സൈനികരുടെ കഴിവില്‍ സംശയം ഉന്നയിച്ചവര്‍ ഒറ്റപ്പെടും

Saturday 16 March 2019 7:45 am IST

തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാടു വ്യക്തമാക്കുന്നു.

? ഭരണപരാജയം മറച്ചുവെയ്ക്കാനുള്ള ഉപാധിയായി ബിജെപി ദേശസുരക്ഷാ വിഷയത്തെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

 ഭീകരാക്രമണം നടക്കുന്ന സമയം തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നാണോ പറഞ്ഞുവരുന്നത്. ഭീകരാക്രമണം നടക്കുന്നത് പ്രവചിക്കാന്‍ രാജ്യത്ത് ആര്‍ക്കെങ്കിലും സാധിക്കുമോ? രാജ്യത്തിന്റെ ശത്രുക്കളാണ് അത് തീരുമാനിക്കുന്നത്. അത്തരം ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നത് എങ്ങനെയാണ് രാജ്യസുരക്ഷയെ രാഷ്ട്രീയവത്കരിക്കുന്നതാകുന്നത്. ഇങ്ങനെ ആരോപിക്കുന്ന ആളുകള്‍ സൈന്യത്തിനൊപ്പം പാറ പോലെ ഉറച്ചുനിന്നാല്‍ രാഷ്ട്രീയവത്കരണം ഉണ്ടാവില്ല. സൈനികരുടെ കഴിവില്‍ സംശയം ഉന്നയിച്ചവര്‍ ഒറ്റപ്പെടുകയാണ് ചെയ്തത്. അവര്‍ നിലപാട് പുനഃപരിശോധിക്കണം. രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതും ഭീകരര്‍ക്ക് തിരിച്ചടി നല്‍കുന്നതും ജനങ്ങള്‍ക്ക് ഭരണനേതൃത്വത്തില്‍ മതിപ്പുണ്ടാക്കും. 1965ലും ബംഗ്ലാദേശ് വിമോചന സമയത്തും ഇത് സംഭവിച്ചിട്ടുണ്ട്. 

? ബലാക്കോട്ടിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം താങ്കള്‍ 250ലെത്തിച്ചുവെന്നതാണ് ആരോപണം

 പല കേന്ദ്രങ്ങളില്‍നിന്നും നമുക്ക് വിവരങ്ങള്‍ ലഭിക്കും. നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഞാന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. എല്ലാവര്‍ക്കും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്. പാക് പാര്‍ലമെന്റ്, അവിടുത്തെ മാധ്യമങ്ങള്‍, നിയന്ത്രണരേഖ കടന്ന് പാക്് വിമാനങ്ങള്‍ ആക്രമണത്തിന് തുനിഞ്ഞത് തുടങ്ങിയവയെല്ലാം ബലാകോട്ട് ആക്രമണത്തില്‍ കനത്ത നാശമുണ്ടായെന്ന് തെളിയിക്കുന്നതാണ്. അല്ലെങ്കില്‍ പിന്നെന്തിനാണ് അവര്‍ 20 യുദ്ധവിമാനങ്ങള്‍ അയച്ചത്. ഇത് ഇതിന് മുന്‍പ് ഇങ്ങനെ നടന്നിട്ടുണ്ടോ. പാക്കിസ്ഥാനിലെ ഭീകരസംഘടനകളും നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ പ്രതിപക്ഷം മാത്രമാണ് തെളിവ് ആവശ്യപ്പെടുന്നത്. 

? ബിജെപി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് താങ്കള്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത് കുറയാനല്ലേ സാധ്യത

 പാര്‍ട്ടികളുടെ പ്രകടനമാണ് ഫലം നിര്‍ണ്ണയിക്കുന്നത്. ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും. വളരാനുള്ള മേഖലകള്‍ ഇപ്പോഴുമുണ്ട്. 

? ഉത്തര്‍പ്രദേശ് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. മൂന്ന് പ്രധാനപ്പെട്ട എതിരാളികളാണുള്ളത്

 മൂന്നല്ല, രണ്ട്. അതില്‍ ഒരു പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഒരു സീറ്റ് പോലുമില്ല. ഒരാള്‍ക്ക് അഞ്ച്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയപ്പോള്‍ ബിജെപി തോല്‍ക്കുമെന്നായിരുന്നു ചര്‍ച്ച. പക്ഷെ യുപിയില്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് പാര്‍ട്ടി നേടിയത്. 2014 അപേക്ഷിച്ച് ബിജെപിക്ക് ഇപ്പോള്‍ ശക്തമായ സംഘടനാ സംവിധാനമുണ്ട്. പ്രധാനമന്ത്രിയുടെ ജനപ്രീതി പലമടങ്ങ് വര്‍ധിച്ചു. ക്രമസമാധാനം മെച്ചപ്പെട്ടു. വികസനം യാഥാര്‍ഥ്യമായി വരുന്നു. ഏറെക്കാലത്തിന് ശേഷം യുപിയിലെ ജനങ്ങള്‍ എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന സര്‍ക്കാരിനെ അനുഭവിച്ചറിയുകയാണ്. 73 സീറ്റാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത്തവണ 74ലെത്തും. 72 ആകില്ല. 

? മോദിയുടെ ജനപ്രീതി വര്‍ധിച്ചെന്നാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടു. ഗുജറാത്തില്‍ ഭൂരിപക്ഷം കുറഞ്ഞു

  കാര്യങ്ങളെ തെറ്റായി വിലയിരുത്തുന്ന രീതിയാണത്. 2014ല്‍ ഞങ്ങള്‍ക്ക് ആറ് സര്‍ക്കാരുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 16 സര്‍ക്കാരുകള്‍. 12 ശതമാനത്തില്‍നിന്നും 50 ശതമാനം വിസ്തൃതിയിലേക്ക് പാര്‍ട്ടി വളര്‍ന്നു. 2.4 കോടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് 11 കോടിയിലെത്തി. സര്‍ക്കാരിന്റെ പദ്ധതികളില്‍ 22 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിച്ചു. അവരുടെ അനുഗ്രഹമുണ്ട്. 17 കോടി വോട്ടുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റാന്‍ സാധിക്കുന്ന തരത്തില്‍ സംഘടനാ സംവിധാനമുണ്ട്. അഴിമതിയില്ലാത്ത സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി.  

? റഫാല്‍ കരാറില്‍ പ്രതിപക്ഷം അഴിമതി ആരോപിക്കുന്നുണ്ട്

  നുണ പ്രചരിപ്പിക്കുന്നവര്‍ അനുഭവിക്കും. വെറുതെ അഴിമതി ആരോപിക്കുന്നത് ഗുണം ചെയ്യില്ല. ഈ ആരോപണം ഉന്നയിക്കുന്ന അവരുടെ പൂര്‍വചരിത്രം പരിശോധിക്കണം. സിഎജിയും സുപ്രീംകോടതിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഇനിയും ഇതുമായി മുന്നോട്ട് പോകുന്നത് ബൂമറാങ്ങാകും. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ തുടര്‍ച്ചയായി ഒരു പ്രതിരോധ കരാറില്‍ അഴിമതി ആരോപിക്കുകയാണ്. എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അവര്‍ക്ക് അറിയാം. 

കള്ളപ്പണം തിരിച്ചെത്തിക്കാന്‍ പ്രത്യേക സംഘം, നോട്ട് റദ്ദാക്കല്‍. ഷെല്‍ കമ്പനികള്‍ക്കെതിരെ മിന്നലാക്രമണം, വായ്പയെടുത്ത് മുങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ക്ക് നിയമം തുടങ്ങിയ ശക്തമായ നടപടികള്‍ അഴിമതികള്‍ക്കെതിരെ സ്വീകരിച്ചു. 

നോട്ട് റദ്ദാക്കല്‍ 1.3 ലക്ഷം കോടി രൂപയുടെ വസ്തുവകകള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാക്കി. യുപിഎ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് വായ്പ നല്‍കി. 2008ല്‍ 18 ലക്ഷം കോടി വായ്പയുണ്ടായിരുന്നത് 2014ല്‍ 52 ലക്ഷം കോടിയായി ഉയര്‍ന്നു. തിരിച്ചടവ് മുടക്കിയവരില്‍നിന്നും മൂന്ന് ലക്ഷം കോടി രൂപ ഈ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. നാട് വിട്ടവര്‍ക്ക് തിരിച്ചുവരാന്‍ പോലും ഭയമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.