എം.വി. രാഘവനെ സ്വീകരിച്ചവര്‍ക്ക് ഈ പോലീസുകാരനും ആഘോഷം!

Friday 15 March 2019 10:29 am IST

കൊച്ചി: കൂത്തുപറമ്പ് വെടിവെയ്പ്പിന് കാരണക്കാരനായ എം.വി. രാഘവനെ ഇരുകൈയും നീട്ടി സ്വീകരിച്ച സിപിഎമ്മിന് എറണാകുളത്തെ സ്ഥാനാര്‍ഥി പി. രാജീവിനെ കൈപിടിച്ച് പോലീസ് വാഹനത്തില്‍ കയറ്റിയ പോലീസ് ഉദ്യാഗസ്ഥന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും ആഘോഷം.

25 വര്‍ഷം മുമ്പ് നടന്ന സമരത്തില്‍ പി. രാജീവിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യാഗസ്ഥന്‍ മാര്‍ട്ടിന്‍ .പി.മാത്യു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതാണ് സിപിഎം സൈബര്‍ സഖാക്കള്‍ ആഘോഷമാക്കി മാറ്റുന്നത്.

അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പ്പു കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി നേതാവായിരുന്ന രാജീവിനെ അറസ്റ്റ്‌ചെയ്ത് വാഹനത്തിലേക്ക് കൊണ്ടുപോകുന്ന മാര്‍ട്ടിന്‍ കെ. മാത്യുവിന്റെ ചിത്രവും കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഇരിക്കുന്ന മാര്‍ട്ടിന്റെ ചിത്രവുമാണ് സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രാജീവിന് ത്യാഗപരിവേഷം നേടികൊടുക്കാന്‍ പരിശ്രമിക്കുന്നത്. 

പ്രീഡിഗ്രി ബോര്‍ഡിനെതിരെയും സ്വാശ്രയ നയത്തിനെതിരെയും സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി എം.വി. രാഘവനെ കൂത്തുപറമ്പില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് വെടിവെയ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്. വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് സിപിഎം അന്ന് വ്യാപക അക്രമമാണ് സംസ്ഥാനവ്യാപകമായി നടത്തിയത്.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു എറണാകുളം മഹാരാജാസിന്റെ മുന്നില്‍ പ്രതിഷേധം. വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കലാപ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന് നടത്തിയ സമരം വെറും ആഭാസ സമരമായി മാറിപ്പോയി. പിന്നീട് വന്ന ഇടത് സര്‍ക്കാരും യുഡിഎഫ് നടപ്പിലാക്കിയ സ്വാശ്രയനയവും പ്രീഡിഗ്രി ബോര്‍ഡും അംഗീകരിക്കുകയാണ് ചെയ്തത്. അന്നത്തെ വെടിവെയ്പിന് കാരണക്കാരനായ രാഘവനെ സ്വീകരിക്കുന്നതില്‍ ഒരു ഉളുപ്പും സിപിഎമ്മിനുണ്ടായില്ല.

രാഘവന്റെ മകന് പാര്‍ട്ടി സീറ്റ് നല്‍കി മത്സരിപ്പിക്കുകയും ചെയ്തു. അന്ന് രാഘവനോടൊപ്പം നിന്നിരുന്ന എം.കെ. കണ്ണനും ജി. സുഗണനും ഇപ്പോള്‍ ഇടത് മുന്നണിക്കൊപ്പമാണ്. ഇവരും നാളെ രാജീവിന് വേണ്ടി വോട്ടു പിടിക്കാന്‍ എത്തിയേക്കാം. അവരേയും ഇങ്ങനെ ആഘോഷിച്ചേക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.