തെങ്കാശി ചൂടുപിടിക്കുന്നു

Friday 15 March 2019 1:32 am IST

തെങ്കാശി: കേരളത്തിന് മുമ്പേ തെരഞ്ഞെടുപ്പെത്തുന്ന തമിഴ്‌നാട്ടില്‍ പ്രചാരണം ചൂടുപിടിക്കുന്നു. സംവരണ മണ്ഡലമായ തെങ്കാശിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇതിനോടകം പ്രചാരണം ആരംഭിച്ചു. 'പുതിയ തമിഴകം' എന്ന സമുദായസംഘടനയുടെ  സ്ഥാപകനേതാവ് ഡോ.കെ. കൃഷ്ണസ്വാമിയാണ് സ്ഥാനാര്‍ത്ഥി. നിലവില്‍ തെങ്കാശി മണ്ഡലത്തിലെ സിറ്റിങ് എംപി എഐഡിഎംകെയുടെ വസന്തി മുരുഗേശനാണ്. 

എഐഡിഎംകെ, എന്‍ഡിഎയുടെ ഭാഗമായ സാഹചര്യത്തിലാണ് സീറ്റ് പുതിയ തമിഴകത്തിന് നല്‍കിയത്. അതേസമയം, ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ അടങ്ങിയ യുപിഎ  മുന്നണി തെങ്കാശി സീറ്റ്—ആര്‍ക്കു നല്‍കണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സീറ്റിനായി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുസ്ഥാനാര്‍ഥികളായ അപ്പാദുരൈ, ലിംഗം തുടങ്ങിയവര്‍ തെങ്കാശി മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇടതുപാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെടുന്നത്.

തെങ്കാശി, കടയനെല്ലൂര്‍, വാസുദേവനെല്ലുര്‍, ആലങ്കുളം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായും രാജപാളയം, വിരുദുനഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഭാഗികമായും ചേരുന്നതാണ് തെങ്കാശി ലോക്‌സഭാ മണ്ഡലം. ഏപ്രില്‍ പതിനെട്ടിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ധാരാളമുള്ള തമിഴ് വോട്ടര്‍മാര്‍ തെങ്കാശി മണ്ഡലത്തിലെ രാഷ്ര്ട്രീയനീക്കങ്ങള്‍ ഉറ്റുനോക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.