ടോം വടക്കന്റെ വരവ് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കം - ശ്രീധരന്‍ പിള്ള

Thursday 14 March 2019 3:18 pm IST

തിരുവനന്തപുരം: ടോം വടക്കന്റെ വരവ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇനിയും ഇത് തുടരുമെന്നും ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.  ടോം വടക്കന്റെ വരവ് നേരത്തെ തന്നെ അറിഞ്ഞിരുന്ന താന്‍ മാധ്യമങ്ങളോട് പറയാതിരുന്നതാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാണെന്നും ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. 20 വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ മുഖ്യധാര നേതാക്കളില്‍ പ്രമുഖനാണ്. പ്രധാനനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും നന്ദി പറഞ്ഞാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത കാര്യം പ്രഖ്യാപിച്ചത്.  തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ദല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വാക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദേശീയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്‍ പങ്കെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.