ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

Saturday 16 March 2019 4:29 am IST

ന്യൂദല്‍ഹി: വിവാദമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ പേസ് ബൗളറും മലയാളിയുമായ എസ്. ശ്രീശാന്തിന് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. മൂന്ന് മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ വാദം കേട്ട് ശിക്ഷാ കാലാവധി പുനര്‍ നിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട കോടതി കടുത്ത ശിക്ഷയായ ആജീവനാന്ത വിലക്ക് എല്ലാ കേസുകളിലും നല്‍കരുതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനാല്‍ ശിക്ഷ ഒഴിവാക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. 

വിധി വലിയ ആശ്വാസം പകരുന്നുവെന്നും ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പ്രതികരിച്ചു. 2013-ല്‍ നടന്ന വാതുവെപ്പ് കേസില്‍ ആറ് വര്‍ഷമായി ബിസിസിഐയുടെ വിലക്ക് തുടര്‍ന്നുവരികയാണ്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാട്യാല ഹൗസ് കോടതി 2015 ഏപ്രില്‍ 20ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ നിലപാട് മാറ്റിയില്ല. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് വിധി ശ്രീശാന്തിന് എതിരായി. ഇതിനെതിരെ 2018 ജനുവരിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധിയുണ്ടായത്. ആറ് വര്‍ഷം വിലക്ക് നേരിട്ടതിനാല്‍ ശിക്ഷ പുനര്‍നിര്‍ണയിച്ചാലും കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് പത്ത് ലക്ഷം രൂപ വാങ്ങി റണ്‍സ് വിട്ടുനല്‍കിയെന്നായിരുന്നു ആരോപണം. രാജസ്ഥാന്‍ റോയല്‍സ് രണ്ട് വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയതെന്നും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത് നീതിനിഷേധമാണെന്നും ശ്രീശാന്ത് കോടതിയില്‍ പറഞ്ഞു. കുറ്റം സമ്മതിപ്പിക്കുന്നതിനായി ദല്‍ഹി പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്കുള്ളതിനാല്‍ പങ്കെടുക്കാനാകുന്നില്ല, അദ്ദേഹം വിശദീകരിച്ചു. ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിസിസിഐയുടെ നടപടി ശരിവെച്ച സുപ്രീംകോടതി, എന്നാല്‍ ആജീവനാന്ത വിലക്ക് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.