ലോകം ബലാക്കോട്ടില്‍ 'മുങ്ങിയപ്പോള്‍' മ്യാന്‍മര്‍ അതിര്‍ത്തിയിലും സൈന്യം ഭീകര ക്യാമ്പുകള്‍ തകര്‍ത്തു

Saturday 16 March 2019 4:09 am IST

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയും ലോകം ഇളക്കി മറിച്ച സമയത്ത് കരസേനയും വലിയൊരു ഓപ്പറേഷനിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.  കരസേനയും മ്യാന്‍മര്‍ സൈന്യവും ചേര്‍ന്ന് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭീകരരെ തുരത്താനുള്ള വന്‍ തിരിച്ചടിയില്‍ മുഴുകിയിരിക്കുകയായിരുന്നു. അരക്കന്‍ ആര്‍മിയെന്ന ഭീകര സംഘടനയുടെ അനവധി ക്യാമ്പുകള്‍ തകര്‍ത്തു, നിരവധി ഭീകരരെയും കൊന്നു. 

മിസോറാമിന് തെക്ക് അതിര്‍ത്തിക്കടുത്ത് മ്യാന്‍മറില്‍ 'ദ അരക്കന്‍' ആര്‍മിയെന്ന ഭീകരഗ്രൂപ്പ് താവളങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്ന് ഇവരെ തുരത്താന്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ഇരുസൈന്യങ്ങളുടെയും മിന്നലാക്രമണം നടന്നത്. 

ഭീകരസംഘടനയെന്ന് മ്യാന്‍മര്‍ പ്രഖ്യാപിച്ച കാച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയാണ് അരക്കന്‍ ആര്‍മിയെന്ന മറ്റൊരു ഭീകര സംഘടന രൂപീകരിച്ച് അതിര്‍ത്തി മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മ്യാന്‍മറിലെ സിത്‌വേ തുറമുഖത്തെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന കാലാദന്‍ റോഡ് പദ്ധതി ഈ ഭീകരരുടെ ഭീഷണിയിലായിരുന്നു. ഈ പദ്ധതിയെ അരക്കന്‍ ആര്‍മി ലക്ഷ്യമിട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവരെ തുരത്താന്‍ സൈന്യം പദ്ധതിയിട്ടത്. ഇന്ത്യന്‍ മ്യാന്‍മര്‍ സൈന്യങ്ങള്‍ ചേര്‍ന്ന് വന്‍തോതിലുള്ള ഓപ്പറേഷനാണ് നടത്തിയത്. മിസോറാമിനടുത്ത്് തുടങ്ങിയ ഭീകരരുടെ പുതിയ ക്യാമ്പുകളായിരുന്നു ആദ്യ ലക്ഷ്യം. 

നാഗാ ഭീകരരായ എന്‍എസ്‌സിഎന്‍(കെ) ആയിരുന്നു രണ്ടാമത്തെ ലക്ഷ്യം. അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെ വരെയുള്ള അവരുടെ താവളങ്ങള്‍ സൈന്യം തകര്‍ത്തു. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഏറ്റവും വലിയ ആക്രമണമാണ് രണ്ടാഴ്ച കൊണ്ട് നടത്തിയത്. ഹെലിക്കോപ്ടറുകളും ഡ്രോണുകളും മറ്റു നിരീക്ഷണ ഉപകരങ്ങളും വന്‍തോതില്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കരസേനയുടെ പ്രത്യേക വിഭാഗവും ആസാം റൈഫിള്‍സും മറ്റും പങ്കാളികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.