നമ്പി നാരായണന് പത്മഭൂഷണ്‍ സമ്മാനിച്ചു

Saturday 16 March 2019 1:18 pm IST

ന്യൂദല്‍ഹി: ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും, പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് ഇരുവരും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. 

പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണമാണ് ശനിയാഴ്ച നടന്നത്. നമ്പി നാരായണന്‍ പത്മഭൂഷണും, കെ.കെ. മുഹമ്മദ് പത്മശ്രീയുമാണ് ഏറ്റുവാങ്ങിയത്. ഇതോടൊപ്പം നാടന്‍ പാട്ടുകാരി തേജന്‍ ബായ്, ഭക്ഷ്യ സംസ്‌കരണ കമ്പനിയായ എംഡിഎച്ചിന്റെ ഉടമ മഹാഷായ് ദരംപാല്‍ ഗുലാത്തി, നടന്‍ മനോജ് ബാജ്പേയ്, തബല വിദ്വാന്‍ സ്വപന്‍ ചൗധരി, ഫുട്ബാള്‍ താരം സുനില്‍ ഛേത്രി, അമ്പെയ്ത് താരം ബൊംബയ്‌ല ദേവി ലയ്ഷ്രം, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, പൊതുപ്രവര്‍ത്തകന്‍ എച്ച്.എസ്. ഫൂഡ, ബാസ്‌കറ്റ് ബാള്‍ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവരും പത്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 

112 പുരസ്‌കാര ജേതാക്കളില്‍ 56 പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 11ന് നടന്ന ചടങ്ങില്‍ കൈമാറിയിരുന്നു. നടന്‍ മോഹന്‍ലാല്‍, സംവിധായകനും നടനുമായ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ തന്നെ അവാര്‍ഡ് കൈപ്പറ്റിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.