ബലാകോട്ട് വ്യോമാക്രണത്തെ ശരിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Thursday 14 March 2019 12:11 pm IST
ചെരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേല്‍ക്കൂരയില്‍ മൂന്നിടത്ത് തുള വീണിട്ടുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള ദ്വാരങ്ങളാണു മേല്‍ക്കൂരയിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്‌പൈസ് ബോംബുകള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ഭീകരരെ കൊല്ലുകയാണ് ചെയ്തതെന്ന കേന്ദ്രസര്‍ക്കാരിന്റേയും വ്യോമസേനയുടേയും വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇത്.

 

ന്യൂദല്‍ഹി : ബലാകോട്ട് ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ബലാകോട്ടിലെ ജെയ്‌ഷെ ഇ മുഹമ്മദിന്റെ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം വിജയം കണ്ടതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീട മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബലാകോട്ട് പരിശീലനം നടത്തിയിരുന്ന ഭീകരര്‍ താമസിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

ബലാകോട്ട് വ്യോമാക്രമണം വ്യാജമാണെന്ന വിധത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമ്പോഴാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണിതെന്നാണ് റിപ്പോട്ടില്‍ പറയുന്നത്. ഇതുവരെ പുറത്തുവന്നതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിത്.

ചെരിഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേല്‍ക്കൂരയില്‍ മൂന്നിടത്ത് തുള വീണിട്ടുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള ദ്വാരങ്ങളാണു മേല്‍ക്കൂരയിലുള്ളത്. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ച സ്‌പൈസ് ബോംബുകള്‍ കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളില്‍ തുളച്ചുകയറി ഭീകരരെ കൊല്ലുകയാണ് ചെയ്തതെന്ന കേന്ദ്രസര്‍ക്കാരിന്റേയും വ്യോമസേനയുടേയും വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇത്. 

ബലാക്കോട്ട് ജെയ്‌ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസറും സഹോദരന്‍ അബ്ദുല്‍ റൗഫും മുതിര്‍ന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണു ഹോസ്റ്റല്‍ കെട്ടിടം ഉള്ളത്. ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവുമാണ് കെട്ടിടത്തിനുള്ളത്. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രത്തിലും വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ലക്ഷ്യത്തിന്റെ മൂന്നു മീറ്ററിനുള്ളില്‍ മാത്രം കൃത്യമായി നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേല്‍ നിര്‍മിത സ്‌പൈസ് 2000 ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജെയ്‌ഷെ ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകള്‍ വര്‍ഷിച്ചുവെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറു ബോംബുകളാണ് ഇന്ത്യന്‍ സേന കരുതിയിരുന്നത്. ഇതില്‍ ഉപയോഗിച്ച അഞ്ചെണ്ണവും കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്തു.

വ്യോമാക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് സൈനികന്‍ പറയുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുകൂടാതെ പാക് അധിനിവേശ കശിമിര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകനും ബലാകോട്ട് വ്യോമാക്രമണം നടന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ ഇതുസംബന്ധിച്ച് എന്തോ മറച്ചുവെയ്ക്കുന്നുണ്ട്. വ്യോമാക്രമണത്തിനു ശേഷം മൃതദേഹങ്ങള്‍ ഖൈബര്‍ പഖ്തൂണ്‍ മേഖലയിലേക്ക് മാറ്റിയതാകാമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറിയിച്ചു. ഇല്ലെങ്കില്‍ പ്രദേശം സന്ദര്‍ശിക്കുന്നതിന് മാധ്യമങ്ങളെ വിലക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.