ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ 9 ഇന്ത്യക്കാരെ കാണാനില്ല; വിവരങ്ങള്‍ കിട്ടിയാല്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി

Friday 15 March 2019 8:14 pm IST

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ നല്‍കണമെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോഹ്‌ലിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നുമാണ് ഒവൈസിയുടെ ട്വീറ്റ്. തന്റെ ഒരു സുഹൃത്തിന്റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. കണ്ടെത്താന്‍ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. വളരെ പ്രാധാന്യമുള്ള വിഷയമായതുകൊണ്ട് ആക്രമണത്തില്‍ ഇരയായവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ നല്‍കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൃത്യമായ വിവരം ലഭ്യമായതിന് ശേഷം വിശദാംശങ്ങള്‍ നല്‍കാമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഭീകരാക്രമണത്തിന് ശേഷം ഒന്‍പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.