അമേരിക്ക ഇന്ത്യയില്‍ ആറ് ആണവനിലയങ്ങള്‍ സ്ഥാപിക്കും

Thursday 14 March 2019 10:52 am IST

വാഷിങ്‌ടെണ്‍: ഇന്ത്യയില്‍ അമേരിക്കയുടെ ആറ് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യ സുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ആന്‍ഡ്രിയ തോംസണ്‍ എന്നിവര്‍ തമ്മില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ധാരണയായത്.

രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഒരു പതിറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

പീറ്റേഴ്‌സ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 2017ല്‍ വെസ്റ്റിങ് ഹൗസിന് സംഭവിച്ച സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികള്‍ തടസപെടുകയായിരുന്നു. 2016ലും റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ കരാറായിരുന്നെങ്കിലും പദ്ധതികള്‍ക്ക് ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

2024 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആണവോര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ റഷ്യയുമായും ഇന്ത്യ കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ ഒപ്പു വെച്ചിരുന്നു. ഇതിനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.