എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് നേതൃത്വവുമായി മുസ്ലീം ലീഗ് രഹസ്യചര്‍ച്ച നടത്തി

Friday 15 March 2019 2:51 am IST

മലപ്പുറം: മുസ്ലീം ലീഗ് നേതൃത്വം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ചര്‍ച്ച നടത്തിയത്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ ബുധനാഴ്ച രാത്രിയായിരുന്നു രഹസ്യകൂടികാഴ്ച.

മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് കുഞ്ഞാലിക്കുട്ടിയും ബഷീറും ഹോട്ടലിലെത്തിയതെങ്കില്‍ നസറുദ്ദീന്‍ എളമരം അഞ്ചുപേര്‍ക്കൊപ്പമാണ് വന്നത്. രാത്രി എട്ടുമണിയോടെ നസറുദ്ദീന്‍ എളമരവും മറ്റ് അഞ്ചുപേരും ഹോട്ടിലിലെത്തി. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ.ടി.മുഹമ്മദ് ബഷീര്‍ വന്ന് 105-ാം നമ്പര്‍ മുറിയെടുത്തു. അല്‍പസമയത്തിനകം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച തുടങ്ങി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചര്‍ച്ചക്ക് ശേഷം ഒമ്പതരയോടെയാണ്  എല്ലാവരും ഹോട്ടല്‍ വിട്ടത്.

പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ അവസ്ഥ വളരെ പരിതാപകരമായ അവസ്ഥയിലാണ് ഈ ചര്‍ച്ചയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ലീഗിനെ രഹസ്യമായി പിന്തുണച്ചിരുന്നു.

ഇത്തവണ നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍കൂടി നാളെ പ്രഖ്യാപിക്കുമെന്ന് എസ്ഡിപിഐ നേതൃത്വം അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ.സി.നസീറിനെയാണ് ഇപ്പോള്‍ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.