മഹാരാഷ്ട്രയുടെ മനസ്സു പറയുന്നത്

Friday 15 March 2019 1:50 am IST
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48ല്‍ 41 സീറ്റും ബിജെപി-ശിവസേനസഖ്യം നേടിയിരുന്നു. എന്നാല്‍ മോദി അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്‍പേ സര്‍ക്കാരിനെയും ബിജെപി നേതൃത്വത്തെയും സ്ഥാനത്തും അസ്ഥാനത്തും ശിവസേന വിമര്‍ശിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സിനെ സന്തോഷിപ്പിച്ചത്. സേനയുമായുള്ള സഖ്യമില്ലാതെ ബിജെപിക്ക് സ്വന്തമായി അദ്ഭുതങ്ങള്‍ കാണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ്-എന്‍സിപി നേതൃത്വം മനപ്പായസമുണ്ടു.

രേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സ് കണ്ടുവച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭൂരിപക്ഷംസീറ്റും നേടിയ ഇവിടെ ഘടകകക്ഷിയായ ശിവസേന ഇടഞ്ഞതാണ് കോണ്‍ഗ്രസ്സിന് പ്രതീക്ഷനല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48ല്‍ 41 സീറ്റും ബിജെപി-ശിവസേനസഖ്യം നേടിയിരുന്നു. എന്നാല്‍ മോദി അധികാരമേറ്റ് അധികം കഴിയുന്നതിനു മുന്‍പേ സര്‍ക്കാരിനെയും ബിജെപി നേതൃത്വത്തെയും സ്ഥാനത്തും അസ്ഥാനത്തും ശിവസേന വിമര്‍ശിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സിനെ സന്തോഷിപ്പിച്ചത്. സേനയുമായുള്ള സഖ്യമില്ലാതെ ബിജെപിക്ക് സ്വന്തമായി അദ്ഭുതങ്ങള്‍ കാണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ്-എന്‍സിപി നേതൃത്വം മനപ്പായസമുണ്ടു.

ഇണങ്ങിയും പിണങ്ങിയും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കൃത്യം 20 ദിവസം മുന്‍പ് ബിജെപിയും ശിവസേനയും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചു. ബിജെപി അധ്യക്ഷന്‍ അമിത്ഷായും മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നവിസും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ നടന്നത് ചരിത്രപരമായ പ്രഖ്യാപനം തന്നെയാണ്. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലുമാണ് മത്സരിക്കുക. സ്വന്തം വിഹിതത്തില്‍നിന്ന് ഘടകകക്ഷികള്‍ക്കും ബിജെപി സീറ്റു നല്‍കും.

കൗമാര പ്രണയകഥ പോലെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബിജെപി-ശിവസേനാബന്ധം. പരസ്പരം വിമര്‍ശനങ്ങളും പരിഭവങ്ങളും ഉന്നയിച്ച ഇരു പാര്‍ട്ടികളും തനിച്ച് മത്സരിക്കാനുള്ള അവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതെന്ന് പലരുംകരുതി. സഖ്യം എപ്പോള്‍ വേണമെങ്കിലും തകരാമെന്ന് പലരും പ്രവചിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ഒരുമിച്ചു. പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീണ്ടും വേര്‍പിരിഞ്ഞു. ഇതൊക്കെ രാഷ്ട്രീയ പ്രതിയോഗികളെ സന്തോഷിപ്പിച്ചത് സ്വാഭാവികം.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലം മുതല്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുവരെ ശിവസേനയായിരുന്നു 'ബിഗ് ബ്രദര്‍' എന്നു പറയാം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റ് നേടിയപ്പോള്‍ ശിവസേനയ്ക്ക് 18 സീറ്റാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി തുല്യപങ്കാളിത്തം ആവശ്യപ്പെട്ടെങ്കിലും ശിവസേന അംഗീകരിച്ചില്ല. ഇതോടെ സഖ്യം വിട്ട് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. ഫലം ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും, പാര്‍ട്ടിയുടെ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാവുകയും ചെയ്തു.

നേതൃത്വം മാറ്റുരയ്ക്കുമ്പോള്‍

ശക്തമായ ഭരണമാണ് ഫഡ്‌നവിസ് കാഴ്ചവച്ചത്. ഇത് സംസ്ഥാനത്തുടനീളം ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിച്ചു. ശിവസേനയെ കുറച്ചൊന്ന് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സംസ്ഥാന ജനസംഖ്യയിലെ 33% വരുന്ന മറാത്തകള്‍ക്ക് 16% ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തിയ ഒറ്റ നടപടി മാത്രം മതി ഫഡ്‌നവിസിന്റെ നേതൃപാടവത്തിന് തെളിവായി. നിലവിലുള്ള ഒബിസി സംവരണത്തില്‍ മാറ്റം വരുത്താതെയാണിത്. കോണ്‍ഗ്രസ്സ്-എന്‍സിപി സഖ്യത്തിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ നടപടി പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന് വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ബിജെപി-ശിവസേന സഖ്യം വഴിപിരിയുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും കരുതിയാണ് എന്‍സിപി-കോണ്‍ഗ്രസ്സ് നേതാക്കള്‍ പലരും മത്സരത്തിന് കച്ചമുറുക്കിയത്. രംഗത്തിറങ്ങാന്‍ ആദ്യം മടിച്ചുനിന്ന പവാര്‍ പിന്നീട് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതേ പവാര്‍തന്നെ, താന്‍ മത്സരിക്കാനില്ലെന്നും മരുമകന്‍ പാര്‍ഥ പവാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും പ്രഖ്യാപിച്ചത് പരാജയഭീതികൊണ്ടാണ്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയാനുഭവമുള്ള, മറാത്ത കരുത്തനായി അറിയപ്പെടുന്ന പവാറിന് സംസ്ഥാന രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ നന്നായറിയാമല്ലോ.

സംസ്ഥാനത്ത് നേതൃദാരിദ്ര്യം നേരിടുന്ന കോണ്‍ഗ്രസ്സ്, എന്‍സിപിയുടെ പിന്‍ബലത്തിലാണ് മത്സരത്തിനൊരുങ്ങിയതുതന്നെ. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മുന്‍മുഖ്യമന്ത്രിമാരായ അശോക്ചവാന്‍, പൃഥ്വിരാജ്ചവാന്‍, സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ്‌നിരുപം തുടങ്ങിയവരൊക്കെ നേതാക്കളായുണ്ടെങ്കിലും പ്രതിച്ഛായ നഷ്ടപ്പെട്ടവരാണ്. നിരുപമിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന അഭിപ്രായമാണ് പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്.

മറാത്ത വിഭാഗങ്ങളുടെ അത്രയും വരില്ലെങ്കിലും മറ്റൊരു സ്വാധീന ശക്തിയാണ് ജനസംഖ്യയില്‍ 9% വരുന്ന ധങ്കര്‍ സമുദായം. എന്‍സിപിയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന ബരാമതി, മാധ, സത്താറ, സോളാപൂര്‍ എന്നീ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാവും. ഈ സമുദായത്തിന്റെ നേതാവായ മഹാദേവ ജന്‍കര്‍ ബിജെപിക്കൊപ്പമാണെന്നു മാത്രമല്ല, സംസ്ഥാന മന്ത്രിയുമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെ ഇക്കുറിയും എന്‍സിപി ശക്തികേന്ദ്രങ്ങളെ എന്‍ഡിഎയ്‌ക്കൊപ്പം നിര്‍ത്താന്‍ ജന്‍കറിനാവുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നു.

നരസയ്യ പറഞ്ഞ സത്യം

നരേന്ദ്ര മോദിക്കെതിരെ മഹാസഖ്യത്തിന് ശ്രമിച്ചതാണ് കോണ്‍ഗ്രസ്സിന് മഹാരാഷ്ട്രയിലും കനത്ത തിരിച്ചടിയേറ്റത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നഷ്ടം വരുത്തും. ബാരിപ് ബഹുജന്‍ മഹാസംഘിന്റെ നേതാവ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ചത് ദളിത് വിഭാഗങ്ങള്‍ക്കിടയിലെ പിന്തുണ കുറയ്ക്കും. പ്രകാശ് അംബേദ്കറും, അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎഐഎമ്മും ഒരുമിച്ചു മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സ്-എന്‍സിപി സഖ്യത്തിന്റെ 5% വോട്ട് പിടിച്ചേക്കും. 

മോദി ഭരണത്തെക്കുറിച്ച് മഹാരാഷ്ട്ര എങ്ങനെ ചിന്തിക്കുന്നു എന്നതിന് തെളിവാണ് സിപിഎം സംസ്ഥാന സെക്രട്ടറി നരസയ്യ ആദം അടുത്തിടെ നടത്തിയ പരസ്യപ്രഖ്യാപനം. സോളാപൂരിലെ അസംഘടിത ജനവിഭാഗങ്ങള്‍ക്ക് ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചുനല്‍കിയ പ്രധാനമന്ത്രി മോദിക്ക് നന്ദിയുണ്ട് എന്നാണ് മോദിയും മുഖ്യമന്ത്രി ഫഡ്‌നവിസും പങ്കെടുത്ത യോഗത്തില്‍ നരസയ്യ പ്രഖ്യാപിച്ചത്. മോദി സര്‍ക്കാരിനെതിരെ കര്‍ഷക കലാപം നയിക്കുന്ന നാട്ടിലെ പാര്‍ട്ടിയുടെ വക്താവാണ് ഇങ്ങനെ പറഞ്ഞതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സത്യം തുറന്നുപറഞ്ഞ നരസയ്യയെ പാര്‍ട്ടിയില്‍നിന്ന് സിപിഎം പുറത്താക്കി. രാഷ്ട്രീയ എതിരാളികളുടെ പോലും മനസ്സില്‍ പാവങ്ങളുടെ പടത്തലവനായ മോദിയാണെന്നുള്ളത് എന്നര്‍ത്ഥം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയുടെ മനസ്സ് ഇതുപോലെയാവും പ്രതികരിക്കുകയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.