കൂരിരുട്ടില്‍ കരിമ്പൂച്ചയെ തേടുന്നവര്‍

Friday 15 March 2019 1:42 am IST

ഒരുപക്ഷേ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ക്കൂടി മാത്രമായിരിക്കും സിപിഎം, സിപിഐ അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ ചിഹ്നത്തില്‍ മത്സരിക്കുക. ഇന്ത്യയില്‍ അതിവേഗം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികളാണ് രണ്ടും. വ്യക്തമായ നയമില്ലാത്തതും ഇന്ത്യന്‍ ദേശീയതയെ തള്ളിപ്പറയുകയും, ദേശവിരുദ്ധ ശക്തികള്‍ക്കും, മതതീവ്രവാദികള്‍ക്കും പരസ്യമായി പിന്തുണ നല്‍കുകയും ചെയ്തതും ഒക്കെക്കൂടിയായപ്പോള്‍ ഈ പാര്‍ട്ടികള്‍ നാശോന്‍മുഖമായി. 

ഒന്നാം ലോക്‌സഭയില്‍ (1957) പ്രധാന പ്രതിപക്ഷമായിരുന്ന കക്ഷിയാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐക്ക് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിക്കാന്‍ പോലും ശേഷി ഉണ്ടായിരുന്നു അക്കാലത്ത്. കമ്മ്യൂണിസ്റ്റ് നേതവായ എകെജിയ്‌ക്കെതിരെ കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുപോലും ധൈര്യം കാട്ടിയിരുന്നുമില്ല എന്ന് പറയുന്നവരുണ്ടായിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലും മാത്രമല്ല ഇന്ത്യയുടെ ഹൃദയഭൂമിയായ ഹിന്ദി സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം ഉണ്ടായിരുന്നു.  

പാര്‍ട്ടികോണ്‍ഗ്രസ്സുകളില്‍ ഒന്നാമത്തേത് 1943 മെയ് 28 മുതല്‍ ജൂണ്‍ 1വരെ മുംബൈയിലായിരുന്നു. പഞ്ചാബിലെ അമൃതസറില്‍ 1958 ഏപ്രില്‍ 6 മുതല്‍ 13 വരെ നടന്ന 5-ാം പാര്‍ട്ടികോണ്‍ഗ്രസ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനത്തെയും, ശക്തിയേയും വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. അമൃത്‌സര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ പഞ്ചാബിലും, ബീഹാറിലും, ആന്ധ്രയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം ഏല്‍ക്കുമെന്നും അവയെ യഥാക്രമം സത്യപാല്‍ ഡാംഗ്, ചതുരാനന്‍ മിശ്രേ, പി. സുന്ദരയ്യ എന്നിവര്‍ നയിക്കുമെന്നും സൂചിപ്പിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആന്ധ്രയിലെ ഖമ്മം, ബീഹാറിലെ ബഗുസരായി, ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ഒറീസ്സയിലെ ബര്‍ഹാംപൂര്‍, മദ്ധ്യപ്രദേശിലെ ശിവപുരി, രാജസ്ഥാനിലെ കോട്ട, ബിക്കാനര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 'പാര്‍ട്ടി ഗ്രാമങ്ങള്‍' പോലും ഉണ്ടായിരുന്നു. ആദ്യലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ 13% വോട്ടും തുടര്‍ന്ന് 18% വോട്ടും നേടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടു കഷ്ണങ്ങളായ സിപിഎം 2.73% വോട്ടും സിപിഐ 0.78% വോട്ടുമാണ് ഇക്കഴിഞ്ഞ 2014ലെ തെരഞ്ഞെടുപ്പില്‍ നേടാനായത്.

സായുധ കലാപത്തിലൂടെ ഇന്ത്യന്‍ ഭരണാധികാരം പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1948 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഏഴുവരെ കല്‍ക്കട്ടയില്‍ നടത്തിയ പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വീകരിച്ചത്. കല്‍ക്കട്ടാ തീസിസ് എന്നറിയപ്പെട്ടിരുന്ന സിദ്ധാന്തവും, അതുനടപ്പിലാക്കുവാന്‍ ചുമതലപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായ ബി.ടി.രണദിവെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ദേശവിരുദ്ധ നിലപാടുകളുടെ സാക്ഷ്യപത്രങ്ങളാണ്. സിപിഎം രൂപീകൃതമായതിനു ശേഷം 1964 ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍നടന്ന പാര്‍ട്ടികോണ്‍ഗ്രസിന്റെ കണക്കനുസരിച്ച് 1,18,683 അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. 2019ലെ കണക്ക് പ്രകാരം അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും സിപിഎമ്മിന്റെ അവസ്ഥ പരിതാപകരമാണ്. സിപിഎം സ്വീകരിച്ച വിപ്ലവങ്ങള്‍ക്ക് മൂര്‍ച്ചയില്ലായെന്ന് പറഞ്ഞുകൊണ്ട് 1967ല്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി എന്ന സ്ഥലം കേന്ദ്രീകരിച്ച് സിപിഎം നേതാക്കളായ ചാരു മജുംദാറിന്റെയും, കനു സന്യാലിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സിപിഐഎംഎല്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.  

ഒരുകാലഘട്ടത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബുദ്ധിജീവികളെ സൃഷ്ടിച്ചിരുന്ന കേന്ദ്രമാണന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇന്ന് അവിടെനിന്നു പുറത്തുവരുന്നവര്‍ ദേശവിരുദ്ധരോ, ദേശവിരുദ്ധരെ പിന്തുണയ്ക്കുന്നവരോ ആണെന്നുള്ളതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന ദേശവിരുദ്ധ നിലപാടുകളുടെ ഉദാഹരണമാണ്. കേഡര്‍പാര്‍ട്ടിയാണെന്ന് സ്വയം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വിടുവായാടിത്തം പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യവുമായി അതിന് പുലബന്ധംപോലും ഇല്ലെന്ന് കാണാവുന്നതാണ്. ദീര്‍ഘകാലം അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന അംഗമായിരുന്നു സിപിഐ നേതാവായിരുന്ന മിത്രാസെന്‍ യാദവ്. അദ്ദേഹം ഉത്തര്‍പ്രദേശിലെ സിപിഐയുടെ സംസ്ഥാന സെക്രട്ടറി പദവിവരെ വഹിച്ചിരുന്ന ആളായിരുന്നു. 1966 മുതല്‍ 1991വരെ ഉത്തര്‍പ്രദേശ് വിദാന്‍സഭ മുതല്‍ ലോക്‌സഭയില്‍വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്നു.  1995 മാര്‍ച്ചമാസം 4-ാം തീയതി അദ്ദേഹം സിപിഐയോട് വിടപറഞ്ഞ് തന്റെ സ്വത്തുക്കള്‍ മുഴുവന്‍ മുലായംസിംഗ് യാദവിന്റെ സമാജ് പാര്‍ട്ടിക്ക് നല്‍കി സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. പലപ്പോഴും സിപിഎമ്മില്‍നിന്നും നേതാക്കന്മാരോ, എംഎല്‍എമാരോ മറ്റുപാര്‍ട്ടിയില്‍ ചേരാറില്ലെന്ന് സിപിഎം സ്വയം അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ തൃപുര നിയമസഭ സ്പീക്കറായിരുന്ന കിഷോര്‍ ജാമദീയ, അഗര്‍ത്തല എംഎല്‍എ വിശ്വജിത്ത്ദത്ത, രാഹുല്‍സിന്‍ഹ എംഎല്‍എ അടക്കം തൃപുരയിലെ സിപിഎം നേതാക്കളായ മദന്‍മോഹന്‍ ഗായല്‍, ആയുഷ്‌ബൊല്ലെ, ഹരാദന്‍ഗായന്‍ തുടങ്ങിയ എത്രയോപേര്‍ ബിജെപിയില്‍ചേര്‍ന്നത് അങ്ങാടിപ്പാട്ടായിട്ടും  ഇപ്പോഴും സിപിഎം അത് അരമനരഹസ്യമായി കാത്തുസൂക്ഷിക്കുകയാണ്. ആന്ധ്രാപ്രദേശിലെ സിപിഎം റ്റിവി ചാനല്‍ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിക്ക് വിറ്റത് 2019 ജനുവരിയിലാണ്. തൃപുരയിലെ മുതിര്‍ന്ന സിപിഐ നേതാവും മുന്‍മന്ത്രിയും ആയിരുന്ന മനീന്ദ്ര റിയാല്‍ ബിജെപിയുടെ സഖ്യകക്ഷിയില്‍ ജെഡി.യുവില്‍ തന്റെ അനുയായികള്‍ക്കൊപ്പം ചേര്‍ന്നത് 2019 ഫെബ്രുവരിയിലാണ്. സിപിഐലും സിപിഎമ്മിലും ചിന്താശക്തി നശിക്കാതെയും,  ബുദ്ധിമാന്ദ്യം സംഭവിക്കാതെയും ഇരുന്നവര്‍ മുഴുവന്‍ ആ പ്രസ്ഥാനങ്ങളോട് വിടപറഞ്ഞു എന്നാണ് യാഥാര്‍ത്ഥ്യം. 1950, 1960 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിഴലോ, അസ്ഥിപഞ്ജരമോ ആകുവാന്‍പോലും ഇന്നത്തെ സിപിഐയ്ക്കും, സിപിമ്മിനും കൂടി കഴിയുന്നില്ല. തങ്ങളുടെ പ്രസ്ഥാനത്തില്‍ വിശ്വസിച്ച ആയിരങ്ങളെ ചതിക്കും, വഞ്ചനയ്ക്കും, കൊലക്കത്തിക്കും ഇരയാക്കിയതും ഈ പാര്‍ട്ടികളുടെ മുഖമുദ്രയാണല്ലോ.

ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചില കുഞ്ഞിക്കാലുകളെയെങ്കിലും എത്തിക്കാന്‍ പാര്‍ട്ടിയുടെ ബുദ്ധിപ്രഭാവമായിരുന്ന ഇഎംഎസ്സ് പറഞ്ഞ മുഖ്യ ശത്രുവായ കോണ്‍ഗ്രസ്സുമായിതന്നെ 'യച്ചൂരി  സിപിഎം' കൂട്ടുകൂടിയെന്നത് തകര്‍ന്നുനിന്ന ആ പ്രസ്ഥാനത്തെ കൂടുതല്‍ തരിപ്പണമാക്കും.  കേരളത്തിലൊഴികെ തമിഴ്‌നാട്ടിലും, പശ്ചിമബംഗാളിലും, തെലുങ്കാനയിലും അടക്കം എല്ലായിടവും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സുമായി അവിശുദ്ധ ബാന്ധവത്തിലാണ്. ലക്ഷ്യം ഒന്നുമാത്രം, ലോകാരാദ്ധ്യനായി മാറിയ നരേന്ദ്രമോദിയെ എതിര്‍ക്കുക. പകരം രാഹുല്‍ഗാന്ധിയെ സിംഹാസനത്തില്‍ അവരോധിക്കുക. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കപട നിലപാടുകള്‍ ഭാരത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.  കൂരിരുട്ടില്‍ കരിമ്പൂച്ചയെ തേടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഭൂമികയില്‍ നിന്ന് അപ്രത്യക്ഷമാകും. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.