കോണ്‍ഗ്രസ് അധ്യക്ഷന്റെ ആത്മവഞ്ചന

Saturday 16 March 2019 1:30 am IST

കോണ്‍ഗ്രസ്സും സിപിഎമ്മും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരേ തൂവല്‍ പക്ഷികളായി മാറിയിട്ട് കാലമേറെയായി. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദ്ധശത്രുക്കളായി മത്സരിച്ച ഇരുപാര്‍ട്ടികളും ഫലം പുറത്തുവന്നപ്പോള്‍ യാതൊരു ലജ്ജയുമില്ലാതെ ഒരുമിക്കുകയും സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരിനെ പ്രത്യക്ഷമായും, രണ്ടാം യുപിഎ സര്‍ക്കാരിനെ പരോക്ഷമായും പിന്തുണച്ച സിപിഎം ഇപ്പോഴും അത് തുടരുകയാണ്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന സിപിഎം മറ്റിടങ്ങളില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാട് എടുക്കുമെന്ന് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമബംഗാളിലെ സഖ്യത്തെക്കുറിച്ച് മൗനം പുലര്‍ത്തുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഇവിടെ ശത്രുത നടിച്ച് ജനവഞ്ചന കാണിക്കുകയാണ്. ഇതിന് തെളിവാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുലിന്റെ കേരള സന്ദര്‍ശനം.

കാസര്‍കോട് പെരിയയില്‍ സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ അവിടെവച്ച് സിപിഎമ്മിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് വ്യക്തമാവുകയും, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഒത്താശയോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തലയില്‍ കൈവച്ച് നിലവിളിക്കുമ്പോഴാണ് രാഹുലിന്റെ ഈ മൗനം. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇതില്‍ പ്രതിഷേധമൊന്നുമില്ല. അവര്‍ മദാമ്മാ ഗാന്ധിയുടെ അടിമകളാണല്ലോ. ദല്‍ഹിയില്‍ സീതാറാം യെച്ചൂരിയുടെയും മറ്റും തോളില്‍ കയ്യിട്ട് നടക്കുന്ന രാഹുല്‍ കേരളത്തിലെത്തി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് നേര്‍ക്ക് കണ്ണടയ്ക്കുകയായിരുന്നു.

സ്വന്തം പാര്‍ട്ടിയിലെ രണ്ട് യുവാക്കള്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായ കാസര്‍കോട്ടെത്തി, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടും അവിടെവച്ച് അതിനെ വിമര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന രാഹുല്‍ കോഴിക്കോട്ടെത്തി അത് സൂചിപ്പിക്കുക മാത്രം ചെയ്തത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ആത്മവഞ്ചനയാണ്. തുച്ഛമായ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്ത പാര്‍ട്ടിയുടെ മുഖമാണ് ഈ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് രാജ്യത്താകെ പാഞ്ഞു നടക്കുന്നയാളുമാണ്. ആരെങ്കിലുമൊക്കെ തൊണ്ടയില്‍ തിരുകിയിടുന്നതാണ് സൗകര്യംപോലെ പുറത്തെടുക്കുന്നത് എന്നതു കാര്യം വേറെ. തങ്ങളില്‍പ്പെട്ട രണ്ട് യുവാക്കളെ കൊന്നിട്ടുപോലും സിപിഎമ്മിനെതിരെ രോഷമൊന്നുമില്ലാത്ത ഇത്തരമൊരു നേതാവ് സ്വന്തം പാര്‍ട്ടിക്കു തന്നെ ഭാരമാണെന്ന് അധികം വൈകാതെ കോണ്‍ഗ്രസ്സുകാരും തിരിച്ചറിയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.