ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ വെടിവെപ്പ്; 49 പേര്‍ കൊല്ലപ്പെട്ടു

Friday 15 March 2019 9:43 am IST
ഇന്ത്യക്കാരായ ഒന്‍പതുപേരില്‍ ഹൈദരാബാദ് സ്വദേശി അഹമ്മദ് ജഹാംഗീര്‍ എന്നയാളുമുള്ളതായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ ഇന്ത്യക്കാരെന്ന് സംശയം. വെടിവെപ്പിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെ കാണാതായ വിവരം ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതിയാണ്  അറിയിച്ചത്. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനാ കര്‍മത്തില്‍ പങ്കെടുക്കാന്‍  എത്തുന്നതിന് തൊട്ടുമുമ്പാണ് അല്‍നൂര്‍ പള്ളിയില്‍ വെടിവെപ്പുണ്ടായത്. 

 കൃത്യമായ ആസൂത്രണത്തോടെയുള്ള ഭീകരാക്രമണമാണിതെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡാ ആര്‍ഡേണ്‍ പറഞ്ഞു. ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം 1.40നായിരുന്നു ആദ്യ ആക്രമണം.

ഇന്ത്യക്കാരായ ഒന്‍പതുപേരില്‍ ഹൈദരാബാദ് സ്വദേശി  അഹമ്മദ് ജഹാംഗീര്‍ എന്നയാളുമുള്ളതായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.

അക്രമികളിലൊരാള്‍ തങ്ങളുടെ രാജ്യത്തെ പൗരനാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സ്ഥിരീകരിച്ചു. ഇയാള്‍ വലതുപക്ഷ തീവ്രവാദിയാണെന്നു അദ്ദേഹം പറഞ്ഞു.

തലയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തിയ വെടിവെപ്പിന്റെ തത്സമയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അക്രമി പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തിയെട്ടുകാരനായ ബ്രണ്‍ടണ്‍ ടറാന്റ് എന്ന് അക്രമി ദൃശ്യങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഇനി ഒരറിയിപ്പുണ്ടാകും വരെ രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാന്‍ പോലീസ് നിര്‍ദേശം നല്‍കി. 

ആദ്യം വെടിവെപ്പുണ്ടായ അല്‍നൂര്‍ പള്ളിയില്‍ 41 പേര്‍ കൊല്ലപ്പെട്ടു. സൈനിക വേഷമണിഞ്ഞാണ് അക്രമി എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോമാറ്റിക് തോക്കുമായെത്തിയ അക്രമി, പള്ളിയിലെത്തിയവര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു.

വാഹനം നിര്‍ത്തിയിട്ട ശേഷം രണ്ട് തോക്കുകളുമായി പള്ളിയില്‍ കടന്ന ഇയാള്‍ അഞ്ച് മിനിട്ടോളം വിശ്വാസികള്‍ക്ക്  നേരെ നിര്‍ത്താതെ വെടിയുതിര്‍ത്തു. തിരികെ കാറിനടുത്തെത്തി തോക്കുകള്‍ മാറ്റി, ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാന്‍ വീണ്ടും പള്ളിക്കുള്ളില്‍ കയറി. ലിന്‍വുഡിലെ പ്രാന്ത പ്രദേശത്തുള്ള മുസ്ലിം പള്ളിയിലെ വെടിവെപ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു.

ന്യൂസിലാന്‍ഡുമായി ഇന്നു നടക്കാനിരുന്ന മൂന്നാം ടെസ്റ്റിന് ക്രൈസ്റ്റ്ചര്‍ച്ചിലെത്തിയതായിരുന്നു  ബംഗ്ലാദേശ് ടീം. കളിക്കാരുടെ വാഹനം പള്ളി വളപ്പില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് വെടിവെപ്പ് തുടങ്ങിയത്. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. 

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അനുശോചനം അറിയിച്ചു.

പോലീസ് അതീവജാഗ്രത പാലിക്കുന്നുണ്ട്. എന്നാല്‍, അന്തരീക്ഷം എത്രത്തോളം സമാധാനപരമാണെന്നതിനെ കുറിച്ച് ഉറപ്പിച്ച് പറയാനായിട്ടില്ല. കൂടുതല്‍ അക്രമങ്ങളുണ്ടാകുമോ എന്ന ഭയം വിട്ടുമാറിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും ന്യൂസിലാന്‍ഡിലേക്ക്  കുടിയേറിയവരാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.