ന്യൂസിലാന്‍ഡ് വെടിവയ്പ്പ്: ദുഃഖം രേഖപ്പെടുത്തി മോദി

Friday 15 March 2019 7:56 pm IST
ആക്രമണത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും മോദി കത്തില്‍ പറയുന്നു. ഈ വേദന നിറഞ്ഞ നിമിഷത്തില്‍ ന്യൂസിലാന്‍ഡിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു.

ന്യൂദല്‍ഹി: 49 പേരുടെ മരണത്തിന് ഇടയാക്കിയ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് മോദി കത്തയച്ചു. ആരാധനാലയത്തിലുണ്ടായ ഏറ്റവും ഹീനമായ ആക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തില്‍ വ്യക്തമാക്കി.

ആക്രമണത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും മോദി കത്തില്‍ പറയുന്നു. ഈ വേദന നിറഞ്ഞ നിമിഷത്തില്‍ ന്യൂസിലാന്‍ഡിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നുവെന്ന് മോദി അറിയിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരെയും എതിര്‍ക്കുന്നുവെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് മോദി വ്യക്തമാക്കി. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യ രാജ്യത്ത് ഒട്ടും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. പിടിയിലാവരില്‍ ഒരാള്‍ ഓസ്ട്രേലിയന്‍ പൗരനാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അക്രമി വലതുപക്ഷ ഭീകരവാദിയാണെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.