പ്രതിപക്ഷത്തെ കുഴയ്ക്കുന്ന ചോദ്യം; നേതാവാര് ?

Friday 15 March 2019 1:47 am IST

പ്രതിപക്ഷ സഖ്യമാണ് ഭരണത്തിലെത്തുന്നതെങ്കില്‍ ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയാകും രാജ്യത്തിന്. ആഴ്ചയില്‍ ആറ് പ്രധാനമന്ത്രിമാര്‍. ഞായറാഴ്ച അവധിയും''. ബിജെപിക്കെതിരായ വിശാല സഖ്യ നീക്കങ്ങളെ ഓരോ വേദിയിലും പരിഹസിക്കുകയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയാണ് ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ആരാണ് നിങ്ങളുടെ നേതാവ്? ആരെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയാക്കുക? ബിജെപിയുടെ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. 

മമത മുതല്‍ ദേവഗൗഡ വരെ

പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുന്നവരുടെ നീണ്ട നിരയാണ് പ്രതിപക്ഷത്ത്. കൊല്‍ക്കത്തയിലെ ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റില്‍നിന്നും ദല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കണ്ണുവെച്ചിട്ട് കാലമേറെയായി. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാമതാണ് (42) ബംഗാള്‍. കുറച്ചധികം സീറ്റുണ്ടെങ്കില്‍ തട്ടിക്കൂട്ട് മുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായി ദല്‍ഹിക്ക് പറക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിനൊപ്പം മാസങ്ങള്‍ക്ക് മുന്‍പ് മമത ശ്രമം തുടങ്ങി. എന്നാല്‍ കല്‍ക്കത്തയില്‍ നടത്തിയ പ്രതിപക്ഷ മഹാറാലിയില്‍ റാവു പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന് ശേഷം ടിആര്‍എസ് ബിജെപി പാളയത്തിലെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. 

ബിഎസ്പി അധ്യക്ഷ മായാവതിയാണ് മറ്റൊരു പ്രധാനമന്ത്രി സ്ഥാനമോഹി. ഏറ്റവുമധികം സീറ്റുള്ള ഉത്തര്‍ പ്രദേശ് (80) പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന നിരീക്ഷണമാണ് മായാവതിയുടെ ആഗ്രഹത്തിന് ശക്തിപകരുന്നത്. 2014ല്‍ മുഴുവന്‍ സീറ്റിലും മത്സരിച്ച ബിഎസ്പിക്ക് ഒറ്റ സീറ്റു പോലും ലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച് കിട്ടിയത് 19 സീറ്റ്. രാഷ്ട്രീയമായി തുടച്ചുനീക്കപ്പെടുമെന്ന ഭയമാണ് ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടി (എസ്പി)യുമായി സഖ്യമുണ്ടാക്കിയതിന് കാരണം. മുലായം സിംഗ് യാദവ്, ശരത് പവാര്‍, എച്ച്.ഡി. ദേവഗൗഡ, അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവരും രംഗത്തുണ്ട്. പ്രധാനമന്ത്രിയായി ആരാണ് മനസ്സിലുള്ളതെന്ന ചോദ്യത്തിന് 'ഞാന്‍ തന്നെ'യെന്ന് മറുപടി പറഞ്ഞ യശ്വന്ത് സിന്‍ഹയും പ്രതിപക്ഷത്തിന്റെ 'പ്രതീക്ഷ'യാണ്. 

തെരഞ്ഞെടുപ്പ് കഴിയട്ടെ

പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന വിശദീകരണമാണ് പാര്‍ട്ടികള്‍ ഇപ്പോള്‍ നല്‍കുന്നത്. ഒരാളെ പ്രഖ്യാപിച്ചാല്‍ മറ്റുള്ളവര്‍ വിട്ടുപോകുമെന്നതാണ് സാഹചര്യം. ഇവര്‍ക്കെങ്ങനെ ഒരുമയോടെ രാജ്യത്തെ നയിക്കാനാകുമെന്നതും പ്രശ്‌നമാണ്. വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് വിശദീകരിച്ച് ഒളിച്ചോടുകയാണ് പ്രതിപക്ഷം. ഇത്രകാലവും വ്യത്യസ്ത ചേരികളില്‍നിന്ന് പോരാടിയവരാണ് അവസരവാദ സഖ്യമുണ്ടാക്കി ആശയത്തെക്കുറിച്ച് സംസാരിക്കുന്നത്. 

രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും പതനം കൂടിയാണ് പ്രതിപക്ഷ സഖ്യം ഓരോ ദിവസവും തുറന്നുകാട്ടുന്നത്. കോണ്‍ഗ്രസ് തിരിച്ചെത്തുമെന്ന പ്രതീക്ഷ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്കില്ല. രാഹുലിനെ നേതാവായി അംഗീകരിക്കാനും അവര്‍ തയാറല്ല. അതിനാലാണ് യുപിയില്‍ എസ്പിയും ബിഎസ്പിയും കൂടെക്കൂട്ടാതിരുന്നത്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുടെ ദയാവായ്പ് പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയെ ഈ അവസ്ഥയിലെത്തിച്ചതിന്റെ ക്രെഡിറ്റ് രാഹുലിന് തന്നെയാണ്. 

വൈരുദ്ധ്യങ്ങളുടെ സഖ്യം

കഴിഞ്ഞ മാസം ദല്‍ഹി ജന്തര്‍ മന്ദറില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലി ഐക്യത്തേക്കാള്‍ വൈരുദ്ധ്യങ്ങളുടെ സമ്മേളനമായി മാറുകയാണുണ്ടായത്. മമതയെത്തുന്നതിന് മുന്‍പ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയും വേദി വിട്ടു. മമതയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ ബംഗാളിലെ പ്രവര്‍ത്തകര്‍ കോപിക്കും. പരിപാടി നടന്നുകൊണ്ടിരിക്കെ ശാരദ ചിട്ടി തട്ടിപ്പ് വിഷയത്തില്‍ ബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ തൃണമൂലിനെതിരെ ആഞ്ഞടിച്ചു. ഇതിലുള്ള രോഷം മമത വേദിയില്‍ തുറന്നുപറഞ്ഞു. 

കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരായി ജന്മമെടുത്ത എഎപിയാണ് റാലി സംഘടിപ്പിച്ചതെന്നതിനാല്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. പകരം മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ അയച്ചു. ശര്‍മ ഒരിക്കലും ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കാത്ത റാലിയായിരുന്നു അത്. മമതയും കെജ്‌രിവാളും മത്സരിച്ച് കോണ്‍ഗ്രസ്സിനെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ജന്തര്‍ മന്ദറില്‍ നടന്ന ഇതുപോലൊരു റാലിയാണ് യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയതെന്ന് പറഞ്ഞ് കെജ്‌രിവാള്‍ കോണ്‍ഗ്രസ്സിന്റെ അഴിമതി കാലത്തേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി. ദല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും എഎപി ജയിക്കണമെന്ന് മമത പറയുന്നതും നിശ്ശബ്ദനായി ശര്‍മയ്ക്ക് കേട്ടിരിക്കേണ്ടി വന്നു. ചന്ദ്രശേഖര റാവു, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ പ്രധാന നേതാക്കള്‍ റാലിയില്‍ പങ്കെടുത്തതുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.