എസ്എൻഡിപിക്കെതിരെയും അടവുനയം; അന്ന് ജാതി സംഘടന; ഇന്ന് നവോത്ഥാന പ്രസ്ഥാനം

Friday 15 March 2019 10:35 am IST

ആലപ്പുഴ: എസ്എൻഡിപി യോഗത്തെ എല്ലാക്കാലത്തും അധിക്ഷേപിക്കുകയും നേതൃത്വത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഎമ്മിന്റെ ഇപ്പോഴത്തെ സ്‌നേഹം തെരഞ്ഞെടുപ്പ് അടവുനയം മാത്രമെന്ന് ആക്ഷേപം ഉയരുന്നു. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയെ വെറും ജാതി സംഘടനയായി മാത്രമാണ് സിപിഎം കണ്ടിരുന്നത്. 

2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം,  'ജാതി സംഘടനകളും പാർട്ടിയും'' എന്ന പേരിൽ സിപിഎം ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. പിണറായി വിജയനായിരുന്നു  പാർട്ടി സെക്രട്ടറി. ആ രേഖയിൽ എസ്എൻഡിപിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'ഇന്ന് ഈ സംഘടന മുഖ്യമായും അബ്കാരിയിൽ നിന്നും സ്വത്ത് സമ്പാദിച്ച പുത്തൻകൂറ്റ് പണക്കാരുടെ കയ്യിൽ ഒതുങ്ങിയിരിക്കുന്നു. സംഘടന കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക്, തങ്ങളുടെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി ഈഴവ ജനസാമാന്യത്തെ വഞ്ചിക്കുകയാണ്.

  'വിവിധ ബഹുജന സംഘടനകൾ രൂപീകരിച്ച് കൊണ്ട് ബഹുജന പ്രസ്ഥാനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ് എസ്എൻഡിപി കൈക്കൊള്ളുന്നത്. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളേയും ഇതിന് വേണ്ടി ഉപയോഗിക്കുന്നു. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടി ഏറ്റവും വിപുലമായ ബഹുജന ഐക്യം വളർത്തിയെടുക്കേണ്ട ഈ കാലഘട്ടത്തിൽ ജാതീയമായ ഈ ചേരിതിരിവ് ഏറ്റവും അപകടകരമാണ്'. 

എസ്എൻഡിപിയേയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പാർട്ടിയുടെ ഔദ്യോഗിക രേഖകളിൽ പോലും അധിക്ഷേപിക്കുന്ന സമീപനം സ്വീകരിച്ച സിപിഎം ശബരിമല വിഷയത്തിൽ കൈപൊള്ളിയപ്പോൾ ഗതികെട്ട് എസ്എൻഡിപിയെ നവോത്ഥാന പ്രസ്ഥാനമായി വാഴ്ത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വ്യക്തിപരമായി പോലും അവഹേളിച്ച വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതി ചെയർമാനായി നിയോഗിക്കാനും നിർബന്ധിതമാകുകയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രം വെള്ളാപ്പള്ളിക്കും മറ്റു നേതാക്കൾക്കും എതിരെ നാല് കേസുകളാണെടുത്തത്. 

പുന്നപ്രവയലാർ സമരക്കാലത്ത് ആർ. ശങ്കറിനെ പോലുള്ള എസ്എൻഡിപി നേതാക്കൾ സമരത്തിന് പിന്നിലെ ചതി തുറന്നു കാട്ടിയിരുന്നു. അക്കാലയളവിൽ തുടങ്ങിയതാണ് എസ്എൻഡിപിയോടും നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ പക. അത് ഇപ്പോഴും തുടരുകയാണ്. അടവുനയങ്ങളുടെ ഭാഗമായി ചിലപ്പോൾ തുറന്നെതിർത്തും, മറ്റു ചിലപ്പോൾ സ്‌നേഹിച്ചും എസ്എൻഡിപിയെ തകർക്കുകയാണ് സിപിഎം എന്ന് എസ്എൻഡിപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.