നാണക്കേട് മറയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമം

Saturday 16 March 2019 4:03 am IST

ന്യൂദല്‍ഹി: ദേശീയ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ നാണക്കേട് മറയ്ക്കാന്‍ കോണ്‍ഗ്രസ്സിന്റെ വിഫല ശ്രമം. ഇത് സംബന്ധിച്ച ചോദ്യത്തിന് 'വടക്കനോ? അദ്ദേഹം വലിയ നേതാവല്ലെ'ന്നായിരുന്നു അധ്യക്ഷന്‍ രാഹുലിന്റെ മറുപടി. കൂടുതല്‍ പ്രതികരിക്കാനും രാഹുല്‍ തയാറായില്ല. 'വടക്കനോ, അതാരെ'ന്ന മറുചോദ്യവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ നേരിട്ടത്. 

20 വര്‍ഷത്തിലേറെ ദല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി കോണ്‍ഗ്രസ്സിന്റെ വിവിധ ചുമതലകള്‍ വഹിച്ച വടക്കന്‍ ബിജെപിയിലെത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെ ദേശീയതലത്തില്‍ തങ്ങളുടെ മുഖമായിരുന്ന നേതാവ് പാര്‍ട്ടി മാറുമെന്നതിന്റെ സൂചന ലഭിക്കാത്തതും അവരെ അമ്പരപ്പിച്ചു. ഇനിയും ഇത്തരം കൂടുമാറ്റമുണ്ടാകുമോയെന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡ്. 

വര്‍ഷങ്ങളോളം ദേശീയ വക്താവായിരുന്ന വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് ക്ഷീണമാണെങ്കിലും വലിയ പ്രാധാന്യം നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. വിഷയത്തെ ലഘൂകരിച്ച് നാണക്കേട് മറയ്ക്കാനാണ് നീക്കം. വടക്കന്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചത് വലിയ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയത്. വടക്കന്‍ വലിയ നേതാവല്ലെങ്കില്‍ ആരാണ് കോണ്‍ഗ്രസ്സിലെ വലിയ നേതാവെന്ന് ബിജെപി എംപി രാകേഷ് സിന്‍ഹ ചോദിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.