ഫ്രാന്‍സിന്റെ നീക്കം ചൈനയ്ക്കുള്ള മറുപടി

Saturday 16 March 2019 1:30 am IST

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരനേതാവ് മസൂദ് അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം കൊടുംഭീകരര്‍ക്ക് അഭയമരുളുന്ന പാക്കിസ്ഥാനെ സംരക്ഷിക്കുന്ന ചൈനയ്ക്കുള്ള ചുട്ട മറുപടി. ഇന്ത്യക്ക് മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യങ്ങള്‍ക്കും ഭീഷണിയാണ് പാക്കിസ്ഥാനും അവിടെ താവളമടിച്ചിട്ടുള്ള ഭീകരസംഘടനകളും. 

ഇത് ചൈനയ്ക്ക് അറിയാത്തതല്ല. എന്നാല്‍ ഇന്ത്യയുടെ ശത്രുവായ പാക്കിസ്ഥാനെ തുണയ്ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് ചൈന എന്നും കൈക്കൊണ്ടിട്ടുള്ള നിലപാട്. 

മുന്‍പ് മൂന്നാം തവണയാണ് ഇയാളെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നിര്‍ദേശം രക്ഷാസമതിയില്‍ ഉയര്‍ന്നത്. അന്നെല്ലാം ചൈനയാണ് പാക്കിസ്ഥാനെയും അസറിനെയും  രക്ഷിച്ചത്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല.

 ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം വിശദമായി പഠിക്കണമെന്നും അതിന് സമയം വേണമെന്നുമാണ് ഫ്രാന്‍സിന്റെ നിര്‍ദേശം വീറ്റോ ചെയ്യാനുള്ള കാരണമായി ചൈന പറയുന്നത്. ഈ സമയം കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് ചൈനയുടെ മറുപടി.

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് മസൂദ് അസര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട പ്രശ്‌നമല്ല. എണ്ണമറ്റ ആക്രമണങ്ങളിലൂടെ ഇന്ത്യയെ നിരന്തരം ഉപദ്രവിക്കുന്ന കൊടുംഭീകരന്‍ തന്നെയാണ് അസര്‍. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റാക്രമിച്ചത് അസറിന്റെ ജെയ്‌ഷെയാണ്. അന്ന് സുരക്ഷാ സൈനികര്‍ അടക്കം ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്. 

വലുതും ചെറുതുമായ നിരവധി ഭീകരാക്രമണങ്ങളാണ് രണ്ടു പതിറ്റാണ്ടിനിടെ ഇയാള്‍ നടത്തിയത്. 2016 ജനുവരിയില്‍ പത്താന്‍കോട്ടെ വ്യോമസേനാത്താവളം ആക്രമിച്ച് ഏഴ് സൈനികരെ വധിച്ചതും 2016 സപ്തംബറില്‍ ഉറിയിലെ കരസേനാ ആസ്ഥാനം ആക്രമിച്ച് 17 സൈനികരെ വധിച്ചതും അസറിന്റെ ജെയ്‌ഷെയാണ്. ഇതിന്റെ അലയടങ്ങും മുന്‍പാണ് 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ കരസേനയുടെ വാഹനവ്യൂഹം ചാവേര്‍ ആക്രമിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 40 സൈനികരാണ് വീരമൃത്യു വരിച്ചത്. 

ഇതിന്റെയെല്ലാം സൂത്രധാരനായ അസര്‍ പാക്കിസ്ഥാനില്‍ സസുഖം വാഴുകയാണ്. ഇയാളുടെ നേതൃത്വത്തില്‍ ബലാക്കോട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വലിയ ഭീകരക്യാമ്പാണ് ഫെബ്രുവരി 26ന് വ്യോമസേനാ ആയിരം കിലോ ബോംബു വര്‍ഷിച്ച് തകര്‍ത്തത്. ഇതില്‍ ഇരുനൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി വെളിപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.