സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം

Saturday 16 March 2019 1:19 am IST

കൊച്ചി: കത്തോലിക്ക സഭയിലെ കന്യാസ്ത്രീ ലൂസി കളപ്പുരയ്ക്കലിന് സന്ന്യാസി സമൂഹം സ്വയം വിട്ടുപോകാന്‍ സഭയുടെ അന്ത്യശാസനം. മഠത്തിന്റെ മത ചിട്ടവട്ടങ്ങളില്‍ കഴിയണമെങ്കില്‍ കാനോന്‍ നിയമങ്ങള്‍ അനുസരിക്കണമെന്നും മുമ്പ് നല്‍കിയ 12 വിശദീകരണക്കത്തുകള്‍ക്ക് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും ഫ്രാന്‍സിസ്‌കന്‍ ക്ലാരിയന്റ് കോണ്‍ഗ്രഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയ അന്ത്യശാസനത്തില്‍ പറയുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ഏപ്രില്‍ 16 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

മുന്‍ നോട്ടീസുകളിലെ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്ന പതിമൂന്നാമത്തേതില്‍, സഭയുടെ മത നിയമങ്ങള്‍ക്ക് പുറത്ത് ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കാന്‍ കാനോന്‍ നിയമങ്ങള്‍ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മതേതര സ്ഥാപനങ്ങളില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ജീവിത രീതി നയിക്കാം, എന്നാല്‍ മതജീവിതത്തില്‍ അതു പറ്റില്ലെന്ന് ചട്ടങ്ങള്‍ നിരത്തി വിശദീകരിക്കുന്നു.

പതിനേഴ് പേജ് നോട്ടീസില്‍, രാത്രിയില്‍ ആണുങ്ങള്‍ക്കൊപ്പം യാത്ര ചെയ്തു, പുറത്തുനിന്നുള്ളവരെ രാത്രി മുറിയില്‍ കയറ്റി കട്ടിലില്‍ കിടത്തി, ചാനലുകളില്‍ അഭിമുഖം നടത്തി, ഫേസ്ബുക്കില്‍ ഫോട്ടോ ചേര്‍ത്തു, മറ്റാരും ഇല്ലാത്തപ്പോള്‍ അകലെയുള്ള ചാപ്പലില്‍ രാത്രിസമയം 'കര്‍ത്താവുമായി' ഇന്റര്‍നെറ്റില്‍ സമ്പര്‍ക്കം ചെയ്തു, തുടങ്ങിയ കുറ്റങ്ങള്‍ ഈ നോട്ടീസിലും ആവര്‍ത്തിക്കുന്നു. സിസ്റ്റര്‍ കളപ്പുരയ്ക്കലിന് സഭയില്‍നിന്ന് പുറത്തേക്കുള്ള വഴി തുറന്നുകാട്ടുന്നതാണ് ഈ അന്ത്യശാസനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.