ക്രൂരമായ ലഹരിക്കൊലകള്‍; പോലീസും എക്‌സൈസും നോക്കുകുത്തി

Saturday 16 March 2019 4:31 am IST

തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ട്  സംഘ ംചേര്‍ന്ന് നടത്തുന്ന കൊലപാതകങ്ങള്‍  സംസ്ഥാനത്ത് വര്‍ധിക്കുന്നു. തലസ്ഥാന ജില്ലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ടു യുവാക്കള്‍.  അക്രമികളില്‍ പിടിയിലായവരെല്ലാം യുവാക്കള്‍. മയക്കുമരുന്ന്- ലഹരി സംഘങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാതെ പോലീസും എക്‌സൈസും. 

 കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലസ്ഥാനത്ത് ലഹരിസംഘങ്ങളുടെ കുടിപ്പകയിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത് അനന്തു, ശ്യാം എന്നീ ചെറുപ്പക്കാര്‍. കൈയിലെയും കാലിലെയും മാംസം അറുത്തുമാറ്റി അതിക്രൂരമായി മര്‍ദിച്ചാണ്, ചൊവ്വാഴ്ച കാഞ്ചിറ വിള അനന്തു ഭവനില്‍  അനന്തു ഗിരീഷി(21)നെ കൊലപ്പെടുത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മൂന്നുമണിക്കൂറുകളോളം പതിനൊന്നു പേരുടെ സംഘം അനന്തുവിന്റെ തലയ്ക്ക് കരിക്കും കല്ലും ഉപയോഗിച്ച് അടിച്ചു.  പോലീസ് മേധാവിയുടെ ഓഫീസിന് വിളിപ്പാടകലെ ഹൈവേയ്ക്ക് സമീപം പോലീസിന്റെ മൂക്കിന്‍തുമ്പിലായിരുന്നു കൊലപാതകം. അനന്തുവിനെ തട്ടിക്കൊണ്ട് പോയ ഉടന്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും മയക്കുമരുന്ന് സംഘത്തിന്റെ നഗരഹൃദയത്തിലെ താവളം കണ്ടെത്താന്‍ പോലും പോലീസിനായില്ല. 

തൊട്ടടുത്ത ദിവസം ബുധനാഴ്ച രാത്രിയില്‍ മയക്കുമരുന്ന് സംഘാംഗങ്ങള്‍ തമ്മിലടിച്ചത് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന് തൊട്ടടുത്താണ്. ഇവരെ പിന്തിരിപ്പിക്കുന്നതിനിടയില്‍ പടിഞ്ഞാറെക്കോട്ട പുന്നപുരം സ്വദേശി ശ്യാം (28) പൊട്ടിയകുപ്പികൊണ്ടുള്ള കുത്തേറ്റ് മരിച്ചു. ചിറയിന്‍കീഴില്‍ വച്ച് കഴക്കൂട്ടം സ്വദേശിയായ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.