കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നേതാക്കളുടെ കൂട്ടപിന്മാറ്റം ചര്‍ച്ചയാവും

Saturday 16 March 2019 4:08 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇടുക്കിയിലും വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടുക്കിയില്‍ ജോസഫിനെ മത്സരിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ജോസഫ് യുഡിഎഫില്‍ തന്നെ നില്‍ക്കണമെന്ന് ആഗ്രഹമുണ്ട്. ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതിനപ്പുറം തീരുമാനം ഉണ്ടായിട്ടില്ല. വടകരയില്‍ പി. ജയരാജനെതിരെ കെ.കെ. രമയെ പൊതുസ്ഥാനാര്‍ഥിയാക്കുമെന്നത് വാര്‍ത്തകള്‍ മാത്രമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കിയില്‍ മാത്യു കുഴല്‍നാടന്‍, ജോസഫ് വാഴക്കന്‍, ഡീന്‍ കര്യാക്കോസ് എന്നിവരുടെ പേരുകളാണുള്ളത്.  

സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി യോഗം ഇന്നലെ വൈകിട്ട് ദല്‍ഹിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ പിന്മാറുന്നത് ജയസാധ്യതയെ ബാധിക്കുമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. ഏറെ ദിവസത്തെ ചര്‍ച്ചക്ക് ശേഷം കെ.സി. വേണുഗോപാല്‍ പിന്മാറിയത് പരാജയഭീതി കാരണമാണെന്ന് വ്യഖ്യാനിക്കപ്പെട്ടതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതയും പറയുന്നുണ്ട്.

തൃശൂരില്‍ ടി.എന്‍. പ്രതാപന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ ഏറെക്കുറെ ഉറപ്പിച്ചതായാണ് വിവരം. എറണാകുളത്ത് സിറ്റിംഗ് എംപിയായ കെ.വി. തോമസിന് പകരം ഹൈബി ഈഡന്റെ പേരും ഉയരുന്നുണ്ട്. തോമസിനെ ഇന്നലെ ചര്‍ച്ചകള്‍ക്കായി ദല്‍ഹിക്ക് വിളിപ്പിച്ചു. പത്തനംതിട്ടയില്‍ ആര് വേണമെന്നതും കീറാമുട്ടിയായി തുടരുകയാണ്. സിറ്റിംഗ് എംപി ആന്റോ ആന്റണിക്കെതിരെ ജില്ലാ ഘടകം എതിര്‍പ്പുന്നയിച്ചിരുന്നു. ഇവിടെ പി.സി. വിഷ്ണുനാഥിനെ പരിഗണിക്കുന്നതായാണ് ഒടുവില്‍ വിവരം. ഇതല്ലെങ്കില്‍ ആലപ്പുഴയിലോ കാസര്‍കോട്ടോ അദ്ദേഹം മത്സരിച്ചേക്കും. വയനാട് ലക്ഷ്യമിടുന്ന സിദ്ദിഖ് അവിടെ വേണുഗോപാല്‍ എത്തിയാല്‍ വടകരക്ക് മാറും. 

സോളാര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട എംഎല്‍എമാരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാതിരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. സാധ്യതാ പട്ടികയില്‍ ഇവരുടെ പേര് വന്നപ്പോഴാണ് കേസെടുത്തത്. രണ്ടോ മൂന്നോ ആളുകള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെപ്പോലെ പ്രാദേശിക കക്ഷിയല്ല. ദേശീയ പാര്‍ട്ടികള്‍ക്ക് അതിന്റേതായ നടപടികളുണ്ട്. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് നേരത്തെ തോല്‍ക്കുന്നത് സിപിഎമ്മിന്റെ ശൈലിയാണ്, അദ്ദേഹം പരിഹസിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.