ഉത്തര്‍പ്രദേശില്‍ വീണ്ടും ചരിത്രം രചിക്കാനുറച്ച് അമിത് ഷാ

Saturday 16 March 2019 1:45 am IST
വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം 25 മുതല്‍ 30 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് വിധിയെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കാത്തതായിരുന്നു അമിത് ഷായുടെ മറുപടി. 55 സീറ്റുകള്‍. പരിഹാസവും ആശ്ചര്യവും കലര്‍ത്തിച്ചിരിച്ച് അമിത്ഷായുടെ മറുപടിയെ കളിയാക്കിനിന്ന മാധ്യമ സംഘത്തോട് അല്‍പ്പമൊന്ന് ഇഷ്ടക്കേട് കാട്ടി തിരിഞ്ഞു നടക്കുന്നതിനിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. അത്രയും സീറ്റ് കിട്ടിയില്ലെങ്കില്‍ നിങ്ങളെന്റെ പേര് മാറ്റിക്കോളൂ എന്ന്. അത്രയേറെ ആത്മവിശ്വാസമായിരുന്നു അമിത് ഷായ്ക്ക്.

അഞ്ചു വര്‍ഷം മുമ്പ്, 2014 മെയ് 6 വൈകുന്നേരം വാരണാസിയില്‍ ഹോട്ടല്‍ സൂര്യയിലെ ലോബി. ദല്‍ഹിയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നത് യുപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുമായി ഗുജറാത്തില്‍ നിന്നെത്തി യുപിയില്‍ മാസങ്ങളായി താമസമാക്കിയ പഴയ ആഭ്യന്തരസഹമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ. അനൗപചാരികമായ ആ സംഭാഷണത്തിനിടെ എത്ര സീറ്റ് യുപിയില്‍ പിടിക്കും എന്ന ചോദ്യവുമെത്തി. വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം 25 മുതല്‍ 30 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് വിധിയെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കാത്തതായിരുന്നു അമിത് ഷായുടെ മറുപടി. 55 സീറ്റുകള്‍. പരിഹാസവും ആശ്ചര്യവും കലര്‍ത്തിച്ചിരിച്ച് അമിത്ഷായുടെ മറുപടിയെ കളിയാക്കിനിന്ന മാധ്യമ സംഘത്തോട് അല്‍പ്പമൊന്ന് ഇഷ്ടക്കേട് കാട്ടി തിരിഞ്ഞു നടക്കുന്നതിനിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. അത്രയും സീറ്റ് കിട്ടിയില്ലെങ്കില്‍ നിങ്ങളെന്റെ പേര് മാറ്റിക്കോളൂ എന്ന്. അത്രയേറെ ആത്മവിശ്വാസമായിരുന്നു അമിത് ഷായ്ക്ക്. ആ ആത്മവിശ്വാസം ബിജെപിക്ക് സഖ്യത്തിനു നേടിക്കൊടുത്തത് യുപിയില്‍ 73 സീറ്റുകള്‍.

2019 മാര്‍ച്ച് രണ്ടാംവാരം ഗ്വാളിയോര്‍:  ഇതേ ചോദ്യം സ്വയം ചോദിച്ചും ഉത്തരം നല്‍കിയും അമിത് ഷാ പറയുന്നു. ഇത്തവണ യുപിയില്‍ നിന്ന് ഒരു സീറ്റ് അധികം ലഭിക്കും. 73 സീറ്റുകളുണ്ടായിരുന്നു. അതൊരിക്കലും 72ലേക്ക് പോകില്ല. 74ലേയ്‌ക്കേ ഉയരൂ.  രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയാണ് ഇത്തവണ ബിജെപി അധികമായി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. 

അതേ....ബിജെപിയുടെയും അമിത് ഷായുടെയും ലക്ഷ്യങ്ങള്‍ സുവ്യക്തമാണ്. ഉത്തര്‍പ്രദേശ് തന്നെയാണ് അമിത് ഷാ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. യുപി പിടിച്ചാല്‍ ദല്‍ഹി പിടിക്കാം എന്നൊരു ചൊല്ല് തന്നെയുണ്ട് ദേശീയ രാഷ്ട്രീയത്തില്‍. എണ്‍പത് ലോക്‌സഭാ സീറ്റുകളാണ് യുപിയിലുള്ളത്. 2014ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 73 സീറ്റുകളുമായി ബിജെപി മുന്നണി സംസ്ഥാനത്ത് ചരിത്രനേട്ടം കൊയ്തു. സമാജ്‌വാദി പാര്‍ട്ടി അഞ്ചു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് റായ്ബറേലിയും അമേഠിയും നിലനിര്‍ത്തി. 

എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കടുത്ത ആഘാതമാണ് പ്രതിപക്ഷ കക്ഷികളെ കാത്തിരുന്നത്. ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളില്‍ 324 എണ്ണവും ബിജെപി സഖ്യത്തിന് ലഭിച്ചു. ബിജെപി 311 സീറ്റിലും അപ്‌നാ ദള്‍ 9 സീറ്റിലും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാല് സീറ്റുകളിലും വിജയിച്ചു. അതുവരെ സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 48 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മായാവതിയുടെ ബിഎസ്പിക്ക് ലഭിച്ചത് 19 സീറ്റുകളാണ്. കോണ്‍ഗ്രസ് വെറും ഏഴു സീറ്റുകളിലൊതുങ്ങി. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നാലും ബിജെപി വലിയ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കിയപ്പോള്‍ അമേഠി നിയമസഭാ മണ്ഡലം സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പിടിച്ചെടുത്തു. റായ് ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. ഇതിലും ഗുരുതരമാകും മെയ് ആദ്യവാരം ഇവിടെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്നാണ് യുപിയില്‍ നിന്നുള്ള വാര്‍ത്തകള്‍. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം

ആകെ മണ്ഡലം- 80

ബിജെപി- 71

അപ്‌നാ ദള്‍- 2

സമാജ് വാദി പാര്‍ട്ടി-5 

ബിഎസ്പി-0

കോണ്‍ഗ്രസ്-2

 

2017 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

ആകെ മണ്ഡലം- 403

ബിജെപി-311

അപ്‌നാ ദള്‍ -9

എസ്ബിഎസ്പി- 4

സമാജ് വാദി പാര്‍ട്ടി- 48

ബിഎസ്പി-19

കോണ്‍ഗ്രസ്- 7

മറ്റുള്ളവര്‍- 3

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.