കരാറില്ലാതെ ബ്രക്‌സിറ്റില്‍ നിന്ന് പുറത്തുപോകണ്ടെന്ന് പാര്‍ലമെന്റ്

Thursday 14 March 2019 10:48 am IST

ലണ്ടന്‍ :  യൂറോപ്യന്‍ യൂണിയനില്‍ നിന്നും കരാറില്ലാതെ പുറത്താവുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് എതിര്‍ത്തു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കരാറില്ലാതെ വിടുതല്‍ തേടുന്ന നോഡീല്‍ ബ്രക്‌സിറ്റ് സാധ്യത 278ന് എതിരെ 321 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് തള്ളിയത്. ഇതോടെ ബ്രക്‌സിറ്റ് നടപ്പിലാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയിന് വന്‍ തിരിച്ചടിയായി.

അടുത്തുതന്നെ ബ്രക്‌സിറ്റ് വീണ്ടും പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് ഇടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മേയ്. അടുത്ത ആഴ്ച തന്നെ കരാറിന്മേല്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. ഇതിലും വിജയിക്കാനായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇനിയും വൈകും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇതേ സ്ഥിതി തുടരാനും സാധ്യതയുണ്ട്. 

ബ്രക്‌സിറ്റ് ഇതിനു മുമ്പ് അവതരിപ്പിച്ചപ്പോള്‍ 149 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് തള്ളിയത്. പിന്നീട് കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് ഇത് വീണ്ടും വോട്ടിനിട്ടത്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന കരാറിന് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചതില്‍ നിന്നും ഒരു മാറ്റവും ഇല്ലെന്ന് പാര്‍ലമെന്റ് എംപിമാര്‍ അറിയിച്ചു. വ്യക്തമായ കരാര്‍ പോലും അവതരിപ്പിക്കാനാകാത്ത തെരേസ മേയ് സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. 

മൂന്നാം തവണയും കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ മാര്‍ച്ച് 29ന് വേര്‍പിരിയല്‍ അനുവദിക്കേണ്ടെന്ന് യൂറോപ്യന്‍ യൂണിയന് തീരുമാനിക്കാനാകുമെന്ന് തെരേസ അറിയിച്ചു. ബ്രക്‌സിറ്റിന് അനുമതി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നത് നീട്ടിവെയ്ക്കണോ എന്ന തീരുമാനമാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവശേഷിക്കുന്നത്. വ്യക്തമായ കരാറുണ്ടാക്കി സുഗമമായ രീതിയിലുള്ള വിടുതല്‍ ഉറപ്പാകുന്നത് വരെ ബ്രകിസിറ്റ് നീട്ടിവെയ്ക്കണമെന്നാണ് പാര്‍ലമെന്റ് ആവശ്യപ്പെടുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനും ശക്തമായ നിലപാടെടുക്കുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ബ്രക്‌സിറ്റ്