എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുമോ?

Saturday 16 March 2019 4:37 am IST

ന്യൂദല്‍ഹി: മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണ നിഷേധിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ചെന്നിത്തല ഒഴിഞ്ഞുമാറി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അതൊക്കെ പിന്നെ സംസാരിക്കാമെന്നും സിപിഎം ആഗ്രഹിക്കുന്ന മറുപടിക്ക് ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറഞ്ഞ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി. കോണ്‍ഗ്രസ്സിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഒളിച്ചോട്ടം. 

? പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതില്‍ എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാട്

ഇ.ടി. മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.  ഞങ്ങള്‍ മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്ന് പോരാടുന്ന മുന്നണിയാണ്. അതില്‍ വിട്ടുവീഴ്ചയില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ സിപിഎം ഇത്തരത്തിലുള്ള ഉണ്ടയില്ലാ വെടികള്‍ പുറത്തുകൊണ്ടുവരും. 

? ലീഗ് നിഷേധിച്ചെങ്കിലും രാഷ്ട്രീയ ചര്‍ച്ച നടന്നതായി എസ്ഡിപിഐ സമ്മതിച്ചിട്ടുണ്ട്

അതെല്ലാം ലീഗ് വളരെ വ്യക്തമായി പറഞ്ഞല്ലോ. എസ്ഡിപിഐയുമായി കൂട്ടുകൂടേണ്ട സാഹചര്യം അവിടെയില്ലെന്നാണ് ലീഗ് പറഞ്ഞിട്ടുള്ളത്. 

? അവരുടെ വോട്ട് വേണ്ടെന്ന് പറയുമോ

സിപിഎം പറയുന്നതിനനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കണോ. അവരെന്തെങ്കിലും ഉണ്ടയില്ലാവെടി പൊട്ടിച്ചതിന് പുറകെ ഞങ്ങള്‍ പോകേണ്ടതില്ല. മതേതര നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകും

? എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നാണ് അപ്പോള്‍ നിലപാട് 

 അതൊക്കെ പിന്നെ സംസാരിക്കാം. സിപിഎമ്മിന്റെ അജണ്ട നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ വെക്കണ്ട. സിപിഎം ആഗ്രഹിക്കുന്ന മറുപടിക്ക് ഞങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കണ്ട.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.