അവരില്ലെങ്കിലും അവരിവിടെയുണ്ട്...

Thursday 14 March 2019 11:52 pm IST

പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്‌പേയിയുടെ വാക്ചാതുരി കുറഞ്ഞുവെന്ന് പരാതി പറഞ്ഞവരില്‍ വാഗ്മിയായിരുന്ന സുകുമാര്‍ അഴീക്കോടുമുണ്ടായിരുന്നു. പക്ഷേ, പ്രമോദ് മഹാജനുമായി അത്ര അടുപ്പമുള്ളവര്‍ക്ക്, പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ പരാതിയില്ലായിരുന്നു. കാരണം, വാജ്‌പേയിയുടെ നാവും മനസ്സുമായിരുന്നു മഹാജന്‍ അക്കാലത്ത്. എന്റെ ലക്ഷ്മണനെന്നു വാജ്‌പേയി വിശേഷിപ്പിച്ചു പ്രമോദിനെ. ഈ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്, മഹാജനും വാജ്‌പേയിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വിടവ്. പക്ഷേ, അവരില്ലെങ്കിലും അവരിവിടെയുണ്ട്, എവിടെയുമുണ്ട്. 

അടല്‍ജിയെന്ന് ആദരത്തോടെ ഏവരും പറഞ്ഞിരുന്ന വാജ്‌പേയി അന്തരിച്ച 2018 ആഗസ്ത് 16 ന്, പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍, ട്വിറ്ററില്‍ പങ്കുവെച്ചതാണ് ഈ ചിത്രം. മുംബൈയില്‍ ബിജെപിയുടെ രജതജൂബിലി ദിനത്തില്‍ നടന്ന ആഘോഷ ദിവസത്തെ ഓര്‍മച്ചിത്രം. 

ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ അധ്യക്ഷ കൂടിയായ പൂനം എഴുതി: 'എനിക്കറിയാം നിങ്ങള്‍ അവിടെ ഒന്നിച്ചാണെന്ന്.' മഹാജന്‍ വാജ്‌പേയിയെ അത്ര സ്‌നേഹ ബഹുമാനങ്ങളോടെ  ബാപ്ജി എന്നാണ് വിളിച്ചിരുന്നതെന്ന് പൂനം പറയുന്നു. 'അച്ഛനും മകനും പോലെയായിരുന്നു അവര്‍ തമ്മില്‍. ചെറുപ്പത്തിലേ എന്റെ അച്ഛന്റെ അച്ഛന്‍ മരിച്ചു. അടല്‍ജിയേയും അദ്വാനിജിയേയുമായിരുന്നു അച്ഛന്‍ ഏറെ ആശ്രയിച്ചിരുന്നത്. അടല്‍ജിക്ക് അച്ഛനുമായി അത്ര ഗാഢബന്ധമുണ്ടായിരുന്നു. 

ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അച്ഛന്‍ അടല്‍ജിയോടു കാണിച്ചിരുന്ന അര്‍പ്പണവും വൈകാരികതയും. ആ കണ്ണുകളിലും പ്രവൃത്തികളിലും ഞാനത് കണ്ടിരുന്നു. അടല്‍ജി ഞങ്ങള്‍ക്ക്, അമ്മയ്ക്ക്, ചേട്ടന്, കുടുംബത്തിന് അനുഗ്രഹമായിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.'

പതിനമൂന്നു വര്‍ഷം മുമ്പ് മെയ് രണ്ടിനായിരുന്നു മഹാജന്റെ വേര്‍പാട്. പൂനത്തിന്റെ മാത്രമല്ല, കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇതാണ് വികാരം. മഹാജനും അടല്‍ജിയും ഇല്ലാത്ത ഈ പൊതു തെരഞ്ഞെടുപ്പില്‍, പക്ഷേ അവര്‍ ഇവിടെയുണ്ട്, എവിടെയുമുണ്ട്....

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.