ഇടുക്കി ജോസഫിന് നല്‍കണോ? കോണ്‍ഗ്രസിന് ആശങ്ക

Friday 15 March 2019 10:38 am IST

തൊടുപുഴ: കെ.എം. മാണി - പി.ജെ. ജോസഫ് പോരിനിടെ ഇടുക്കി സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച ജോസഫിനെ മാണി വെട്ടിയതാണ് പ്രതിസന്ധിക്കു കാരണം. കോട്ടയത്ത് ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടന്‍ പ്രചരണവും ആരംഭിച്ചു. ജോസഫിന്റെ ഇടച്ചിലില്‍ കോട്ടയത്ത് യുഡിഎഫ് തോല്‍വിയെ അഭിമുഖീകരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇടപെടണം എന്നാണ് അവശ്യമുയരുന്നത്. 

ഇടുക്കി സീറ്റ് ജോസഫിന് നല്‍കുകയും അവിടെ സ്വതന്ത്രനായി മത്സരിക്കാന്‍ അനുവദിക്കണമെന്നുമാണ് ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇടുക്കിയില്‍ സീറ്റ് നല്‍കിയാല്‍ മാണി വിഭാഗത്തില്‍ നിന്ന് പിരിയനാണ് ജോസഫിന്റെ തീരുമാനം. പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ ജോസഫ് അനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 

ഇടുക്കി സീറ്റ് ജോസഫിനു നല്‍കി കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കണം എന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്(എം) എംഎല്‍എ റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ ഉന്നയിച്ച് കഴിഞ്ഞു. ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നാണ് റോഷി പറഞ്ഞത്.

രണ്ടു സീറ്റ് നേടിയെടുക്കാനുള്ള കേരളാ കോണ്‍ഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമായി മാണി-ജോസഫ് പോരിനെ വിലയിരുത്തുന്നവരുമുണ്ട്. ജോസഫ് വിഭാഗം ഇടഞ്ഞത് യുഡിഎഫിനെ ആകെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ അവസ്ഥ മുതലെടുത്ത് എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സ്വന്തമാക്കാനാണ് കേരള കോണ്‍ഗ്രസ് നീക്കം.

കോട്ടയത്ത് ചാഴിക്കാടന്‍ പ്രചാരണം ആരംഭിച്ചതോടെ പി.ജെ. ജോസഫ് വിഭാഗത്തില്‍പ്പെട്ട രണ്ട് നേതാക്കള്‍ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ രാജിവച്ചതും സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമാണ്.

തെരഞ്ഞെടുപ്പ്  സമയത്ത് പാര്‍ട്ടി പിളരുകയോ വോട്ടെടുപ്പില്‍നിന്ന് ജോസഫ് വിഭാഗം വിട്ട് നല്‍ക്കുകയോ ചെയ്താല്‍ അത് വിജയത്തെ ബാധിക്കും. ഏത് വിധേനയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് മുതിര്‍ന്ന നേതാക്കളുടെ ശ്രമം. ഇതോടെ  ജോസഫ് ആദ്യം ആവശ്യം ഉന്നയിച്ച എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സീറ്റ് നല്‍കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങല്‍ നീങ്ങുന്നത്. പി.ജെ. ജോസഫ് സീറ്റിനര്‍ഹനാണോ എന്ന കാര്യം കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കിയത്.

വിട്ടുവീഴ്ചയില്ലെന്ന് മാണിവിഭാഗം 

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ഥി  നിര്‍ണയത്തെച്ചൊല്ലിയുണ്ടായ പ്രതിസന്ധിക്ക് അയവില്ല. കോണ്‍ഗ്രസ് നേതാക്കളുമായിട്ടുള്ള ചര്‍ച്ചയില്‍ കോട്ടയത്ത് പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് പകരം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കടുത്ത നിലപാടാണ് മാണിവിഭാഗം സ്വീകരിച്ചത്. 

തലവേദനയുണ്ടെന്ന് കരുതി തല വെട്ടിക്കളയാന്‍ പറ്റുമോ എന്ന് ചോദിച്ച് ഇടുക്കി എംഎല്‍എയും മാണിവിഭാഗത്തിന്റെ വക്താവുമായ റോഷി അഗസ്റ്റിനാണ് ജോസഫിനെ തള്ളി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ജോസഫ് വിഭാഗത്തെ ഇനി പാര്‍ട്ടി ചുമക്കണ്ടെന്നും മാണിവിഭാഗത്തില്‍ അഭിപ്രായമുണ്ട്. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതിലും മാണിവിഭാഗത്തില്‍ കടുത്ത അതൃപ്തിയുണ്ട്. 

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന പി.ജെ ജോസഫ് മാണിവിഭാഗം നേതാക്കളുടെ പ്രസ്താവനകളെ ഗൗരവത്തോടെ  കണക്കാക്കുന്നില്ല. കോണ്‍ഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് ജോസഫ് . ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കുമന്നൊണ് ജോസഫ് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്. ജോസഫിനെക്കൂടി ഉള്‍പ്പെടുത്തി സമവായ സാധ്യത പരിഗണിക്കണമെന്ന്് ജോസഫ് വിഭാഗത്തിലെ പ്രമുഖനായ മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.

അതേസമയം കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മൂന്ന് മണ്ഡലങ്ങളിലെ ജയസാധ്യത ബാധിച്ചെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിന്. കോട്ടയം കൂടാതെ പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അതിനാല്‍ മാണി വിഭാഗത്തിനോട് മൃദു സമീപനം വേണ്ടെന്ന നിലപാടും കോണ്‍ഗ്രസിനുണ്ട്.

തോമസ് ചാഴിക്കാടന്‍ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും കോട്ടയത്തെ കോണ്‍ഗ്രസ് സ്വാധീനമേഖലകളില്‍ പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി മണ്ഡലത്തില്‍ പോലും ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.