മാണ്ഡ്യയില്‍ സ്വതന്ത്ര; സുമലത കൃഷ്ണയുമായി ചര്‍ച്ച നടത്തി

Saturday 16 March 2019 1:08 am IST

ബെംഗളൂരു: കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാണ്ഡ്യ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്  പ്രഖ്യാപിച്ച നടി സുമലത മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. 

ഇന്നലെ എസ്.എം. കൃഷ്ണയുടെ വീട്ടിലെത്തിയാണ് സുമലത ചര്‍ച്ച നടത്തിയത്. പ്രസിദ്ധ നടനും മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മൂന്നു തവണ മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത. 

മാണ്ഡ്യയില്‍ ബിജെപിയുടെ നിലപാട് മാര്‍ച്ച് 18ന് പ്രഖ്യാപിക്കുമെന്ന് എസ്.എം. കൃഷ്ണ പറഞ്ഞു. ആദ്യം സുമലത തീരുമാനം അറിയിക്കെട്ടെ അതിന് ശേഷം തന്റെ നിലപാട് പ്രഖ്യാപിക്കാമെന്നും അദ്ദേഹം അറിയിച്ചു. എസ്.എം. കൃഷ്ണയുടെ തീരുമാനമാകുമോ ബിജെപിയുടേതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിജെപിയും എസ്.എം. കൃഷ്ണയും രണ്ടല്ലെന്നും ഒന്നാണെന്നുമായിരുന്നു കൃഷ്ണയുടെ പറഞ്ഞു. 

കഴിഞ്ഞ നവംബറിലാണ് അംബരീഷ് മരിച്ചത്. അതിന് ശേഷം അംബരീഷിന്റെ ആരാധകരും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും സുമലതയോട് മാണ്ഡ്യയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ സമ്മതിച്ചില്ല. രാഷ്ട്രീയത്തില്‍ തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചു. പിന്നീട് സമ്മര്‍ദം ശക്തമായതോടെ അവര്‍ മത്സരിക്കാന്‍ തയാറായി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി. ഇതിനു ശേഷം ഇവര്‍ മണ്ഡലത്തില്‍ സജീവമായി. 

എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് ധാരണയില്‍ മാണ്ഡ്യ സീറ്റ് ജെഡിഎസ്സിന് നല്‍കി. ഇവിടെ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുമലത തയാറായത്. 

സുമലതയ്ക്ക് ഇതിനോടകം വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഒന്നടങ്കം സുമലതയെ പിന്തുണയ്ക്കുന്നു.

കന്നഡ സിനിമാതാരങ്ങളായ ദര്‍ശനും യഷും സുമലതയ്ക്ക് പിന്തുണ അറിയിച്ചു. ഇതോടൊപ്പം പ്രധാന കര്‍ഷക സംഘടനയായ റെയ്ത സംഘം സുമലതയ്ക്ക് പിന്തുണ നല്‍കി. ബിജെപി കൂടി പിന്തുണ നല്‍കിയാല്‍ ഇവിടെ സുമലതയുടെ വിജയം ഉറപ്പാകും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2,44,377 വോട്ട് ലഭിച്ചിരുന്നു. അതിനാല്‍ സുമലതയെ പിന്മാറ്റാനുള്ള നീക്കത്തിലാണ് ജെഡിഎസ് നേതൃത്വം. 

എന്നാല്‍ പിന്‍മാറില്ലെന്ന് അവര്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒത്തുതീര്‍പ്പെന്ന നിലയില്‍ മൈസൂരു സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും നിര്‍ദേശം തള്ളിയ സുമലത മത്സരിക്കുകയാണെങ്കില്‍ മാണ്ഡ്യയില്‍ തന്നെയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.