കോണ്‍ഗ്രസ്സിന് രാജ്യവിരുദ്ധ നിലപാട്

Friday 15 March 2019 1:15 am IST

? ഇരുപത് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പ്രവര്‍ത്തനം. ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ എന്താണ് കാരണം

 നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ചത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ തിരിച്ചടിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് വേദനിപ്പിച്ചു. ആരൊക്കെ മരിച്ചു, എത്ര മൃതദേഹം കിട്ടി. എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതൊക്കെ ചോദിക്കാന്‍ കഴിയുന്നത്. ദേശസ് നേഹി എന്ന നിലയ്ക്ക് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ഇന്ത്യയുടെ ദേശീയതയെയാണ് കോണ്‍ഗ്രസ് ആക്രമിക്കുന്നത്.  വ്യോമസേനയെ വിശ്വാസിക്കാത്തത് എന്തുകൊണ്ടാണ്. രാജ്യവിരുദ്ധ നിലപാടെടുത്ത കോണ്‍ഗ്രസ്സിനോടുള്ള പ്രതിഷേധമാണ് രാജി. 

? കോണ്‍ഗ്രസ് ആദ്യം പിന്തുണച്ചിരുന്നു

 ചോദ്യം ചെയ്ത എത്രയോ നേതാക്കളുണ്ട്. പത്ത് പേരുടെ പേരുകള്‍ വേണമെങ്കില്‍ പറയാം. ഞാന്‍ പാര്‍ട്ടിയുടെ വക്താവായിരുന്നു. അതിനാല്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. രാജ്യത്തെ സ്‌നേഹിക്കുന്നവരെ ഞാന്‍ പിന്തുണയ്ക്കും. രാജ്യം ഉണ്ടെങ്കിലേ നമ്മളുള്ളൂ. ഇതുവരെ ഒരു സര്‍ക്കാരും ഭീകരവാദത്തിനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. 

? കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് കരുതുന്നുണ്ടോ

 പദവികള്‍ക്ക് പുറകെ പോയിട്ടില്ല. പ്രവര്‍ത്തകരുമായും ജനങ്ങളുമായും കോണ്‍ഗ്രസ്സിന് ബന്ധമില്ല. ഗ്രൂപ്പിസത്തിന്റെ പേരില്‍ തല്ലുകൂടുന്നു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പ്പര്യമില്ല. സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ സംരക്ഷകരാണെന്ന് പറയുന്നതല്ലാതെ എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്.  ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും പള്‍സ് മനസ്സിലാക്കാന്‍ പറ്റാത്ത നേതൃത്വം പ്രശ്‌നമാണ്. 

? ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമോ

 ബിജെപിയിലേക്ക് ഒരു ഒഴുക്കുണ്ട്. ഞാനുമായി ബന്ധപ്പെട്ട പലരും ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോള്‍ ചേരും എന്നതൊക്കെ അവര്‍ക്കാണ് അറിയുന്നത്.  

? മുന്‍പ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്താകും പുതിയ ചുമതല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

 അന്ന് സംസാരിച്ചത് കോണ്‍ഗ്രസ് വക്താവായാണ്. ഇപ്പോള്‍ സംസാരിക്കുന്നത് ടോം വടക്കനാണ്. പാര്‍ട്ടിയുടെ ലൈനാണ് വക്താവ് പറയുന്നത്. വ്യക്തിപരമായ നിലപാടല്ല. ബിജെപിയില്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. എവിടെ ഉപയോഗിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഉപാധികളില്ലാതെയാണ് ചേര്‍ന്നത്. 

? മോദിഭരണത്തെക്കുറിച്ച്

 വികസനമാണ് മോദിയുടെ അജണ്ട. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഇനിയും അവസരങ്ങള്‍ നല്‍കണം. മോദിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. അടുത്ത തവണയും ഭരണത്തിലെത്തും. കേരളത്തിലും ബിജെപി വലിയ മുന്നേറ്റം നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.