പ്രമുഖ മ്യൂസിക് കമ്പനികളുടെ ഗാനങ്ങള്‍ ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാം

Thursday 14 March 2019 8:59 pm IST

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളായ ടി-സീരീസിന്റെയും സീ മ്യൂസികിന്റെയും യാഷ് രാജ് ഫിലിംസിന്റെയും മേധാവികളുമായി ലൈസന്‍സിംഗ് ധാരണയിലെത്തിയതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ഈ കമ്പനികളുടെ ഗാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടുത്താം. ഇതിന് മുന്‍പ് പകര്‍പ്പാവകാശ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു.

ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ആയിരക്കണക്കിന് ഗാനരംഗങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്ക് വെച്ച് തങ്ങളുടെ പ്രിയങ്കരമായ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനാകുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലെ പ്രമുഖ സംഗീത കമ്പനികളുമായി പങ്കാളിത്ത ധാരണയിലെത്താന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നും ഉപഭോക്താക്കള്‍ക്ക് ഇനി പരിധിയില്ലാതെ ഇതിന്റെ സൗകര്യം ആസ്വദിക്കാന്‍ കഴിയുമെന്നും ഫേസ്ബുക്ക് വക്താവ് മനീഷ് ചോപ്ര പറഞ്ഞു.

ബോളിവുഡ് ഗാനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വെക്കാനുള്ള അനുവാദം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ലഭ്യമാകുന്നത് അവരുടെ ആസ്വാദന സ്വാതന്ത്ര്യത്തിന് പുത്തന്‍ വര്‍ണങ്ങള്‍ നല്‍കുമെന്ന് ടി-സീരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.