കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ല: മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

Saturday 16 March 2019 11:41 am IST

വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കിയില്ലെന്ന പേരില്‍ ക്ഷേത്ര മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലാണ് മന്ത്രിക്ക് പ്രസാദം നല്‍കാത്തതിനെ തുടര്‍ന്ന മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്പൂതിരിയെ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് 25നാണ് സംഭവം നടന്നത്. ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മേല്‍ശാന്തിക്കെതിരെ നടപടി സ്വീകരിക്കുന്നത്.  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രം.

ഉത്സവത്തോടനുബന്ധിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വള്ളിയൂര്‍ക്കാവില്‍ ക്ഷേത്രദര്‍ശനത്തിയത്. ദീപാരാധനയോടനുബന്ധിച്ച് ക്ഷേത്ര മേല്‍ശാന്തിയായ ശ്രീജേഷ് നമ്പൂതിരി നടയടച്ചു. തുടര്‍ന്ന് നടതുറക്കുന്നത് കാത്തു നില്‍ക്കാതെ മന്ത്രി മടങ്ങി. മന്ത്രിക്ക് പ്രസാദം നല്‍കാതെ തിരിച്ചയച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീജേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

ദേവസ്വം ബോര്‍ഡ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ക്ഷേത്ര മാനേജ്മെന്റ് അറിയിച്ചു. അതേസമയം മന്ത്രി ദര്‍ശനത്തിന് വന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ഉത്സവവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ക്ഷേത്ര നട അടച്ചത്. അതിനു ശേഷമാണ് മന്ത്രി എത്തിയെന്ന് അറിഞ്ഞത്. എന്നാല്‍ അനുഷ്ഠാനങ്ങള്‍ എതിരാകുമെന്നതിനാല്‍ അപ്പോള്‍ നട തുറക്കാന്‍ കഴിയുമായിരുന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. 

എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.  പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.