പുതിയവര്‍ വരട്ടെ

Saturday 16 March 2019 1:01 am IST

എംഎല്‍എ സ്ഥാനത്തിരുന്ന് ലോക്സഭയിലേയ്ക്കു  മല്‍സരിക്കുന്നത് തെറ്റാണെന്നാണ് അഭിപ്രായം. ഓരോരാഷ്ട്രീയ പാര്‍ട്ടിയിലും എത്രയോ പേരുണ്ട് അവസരം ലഭിക്കാത്തവരായി. ഇതൊന്നും പരിഗണിക്കാതെ പത്തും ഇരുപതും കൊല്ലം എം പി / എം എല്‍ എ ആയിട്ടു ഇരുന്നതിനു ശേഷം മല്‍സരിക്കാന്‍ വരുന്നവരെ മാറ്റണം.  ജനപ്രാതിനിധ്യ നിയമത്തിലെ വലിയ ലൂപ്‌ഹോളാണ് സിറ്റിംഗ് ആയിട്ടുള്ളവര്‍ മല്‍സരിക്കുകയെന്നത്. മല്‍സരിച്ചു ജയിച്ചാല്‍ ഇവരില്‍ നിന്ന് ബൈ ഇലക്ഷനുള്ള പണം ഈടാക്കണമെന്നു പറയുന്നതിലും കാര്യമില്ല.

പഴുതടക്കാന്‍ ഇലക്ഷന്‍ കമ്മീഷന് പ്രത്യേക അധികാരമുണ്ടെങ്കില്‍ സിറ്റിംഗ് എം എല്‍ എ മാരുടെ എം പി സ്ഥാനാര്‍ത്ഥിത്വം അസാധുവായി പ്രഖ്യാപിക്കണം. സംശുദ്ധമാകട്ടെ നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയ. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി  പട്ടികയില്‍ കൊലക്കേസ് പ്രതികള്‍ മുതല്‍ ഭൂമി കയ്യേറ്റക്കാര്‍ വരെ കടന്നു കൂടിയതായി വാര്‍ത്ത. ഇക്കൂട്ടര്‍ ജനങ്ങളുടെ കോടതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നതോടെ നിരപരാധികളായി പരിഗണിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനങ്ങള്‍ അര്‍ഹിക്കുന്ന തരത്തില്‍ ഇത്തരക്കാര്‍ക്കു മറുപടി നല്‍കണം. 

-സോളമന്‍ കെ.എ, 

എസ്എല്‍പരം

അതു ചട്ട ലംഘനമല്ലേ?

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചതായി വായിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചതും പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതും രാഹുലിന് അറിയില്ലേ? രാജ്യത്തെ സ്ത്രീകളുടെ വോട്ട് നേടാനുള്ള അഭ്യാസമല്ലേയിത്? ആത്മാര്‍ഥതയുണ്ടെങ്കില്‍ 33 ശതമാനം സംവരണം വനിതാസ്ഥാനാര്‍ഥികളെ നിര്‍ത്തിക്കൊണ്ട് നടത്തിക്കാണിക്കൂ. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളം തന്നെ ഇതിനും ഒരു മാതൃകയാവട്ടെ.

ശ്രീജിത്ത്,  മരുതായി

മനുഷ്യനും ആഗോളതാപനവും 

ലോകം ഇതുവരെ അറിഞ്ഞ പൂര്‍വികസംസ്‌കാരങ്ങളില്‍ മിക്കതും തുടച്ചുമാറ്റപ്പെട്ടത് കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നാണ്. മനുഷ്യരാശിക്ക് ജീവിതം തുടരാനുള്ള  ഇടമാണ്  ഭൂമിയും അതിലെ ആവാസ വ്യവസ്ഥയും  എന്നത് മറന്നു പോവുകയും ഉപഭോഗിക്കാനും കീഴടക്കാനുമുള്ള ഒന്നാണ് ഇതെന്ന് കരുതുകയും ചെയ്യുമ്പോഴാണ് മനുഷ്യനും  ഭൂമിയും തമ്മിലുള്ള വിപര്യയം സംഭവിക്കുന്നത്.പ്രകൃതിയില്‍ നിന്നന്യമായ ഒരു നിലനില്‍പ്പ് മനുഷ്യനു സാധ്യമല്ലെന്നുറക്കെ പറഞ്ഞിട്ടുള്ള ഒരേ ഒരു സംസ്‌കൃതി സനാതന ഭാരത്തിന്റേതു മാത്രമാണ്. മനുഷ്യപുരോഗതിയെ കുറിച്ചുള്ള സകല ഊറ്റം കൊള്ളലുകള്‍ക്കും സമാന്തരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭീഷണി കൂടി ഇന്നുണ്ട് .ആഗോളതാപനം എന്ന സംഹാരാത്മകമായ   ശിഥിലീകരണ ശക്തിയാണത്.  ഭാരതീയകാഴ്ചപ്പാടില്‍ പ്രകൃതി, ശക്തിസ്വരൂപിണിയത്രെ. കീഴടക്കി ആസ്വദിക്കാനുള്ള ത്വരയല്ല, ആദരവിന്റേതാകണം പ്രകൃതിക്കുമുന്നില്‍ നമ്മുടെ ഭാവമെന്നു വേദങ്ങള്‍ അനുശാസിയ്ക്കുന്നു.ആദരവിന്റേതായ ആ ഭാവം കൈമോശം വന്നതാണ് ഇന്ന് ലോകമഭിമുഖീകരിക്കുന്ന പാരിസ്ഥിതിക അസന്തുലിതാവക്കു കാരണമെന്നു നാം അറിഞ്ഞുവരുന്നതേയുള്ളൂ. 

ഇക്കഴിഞ്ഞ ദിവസം പാലക്കാട് സന്ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയീ ദേവി, പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും  ഈശ്വരീയമായ കര്‍മ്മങ്ങളിലൂടെ അവയെ മറികടക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും  ഓര്‍മിപ്പിക്കുകയുമുണ്ടായി. പൂര്‍വികന്മാര്‍  കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍  പ്രകൃതി സംരക്ഷണത്തിന് പരിഹാരം കണ്ടെത്താന്‍  കഴിയുമെന്ന് അമ്മ പറഞ്ഞു. പൂര്‍വ്വികരുടെ  ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു.  പ്രകൃതിസന്തുലനം താറുമാറായതില്‍   ആധുനിക ശാസ്ത്രത്തിനു കൂടി പങ്കുണ്ട്. സനാതനകാഴ്ചപ്പാടിനെ എന്നും പരിഹാസപൂര്‍വ്വമാണ് മാര്‍ക്‌സിസവും ആധുനിക ശാസ്ത്രവുമടക്കമുള്ള ചിന്താധാരകള്‍ നോക്കികണ്ടത്. എന്നാല്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ കടമയെ കുറിച്ച് ഇന്ന് ആചാര്യ ശ്രേഷ്ഠന്മാര്‍ ഓര്‍മിപ്പിക്കുമ്പോള്‍ അതിനു ചെവികൊടുക്കേണ്ട ബാധ്യത ഏവര്‍ക്കുമുണ്ട്. പ്രകൃതിക്ക് മനുഷ്യാതീതമായ ഒരു അസ്തിത്വവും അതിനു മുനുഷ്യനേക്കാള്‍ വിവേചനപടുത്വവുമുണ്ട്. കേവലം അല്‍പ സമയത്തേക്ക് മനുഷ്യനൊഴികെയുള്ളവയെ ഈ ഭൂമിയില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ മനുഷ്യന് അതിജീവിക്കാനാവില്ല. മറിച്ചു അല്‍പ്പസമയത്തേക്ക് മനുഷ്യനെ ഈ ഭൂമിയില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം പുഷ്ടി പ്രാപിക്കുന്നത് കാണാമെന്നും അമ്മ പറഞ്ഞു. മനുഷ്യനെചൊല്ലി, പ്രകൃതിയെ കുറിച്ചുള്ള ആശങ്കയാണ് സത്യത്തില്‍ അമ്മയടക്കുള്ള ആധ്യാല്മികലോകം, ആധുനിക ശാസ്ത്രത്തിനു മുന്നില്‍ വെക്കുന്നത്. പോരടിച്ചു നശിക്കുന്ന മനുഷ്യകുലത്തോട് സനാതനധര്‍മം, അതിന്റെ നിരര്ഥകതെയെ കുറിച്ചു ഉദ്‌ബോദിപ്പ്പിക്കുമ്പോള്‍ മനുഷത്വവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങള്‍ പരിഹസിക്കുന്നത് സ്വാഭാവികം തന്നെ. 

പൂര്‍വ്വസൂരികളുടെ  ഈടുവെപ്പുകളില്‍ നിന്ന് നമുക്ക് ഊഹിച്ചെടുക്കാന്‍  മാത്രം കഴിയുന്ന ഐശ്വര്യസമൃദ്ധമായ ഒരു  ഭാരതം ധാര്‍മ്മികമായ  ജീവിതരീതിയുടെ പ്രതിഫലനം കൂടിയത്രെ. വൈയക്തികമോ മതപരമോ ആയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കൊളോണിയല്‍  ഭരണകൂടം തകര്‍ത്തു കളഞ്ഞ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തി ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.  

 മധു ഇളയത്, പാലക്കാട്

കര്‍ഷക പ്രതീക്ഷയുടെ നീരുറവ

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി സമാനതകളില്ലാത്ത ആശ്വാസവും പ്രത്യാശയുമാണു കര്‍ഷകര്‍ക്കു നല്‍കുന്നത്. പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും അങ്കലാപ്പും ഈ പദ്ധതിയുടെ സ്വീകാര്യത വിളിച്ചു പറയുന്നു. ഏറെ കടമ്പകളൊന്നുമില്ലാതെ കര്‍ഷകരുടെ കൈകളിലെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊപ്രയുടെ താങ്ങുവില 2000 രൂപയാക്കിയതും അംഗന്‍വാടി അധ്യാപികമാര്‍ക്കു നല്‍കിയ 2000 രൂപയുടെ ശമ്പള വര്‍ധനവും സാമ്പത്തിക പിന്നോക്കവിഭാഗത്തിനുള്ള സംവരണവും ഇതോടു കൂട്ടിവായിക്കണം. സാധാരണക്കാരെ സഹായിക്കുന്ന ഇത്രയേറെ പദ്ധതികള്‍ ഒരുമിച്ചു വരുന്നതു നടാടെയാണ്.

                       സി.കെ.ശിവജി, കരിവെള്ളൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.