭിക്കാതെ വലയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ധനസഹായം എപ്പോള്‍ നല്‍കാനാകുമെന്ന ആശയക്കുഴപ്പത്തില്‍ ഉദ്യോഗസ്ഥരും. 

തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യം ഉണ്ടാകുമെന്നും അതിനാല്‍ വീട് തകര്‍ന്നവര്‍ക്ക് ആദ്യ ഗഡു സഹായമെങ്കിലും ഇതിന് മുമ്പ് നല്‍കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ സഹായം നല്‍കുന്നത് വൈകി. വീട് തകര്‍ന്നവരുടെ പട്ടിക പൂര്‍ത്തിയാക്കുകയും ആദ്യ ഗഡു തുക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ പെരുമാറ്റച്ചട്ടം സഹായം നല്‍കുന്നതിന് ബാധകമാകില്ലായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മഴക്കാലവും തുടങ്ങും. സഹായം ലഭിക്കാത്തവര്‍ വീണ്ടും ദുരിതത്തിലാകാനാണ് സാധ്യത. 

പ്രളയം കഴിഞ്ഞ് ഏഴ് മാസമായിട്ടും 15 ശതമാനത്തിലധികം പേര്‍ക്ക് അക്കൗണ്ടില്‍ ഇനിയും പണം എത്തിയിട്ടില്ല. നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് 1000 മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുന്നത്. റീബില്‍ഡ് ആപ്പിന്റെ വിവരശേഖരണം  പൂര്‍ത്തിയായിട്ടുമില്ല. ആലപ്പുഴ ജില്ലയില്‍ 61,989 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായതെന്ന് റീബില്‍ഡ് ആപ്പിലെ കണക്കുകള്‍ പറയുന്നു. പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വില്ലേജ് ഓഫീസറും പഞ്ചായത്ത് എന്‍ജിനീയറും ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. നിരവധി പേര്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ്. പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അപ്പീല്‍.

രണ്ടാം ഘട്ടത്തില്‍ ഈ അപേക്ഷകള്‍ അനര്‍ഹപട്ടികയില്‍ ഉള്‍പ്പെട്ടു. അപ്പീലുകള്‍ പഞ്ചായത്തുകളാണ് സ്വീകരിക്കുന്നത്.  ഇതില്‍ പരിശോധന പൂര്‍ത്തിയാകുന്നതുവരെ വീട്ടില്‍ യാതൊരു പണിയും നടത്താന്‍ കഴിയില്ല. പുനഃപരിശോധന കഴിഞ്ഞ് ലിസ്റ്റില്‍ ഇടം നേടിയാലും റീബില്‍ഡ് ആപ്പില്‍ ആദ്യം ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയതിനു ശേഷമേ അപ്പീലുകാരെ പരിഗണിക്കുകയുള്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. 

എന്നാല്‍ വീടിന് നാശനഷ്ടമുണ്ടാകാത്തവര്‍ കൂട്ടത്തോടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിവര ശേഖരണത്തിലും ആപ്പ് തയാറാക്കിയതിലും വ്യാപക പിശക് സംഭവിച്ചുവെന്നുമാണ് അപ്പീല്‍ നല്‍കിയവരുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.